അഹമ്മദാബാദ്: തെരഞ്ഞെടുപ്പിന് മുന്‍പ് കോണ്‍ഗ്രസ് സഖ്യ ചര്‍ച്ചകളില്‍ കൃത്യമായി ശ്രദ്ധിച്ചിരുന്നെങ്കില്‍ ബി.ജെ.പി ആറാം തവണയും അധികാരത്തില്‍ വരുന്നത് തടയാമായിരുന്നെന്ന് ചില മണ്ഡലങ്ങളിലെ ഫലം സൂചിപ്പിക്കുന്നു. ബി.എസ്.പിയും എന്‍.സി.പിയും ആം ആദ്മിയും അടക്കം ഒപ്പമുണ്ടായിരുന്നെങ്കില്‍ ഗുജറാത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമായിരുന്നു.
എട്ടു മണ്ഡലങ്ങളില്‍ ബി.ജെ.പി നേരിയ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. ഈ മണ്ഡലങ്ങളില്‍ ബി.എസ്.പി, എന്‍.സി.പി, ആം ആദ്മി തുടങ്ങിയ കക്ഷികള്‍ നേടിയ വോട്ടുകള്‍ ഈ ഭൂരിപക്ഷത്തെ മറികടക്കാനുള്ള വോട്ടുകള്‍ നേടിയിട്ടുണ്ട്.
ബോട്ടഡ് മണ്ഡലത്തില്‍ ബി.ജെ.പിയുടെ ഭൂരിപക്ഷം 1523 വോട്ടുകളാണ്. ബി.ജെ.പി സ്ഥാനാര്‍ഥി 75942 വോട്ടുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസിന് 74419 വോട്ടുകള്‍ ലഭിച്ചു. എന്നാല്‍ ഇവിടങ്ങളില്‍ എന്‍.സി.പിയും ആം ആദ്മിയും ബി.എസ്.പിയും കൂടി നേടിയത് 1841 വോട്ടുകള്‍. ദോല്‍ക്ക മണ്ഡലത്തില്‍ ബി.ജെ.പിയുടെ ഭൂരിപക്ഷം വെറും 327 ആണ്. ഇവിടെ ബിഎസ്.പി നേടിയത് 3139 വോട്ടും എന്‍.സി.പി 1798 വോട്ടുകളുമാണ്.
ബി.ജെ.പി 3728 വോട്ടിന്റെ ഭൂരിപക്ഷം നേടിയ ഫത്തേപൂരയില്‍ എന്‍.സി.പി 2677 വോട്ടും, ബി.എസ്.പി 1139 വോട്ടും ജെ.ഡി.യു 1910 വോട്ടുമാണ് നേടിയത്. പോര്‍ബന്തറില്‍ ബി.ജെ.പിയ്ക്ക് 72430 ഉം കോണ്‍ഗ്രസ് 70575 വോട്ടുകളും ലഭിച്ചു. 1,855 വോട്ടുകളുടെ ഭൂരിപക്ഷം. ബി.എസ്.പി 4337 വോട്ടുകള്‍ നേടി.
പ്രാന്റിജ് മണ്ഡലത്തില്‍ ബി.ജെ.പി 79032 വോട്ടുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസിന് 74993 വോട്ടുകള്‍ ലഭിച്ചു. ഇവിടെ എന്‍.സി.പി 3115 വോട്ടും ബി.എസ്.പി 1020 വോട്ടുകളും നേടി. ഉംറേത്തില്‍ ബി.ജെ.പി 68326 വോട്ടുകള്‍ നേടി വിജയിച്ചു. കോണ്‍ഗ്രസ് 66443 വോട്ടുകളാണ് ഇവിടെ സ്വന്തമാക്കിയത്. എന്‍.സി.പി നേടിയത് 35051 വോട്ടുകള്‍.
വിജാപൂരില്‍ ബി.ജെ.പി 72326 വോട്ടുകള്‍ സ്വന്തമാക്കി. കോണ്‍ഗ്രസ് 71162 വോട്ടുകള്‍ നേടിയപ്പോള്‍ എന്‍.സി.പി 1031 ഉം ബി.എസ്.പി 621 വോട്ടുകളും നേടി. രാജ്‌കോട്ട്
റൂറലില്‍ ബി.ജെ.പി 92114, കോണ്‍ഗ്രസ് 89935 വോട്ടുകള്‍ നേടി. 2179 വോട്ടിന്റെ ഭൂരിപക്ഷം. ബി.എസ്.പി 3323 വോട്ടുകളും എന്‍.സി.പി 880 വോട്ടുകളും ഇവിടെ സ്വന്തമാക്കി.
കോണ്‍ഗ്രസ് ഈ കക്ഷികളുമായെല്ലാം തെരഞ്ഞെടുപ്പിന് മുന്‍പ് സഖ്യസാധ്യതകള്‍ ആരാഞ്ഞിരുന്നെങ്കിലും സമവായത്തിലെത്താനായില്ലായിരുന്നു.