|

മധ്യപ്രദേശ് തെരഞ്ഞെടുപ്പില്‍ 'രാമക്ഷേത്രം' തര്‍ക്ക വിഷയമാക്കി ബി.ജെ.പിയും കോണ്‍ഗ്രസും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അയോധ്യയിലെ രാമക്ഷേത്രം സംബന്ധിച്ച് ബി.ജെ.പിയും കോണ്‍ഗ്രസും തമ്മില്‍ തര്‍ക്കം.

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിച്ചതിന്റെ ക്രെഡിറ്റ് ഏറ്റെടുത്ത് ഭരണകക്ഷിയായ ബി.ജെ.പി ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് മധ്യപ്രദേശില്‍ തര്‍ക്കം ആരംഭിച്ചത്.

ഏതാനും ദിവസം മുമ്പ് ബി.ജെ.പി പ്രചാരണത്തിന് മതചിഹ്നങ്ങള്‍ ഉപയോഗിക്കുന്നു എന്ന് ആരോപിച്ച് ഇന്ദോര്‍ കോണ്‍ഗ്രസ് ഘടകം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു.

ഈ പരാതിയില്‍ രാമക്ഷേത്രത്തിന്റെ ചിത്രവും മറ്റും ബി.ജെ.പി ഉപയോഗിക്കുന്നതായി ആരോപിച്ചിരുന്നു. തുടര്‍ന്ന് ബി.ജെ.പി നേതാക്കള്‍ കോണ്‍ഗ്രസിന്റെ പരാതി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് കോണ്‍ഗ്രസ് രാമവിരുദ്ധ നിലപാടുള്ള പാര്‍ട്ടിയാണെന്ന് ആരോപിച്ചു.

ശ്രീരാമനും ഹിന്ദുത്വത്തിനും സനാതനധര്‍മ്മത്തിനും എതിരാണ് കോണ്‍ഗ്രസിന്റെ അടിസ്ഥാനസ്വഭാവമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ വി .ഡി ശര്‍മ ശനിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

രാമക്ഷേത്രനിര്‍മ്മാണം കോണ്‍ഗ്രസിന്റെ വേദനയായി മാറിയെന്ന് ബി.ജെ.പി പറയുമ്പോള്‍ ബി.ജെ.പി രാമഭക്തിയില്‍ നിന്ന് വഴിമാറുകയാണെന്ന് കോണ്‍ഗ്രസും ആരോപിച്ചു. രാമക്ഷേത്രം എല്ലാവര്‍ക്കും അവകാശപ്പെട്ടതാണെന്ന് മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍നാഥ് പറഞ്ഞു.

‘നിങ്ങളും ഇത്തരം ബോര്‍ഡുകള്‍ സ്ഥാപിക്കണം. ആരാണ് നിങ്ങളെ തടഞ്ഞത്? രാമക്ഷേത്രം എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്. രാമക്ഷേത്രം ബി.ജെ.പിയുടേതാണോ? ഈ ക്ഷേത്രം രാജ്യത്തെ പൗരന്മാരുടെതാണ്,’ അദ്ദേഹം പറഞ്ഞു.

എന്നാല്‍ ശ്രീരാമനിലുള്ള ജനങ്ങളുടെ വിശ്വാസം കണ്ടതിനുശേഷം കോണ്‍ഗ്രസ് രാമഭക്തരായി എന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ആരോപിച്ചു.

‘ശ്രീരാമനിലുള്ള ജനങ്ങളുടെ വിശ്വാസം കണ്ട് അവര്‍ (കോണ്‍ഗ്രസുകാര്‍) രാമഭക്തരായി. അദ്ദേഹത്തിന്റെ ‘ഭജനകളും ‘ ‘ഹനുമാന്‍ ചാലിസയും’ പാരായണം ചെയ്യുന്നു,’ചൗഹാന്‍ പറഞ്ഞു.

എന്നാല്‍ ഭഗവാന്‍ ഒരിക്കലും രാഷ്ട്രീയ വിഷയമാകില്ലെന്ന് മധ്യപ്രദേശ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രണ്‍ദീപ് സുര്‍ജേവാല മറുപടിയായി പറഞ്ഞു.

‘ഭഗവാന്‍ എങ്ങനെ രാഷ്ട്രീയ വിഷയമാകും? ശ്രീരാമന് ഏതെങ്കിലും പാര്‍ട്ടി ഉണ്ടാകുമോ? ഭക്തിയുടെ പാതയില്‍ നിന്ന് വ്യതിചലിച്ചവരും ദുഷിച്ചവരും ജ്ഞാനം ലഭിക്കാന്‍ ശ്രീരാമന്റെ കാല്‍ക്കല്‍ ഇരിക്കണം. ഭഗവാന്‍ ശ്രീരാമനെ ഒരിക്കലും കക്ഷിരാഷ്ട്രീയത്തില്‍ വിഷയമാക്കാന്‍ സാധിക്കില്ല,’ സുര്‍ജേവാല കൂട്ടിച്ചേര്‍ത്തു.
നവംബര്‍ 17നാണ് മധ്യപ്രദേശിലെ 230 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ്.

Content Highlight: BJP-Congress conflict on Ram temple