കൊല്ലം: കുന്നത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കുവേണ്ടി വോട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് ബി.ജെ.പി കുന്നത്തൂര്‍ നിയോജക മണ്ഡലം കമ്മിറ്റി.
പഞ്ചായത്തിലെ ഏക ബി.ജെ.പി പഞ്ചായത്ത് അംഗത്തിന് ബി.ജെ.പി കുന്നത്തൂര്‍ നിയോജകം മണ്ഡലം പ്രസിഡന്റാണ് വിപ്പ് നല്‍കിയത്. വിപ്പിന്റെ പകര്‍പ്പ് പുറത്തായിട്ടുണ്ട്.
സി.പി.ഐ.എമ്മിന്റെ സ്ഥാനാര്‍ത്ഥി ഐവര്‍കാല ദിലീപിനെ തോല്‍പിക്കാനാണ് ബി.ജെ.പി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയത്.
നിലവിലെ പ്രാദേശിക രാഷ്ട്രീയ സാഹചര്യമനുസരിച്ച് കുന്നത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ജയസാധ്യതയൊന്നുമില്ലാത്തതിനാലും അതിലുപരി കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികളെ ചെറുത്ത് തോല്‍പ്പിക്കേണ്ട സാഹചര്യമുള്ളതിനാലും അതുകൊണ്ട് തന്നെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി വോട്ട് ചെയ്യേണ്ട സാഹചര്യമായതിനാലും ബി.ജെ.പി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു വിജയിച്ച് ഗ്രാമപഞ്ചായത്ത് അംഗമായി തീര്‍ന്ന താങ്കള്‍ കുന്നത്തൂര്‍ പ്രസാദ് എന്ന യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യണമെന്ന് ഇതിനാല്‍ വിപ്പ് നല്‍കുന്നു- ഇതായിരുന്നു വിപ്പിലെ വാചകങ്ങള്‍
ബി.ജെ.പി കുന്നത്തൂര്‍ നിയോജക മണ്ഡലം കമ്മിറ്റിക്ക് വേണ്ടി പ്രസിഡന്റ് ആര്‍. രാജേന്ദ്രപ്പിള്ള നല്‍കിയ വിപ്പാണ് ഇപ്പോള്‍ പുറത്തായത്.
തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രസാദ് ഒരു വോട്ടിന് ജയിക്കുകയും ചെയ്തു. വിപ്പ് നല്‍കാന്‍ കുന്നത്തൂര്‍ കമ്മിറ്റിക്ക് നിയമപരമായി സാധ്യമല്ല. എന്നാല്‍ ഒരു ന്യുനപക്ഷകാരന്‍ പ്രസിഡന്റാവുന്നത് തടയാനാണ് ഇങ്ങനെ ചെയ്തതെന്നായിരുന്നു ബി.ജെ.പി സംസ്ഥാന നേതൃത്വത്തെ ജില്ലാ നേതൃത്വം അറിയിച്ചത്.
അതേസമയം, തങ്ങളുടെ അനുവാദത്തോടെയല്ല, വനിതാ അംഗം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്തതെന്നാരോപിച്ച് ബി.ജെ.പി പഞ്ചായത്ത് അംഗം രേണുകയെ സസ്പന്റ് ചെയ്യ്തിരുന്നു.
എന്നാല്‍ പഞ്ചായത്തംഗത്തിനെതിരെയുള്ള കുമ്മനത്തിന്റെ സസ്പന്‍ഷന്‍ പിന്നീട് ആര്‍.എസ്എസ് നേതൃത്വം ഇടപ്പെട്ട് മരവിപ്പിക്കുകയും ചെയ്തു.
തെരഞ്ഞെടുപ്പില്‍ സി.പി.ഐ വിട്ടു നിന്നിരുന്നു. ഈ അവസരമാണ് കോണ്‍ഗ്രസും ബിജെപിയും മുതലെടുത്തത്.