ബെംഗളൂരു: സംസ്ഥാനം തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുന്നതിനിടെ കര്‍ണാടകയില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയും ബി.ജെ.പിയും വാക്‌പോരുമായി ട്വിറ്ററില്‍. ബി.ജെ.പിയുടെ ആരോപണങ്ങളെ പൊളിച്ചടുക്കിയാണ് സിദ്ധരാമയ്യര്‍ ട്വിറ്ററില്‍ പ്രതികരിക്കുന്നത്.
സിദ്ധരാമയ്യ കയ്യില്‍ ഒരു ചെറുനാരങ്ങയുമായി പ്രചരണത്തിനിറങ്ങിയ ചിത്രം പോസ്റ്റു ചെയ്താണ് ബി.ജെ.പി ട്വിറ്റര്‍ പോരിന് തുടക്കം കുറിച്ചത്. അന്ധവിശ്വാസിയായ സിദ്ധരാമയ്യര്‍ അന്ധവിശ്വാസ നിരോധന നിയമം കൊണ്ടുവരുന്നുവെന്നും അദ്ദേഹം ഒരു കാപട്യക്കാരനാണെന്നുമാണ് ബി.ജെ.പിയുടെ ഔദ്യോഗിക ട്വിറ്ററിലൂടെ കുറിച്ചത്.
“കയ്യില്‍ ചെറുനാരങ്ങയും പിടിച്ച് പ്രചാരണം. പക്ഷേ ഹിന്ദു ആചാരങ്ങളെ അപമാനിക്കാനും കുറ്റവല്‍ക്കരിക്കാനും അന്ധവിശ്വാസ നിരോധന നിയമം കൊണ്ടുവരുന്നു. ഇരട്ടത്താപ്പിന്റെ പേരാണ് സിദ്ധരാമയ്യ” – ബി.ജെ.പി ട്വിറ്റര്‍ കുറിച്ചു.
പക്ഷേ അല്‍പ സമയത്തിനകം തന്നെ മറുപടിയുമായി സിദ്ധരാമയ്യ നേരിട്ട് തന്നെ രംഗത്തെത്തി. ചെറുനാരങ്ങയുമായി വരവേല്‍ക്കുന്നത് കര്‍ണാടകയിലെ രീതിയാണെന്നും അത് അന്ധവിശ്വാസമല്ലെന്നുമാണ് സിദ്ധരാമയ്യ പ്രതികരിച്ചത്. അന്ധവിശ്വാസ നിരോധന നിയമം ഹിന്ദു ആചാരങ്ങളെ അപമാനിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
“നിങ്ങളൊരു ഗ്രാമത്തില്‍ ചെന്നാല്‍, അവര്‍ നിങ്ങളെ ചെറുനാരങ്ങ നല്‍കിയാണ് സ്വീകരിക്കുക. അത് അന്ധവിശ്വാസമല്ല, എല്ലാ കര്‍ണാടകക്കാരനും അതറിയാം. അന്ധവിശ്വാസ നിരോധന ബില്‍ കര്‍ണാടകയില്‍ ഒരു നിയമമായിട്ടുണ്ട്. അത് ഹിന്ദു ആചാരങ്ങളെ അപമാനിക്കുന്നില്ല. ട്വീറ്റ് ചെയ്യുന്നതിന് മുന്‍പ് കര്‍ണാടകയെക്കുറിച്ച് പഠിക്കൂ മക്കളേ” – അദ്ദേഹം ട്വീറ്റ് ചെയ്തു.
ഇന്‍ഫോര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റ് വകുപ്പ് മന്ത്രി സ്മൃതി ഇറാനിയെയും തുടര്‍ന്നുള്ള ട്വീറ്റില്‍ സിദ്ധരാമയ്യ ട്രോള്‍ ചെയ്തു. “നിങ്ങള്‍ ഇങ്ങനെ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുകയാണെങ്കില്‍ സ്മൃതി ഇറാനി അവരുടെ ഉത്തരവ് കൊണ്ട് നിങ്ങളെ തല്ലും” എന്നായിരുന്നു അ്‌ദ്ദേഹത്തിന്റെ പരിഹാസം. കഴിഞ്ഞ ദിവസം വ്യാജ വാര്‍ത്തകള്‍ നിയന്ത്രിക്കാന്‍ എന്ന പേരില്‍ സ്മൃതി ഇറാനി പുതിയ നിയമം കൊണ്ടുവരാന്‍ ശ്രമിച്ചതിനെ സൂചിപ്പിച്ചാണ് സിദ്ധരാമയ്യയുടെ ട്രോള്‍.