| Sunday, 26th March 2023, 8:51 am

'100 കോടിയുടെ ആസ്ഥാന മന്ദിരം'; നിര്‍മാണത്തിനൊരുങ്ങി മധ്യപ്രദേശ് ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: മധ്യപ്രദേശില്‍ നൂറ് കോടി ചെലവില്‍ പാര്‍ട്ടി ആസ്ഥാന മന്ദിരം നിര്‍മിക്കാനൊരുങ്ങി ബി.ജെ.പി സര്‍ക്കാര്‍. മന്ദിരത്തിന്റെ നിര്‍മാണപ്രവര്‍ത്തികള്‍ക്ക് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ ഇന്ന് തറക്കല്ലിടുമെന്നും തുടര്‍ന്ന് പാര്‍ട്ടി പ്രവര്‍ത്തകരുടെ സംയുക്ത സമ്മേളനത്തില്‍ പങ്കെടുക്കുമെന്നും മധ്യപ്രദേശ് ബി.ജെ.പി ഘടകം അറിയിച്ചതായി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

1.15 ലക്ഷം സ്‌ക്വയര്‍ ഫീറ്റില്‍ നിര്‍മിക്കുന്ന പത്ത് നില കെട്ടിടമാണ് പുതിയതായി നിര്‍മിക്കാനൊരുങ്ങുന്നത്. ഭോപ്പാലിന്റെ ഹൃദയ ഭാഗത്തായാണ് പുതിയ കെട്ടിടത്തിന് ഭൂമി ഏറ്റെടുത്തിരിക്കുന്നത്.

അത്യാധുനിക സൗകര്യങ്ങളോടെ പണി കഴിപ്പിക്കുന്ന കെട്ടിടത്തില്‍ ആയിരം പേരെ ഒരേ സമയം ഉള്‍ക്കൊള്ളാന്‍ പാകത്തില്‍ ഇന്‍ഡോര്‍ ഓഡിറ്റോറിയവും പണികഴിപ്പിക്കുന്നതായി പ്രാദേശിക ബി.ജെ.പി നേതാവ് പറഞ്ഞതായും ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

പുതുതായി പണികഴിപ്പിക്കുന്ന പത്ത് നില കെട്ടിടത്തില്‍ മൂന്ന് പ്രധാന ഭാഗങ്ങളാണുള്ളത്. സങ്കല്‍പ് സങ്കുള്‍ എന്നറിയപ്പെടുന്ന പ്രധാന ഓഫീസും സമര്‍പ്പണ്‍ സങ്കുള്‍ എന്നറിയപ്പെടുന്ന മുതിര്‍ന്ന നേതാക്കള്‍ക്കായുള്ള വസതികളും പണി കഴിപ്പിക്കുന്നുണ്ട്.

അതോടൊപ്പം ജീവനക്കാര്‍ക്ക് താമസിക്കാനായി സഹ്യോഗ് സങ്കുള്‍ എന്ന പേരില്‍ മറ്റൊരു ഭാഗവും നിര്‍മിക്കാനാണ് പദ്ധതി. കൂട്ടത്തില്‍ ആയിരം പേര്‍ക്ക് ഒരേസമയം യോഗം ചേരാനുള്ള ഓഡിറ്റോറിയവും ഇതിനകത്തുണ്ടാവും,’ ബി.ജെ.പി നേതാവ് പറഞ്ഞു.

പൂര്‍ണമായും ഗ്രീന്‍ എനര്‍ജിയില്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍  400 കാറുകള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമാണ് ഏര്‍പ്പെടുത്തുന്നത്. രാജ്യത്തെ എല്ലാ ജില്ലകളിലും പാര്‍ട്ടി ഓഫീസുകള്‍ പുതുക്കി പണിയണമെന്ന കേന്ദ്ര മന്ത്രി അമിത് ഷായുടെ നിര്‍ദേശ പ്രകാരമാണ് കെട്ടിടം നിര്‍മിക്കുന്നതെന്ന് ബി.ജെ.പി നേതാവ് വി.ഡി ശര്‍മ പറഞ്ഞു. ഇതിനായി 1991 രണ്ട് കോടി മുടക്കി നിര്‍മിച്ച പഴയ കെട്ടിടം പൊളിച്ച് മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പുതിയ ബില്‍ഡിങ്ങിന്റെ നിര്‍മാണത്തിനായി പദ്ധതികള്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. ഇന്ന് ജെ.പി നദ്ദ പുതിയ കെട്ടിടത്തിന് തറക്കല്ലിടുന്നതോടെ പ്രവര്‍ത്തികള്‍ ആരംഭിക്കും. ഒന്നര വര്‍ഷത്തിനുള്ളില്‍ പുതിയ മന്ദിരത്തിന്റെ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്,’ വി.ഡി ശര്‍മ പറഞ്ഞതായി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: BJP constructing 100 cr building in madhyapradesh

We use cookies to give you the best possible experience. Learn more