ചെന്നൈ: യു.പിയിലെ ഹാത്രാസില്‍ ദളിത് പെണ്‍കുട്ടിയെ ക്രൂരബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെ ന്യായീകരിച്ച് തമിഴ്‌നാട് ബി.ജെ.പി ഐ.ടി സെല്‍ തലവന്‍ നിര്‍മ്മല്‍ കുമാര്‍.
മുഖം മറയ്ക്കാതെ സ്ട്രച്ചറില്‍ പരിക്കുകളോടെ കിടക്കുന്ന പെണ്‍കുട്ടിയുടെ വീഡിയോ പങ്കുവെച്ചാണ് ബി.ജെ.പി നോതാവ് വിവാദപരാമര്‍ശം നടത്തിയത്. പെണ്‍കുട്ടിയുടെ നാക്ക് മുറിച്ചുകളഞ്ഞിട്ടില്ലെന്നും വീഡിയോയില്‍ ബലാത്സംഗത്തെക്കുറിച്ച് ഒന്നും പറയുന്നില്ലെന്നുമാണ് നിര്‍മ്മല്‍ കുമാര്‍ പറഞ്ഞത്.
നിരപരാധികളെ ഉപയോഗിച്ച് ‘ഇറ്റാലിയന്‍മാഫിയ’ വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണെന്നും ഇയാള്‍ ആരോപിച്ചു. എന്നാല്‍ നിര്‍മ്മല്‍ കുമാര്‍ പങ്കുവെച്ച പെണ്‍കുട്ടിയുടെ വീഡിയോ വ്യാജമാണെന്ന് കണ്ടെത്തി. ഹാത്രാസിലെ പെണ്‍കുട്ടിയുടേതെന്ന പേരില്‍ ഇയാള്‍ പ്രചരിപ്പിച്ച വീഡിയോ ഛത്തീസ്ഗഢിലെ ആശുപത്രിയില്‍ ചികിത്സാപിഴവ് മൂലം മരിച്ച പെണ്‍കുട്ടിയുടേതാണ്.
ഹാത്രാസില്‍ സെപ്തംബര്‍ 14നായിരുന്നു 19 വയസ്സുള്ള ദളിത് പെണ്‍കുട്ടി ആക്രമത്തിനിരയായത്. വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള തീറ്റ ശേഖരിക്കാന്‍ പോയ സമയത്താണ് നാല് പേര്‍ ചേര്‍ന്ന് കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചതെന്ന് കുടുംബം പറഞ്ഞിരുന്നു. കുട്ടിയെ കാണാതായതോടെ കുടുംബാംഗങ്ങള്‍ പ്രദേശം മുഴുവന്‍ തെരച്ചില്‍ നടത്തി. ഒടുവില്‍ ആളൊഴിഞ്ഞ സ്ഥലത്ത് അവശനിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു.
ക്രൂരമായി ആക്രമിക്കപ്പെട്ട പെണ്‍കുട്ടി ചൊവ്വാഴ്ചയാണ് മരിച്ചത്. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ മൃതദേഹം പൊലീസ് നിര്‍ബന്ധിച്ച് സംസ്‌കരിച്ചത് വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു.
ദളിത് പെണ്‍കുട്ടി ക്രൂരമായി ആക്രമണങ്ങള്‍ക്കിരയായെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും വന്നിരുന്നു. നട്ടെല്ല് ആക്രമണത്തില്‍ തകര്‍ന്നതായും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. പെണ്‍കുട്ടിയെ അവസാനമായി ചികിത്സിച്ച ദല്‍ഹിയിലെ ആശുപത്രിയിലാണ് പോസ്റ്റ്മോര്‍ട്ടം നടന്നത്.
പെണ്‍കുട്ടിയുടെ നട്ടെല്ലിന് കാര്യമായി അപകടമാണ് സംഭവിച്ചതെന്നും ക്ഷതം സംഭവിച്ച സ്ഥലത്ത് രക്തസ്രാവമുണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക