മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നു; ഏക്‌നാഥ് ഷിന്‍ഡെ ഗോവയിലും ദേവേന്ദ്ര ഫഡ്‌നാവിസ് മുംബൈയിലും പ്രത്യേക യോഗം ചേര്‍ന്നു
national news
മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നു; ഏക്‌നാഥ് ഷിന്‍ഡെ ഗോവയിലും ദേവേന്ദ്ര ഫഡ്‌നാവിസ് മുംബൈയിലും പ്രത്യേക യോഗം ചേര്‍ന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 30th June 2022, 2:51 pm

മുംബൈ: മഹാരാഷ്ട്രയില്‍ പുതിയ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച ചര്‍ച്ചകള്‍ അണിയറയില്‍ ചൂടുപിടിക്കുന്നു.

മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ മുംബൈയിലെ സാഗര്‍ ബംഗ്ലാവില്‍ വെച്ച് ബി.ജെ.പിയുടെ കോര്‍ കമ്മിറ്റി യോഗം നടക്കുകയാണ്.

ഉദ്ധവ് താക്കറെ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും രാജി വെച്ചതോടെയാണ് സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ സജീവമായത്.

ശിവസേനാ വിമത നേതാവ് ഏക്‌നാഥ് ഷിന്‍ഡെ സര്‍ക്കാര്‍ രൂപീകരണ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഗോവയിലും യോഗം ചേര്‍ന്നിരുന്നു. ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേനാ വിമത നേതാക്കള്‍ ഗോവയില്‍ നിന്നും ഇപ്പോള്‍ മുംബൈയിലെത്തിയിട്ടുണ്ട്.

മന്ത്രിസ്ഥാനങ്ങള്‍ വിഭജിക്കുന്നത് സംബന്ധിച്ചുള്ള അഭ്യൂഹങ്ങളെക്കുറിച്ചും ഷിന്‍ഡെ പ്രതികരിച്ചിട്ടുണ്ട്. ഇതുവരെ ബി.ജെപിയുമായി ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്ന് പറഞ്ഞ ഷിന്‍ഡെ വൈകാതെ ചര്‍ച്ച നടത്താനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല.

”ഏതൊക്കെ, എത്രയൊക്കെ മന്ത്രിസ്ഥാനങ്ങള്‍ എന്നത് സംബന്ധിച്ച് ബി.ജെ.യുമായി ചര്‍ച്ച നടത്തിയിട്ടില്ല. പക്ഷെ അത് ഉടനെ ഉണ്ടാകും. അതുവരെ മന്ത്രിസ്ഥാനം സംബന്ധിച്ച് പുറത്തുവരുന്ന ലിസ്റ്റുകളിലും അഭ്യൂഹങ്ങളിലും വിശ്വസിക്കരുത്,” എന്നായിരുന്നു ഷിന്‍ഡെ ട്വീറ്റ് ചെയ്തത്.

ശിവസേന സ്ഥാപകന്‍ ബാലാസാഹെബ് താക്കറെയുടെ ഹിന്ദുത്വ ഐഡിയോളജി തന്നെ തുടരുക എന്നതിലാണ് തങ്ങളുടെ പാര്‍ട്ടിയുടെ ശ്രദ്ധ എന്നും ഷിന്‍ഡെ പറഞ്ഞു.

അതേസമയം, രാജി വെക്കുന്നതിന് തൊട്ടുമുമ്പായി ഔറംഗാബാദ്, ഒസ്മാനാബാദ് എന്നീ നഗരങ്ങളുടെ പേരുകള്‍ മാറ്റിക്കൊണ്ട് ഉദ്ധവ് താക്കറെ സര്‍ക്കാര്‍ ഉത്തരവിറക്കിയത് വിവാദമായിട്ടുണ്ട്.

ഔറംഗാബാദിന്റേത് പേര് സാംബാജി നഗര്‍ എന്നും ഒസ്മാനാബാദിന്റേത് ധാരാശിവ് എന്നുമാണ് മാറ്റിയത്. രാജി വെക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പായിരുന്നു ഉദ്ധവ് താക്കറെ ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.

തന്റെ മറാത്ത- ഹിന്ദുത്വ ഐഡിയോളജി വെളിപ്പെടുത്താനുള്ള ഉദ്ധവ് താക്കറെയുടെ നീക്കമായാണ് ഈ തീരുമാനം വിലയിരുത്തപ്പെടുന്നത്.

Content Highlight: BJP core committee meeting underway to decide Maharashtra govt formation