| Thursday, 29th December 2022, 5:33 pm

കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും പ്രത്യയശാസ്ത്രം ഒന്ന്; ജോഡോ യാത്രയില്‍ പങ്കെടുക്കില്ലെന്ന് അഖിലേഷ് യാദവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും പ്രത്യയശാസ്ത്രം ഒന്നാണെന്ന് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. സമാജ്‌വാദി പാര്‍ട്ടിയുടെ ആശയം മറ്റൊന്നാണെന്നും ഭാരത് ജോഡോ യാത്രയിലേക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്നും അഖിലേഷ് യാദവ് പറഞ്ഞു.

ജോഡോ യാത്രയിലേക്ക് ക്ഷണിച്ചിട്ടുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ‘നിങ്ങളുടെ ഫോണില്‍ ജോഡോ യാത്രക്കുള്ള ക്ഷണമുണ്ടെങ്കില്‍ എനിക്ക് അയച്ച് തരൂ,’ എന്നാണ് അഖിലേഷ് യാദവ് പറഞ്ഞത്.

ഞങ്ങളുടെ വികാരം ആ യാത്രക്കൊപ്പമാണെന്നും, തനിക്ക് ക്ഷണമൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉത്തര്‍പ്രദേശില്‍ ജനുവരി മൂന്നിനാണ് ഭാരത് ജോഡോ യാത്ര പര്യടനമാരംഭിക്കുന്നത്. നേരത്തേ അഖിലേഷ് യാദവിനെയും ബഹുജന്‍ സമാജ് പാര്‍ട്ടി നേതാവ് മായാവതിയെയും യാത്രയിലേക്ക് ക്ഷണിച്ചുവെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചിരുന്നു. എന്നാല്‍ ഈ വാര്‍ത്ത തള്ളിക്കൊണ്ടാണ് അഖിലേഷ് യാദവ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

ഭാരത് ജോഡോ യാത്ര എന്ന ആശയത്തെ സമാജ് വാദി പാര്‍ട്ടി പിന്തുണക്കുന്നുണ്ടെങ്കിലും കോണ്‍ഗ്രസുമായി സഖ്യം ചേരാനുള്ള നീക്കത്തിലാണ് പാര്‍ട്ടി എന്ന തരത്തിലുള്ള ഊഹാപോഹങ്ങള്‍ക്ക് ഇടവരുത്താന്‍ പാര്‍ട്ടിക്ക് താല്‍പര്യമില്ല. അതിനാല്‍ യാത്രയില്‍ ജോഡോ യാത്രയില്‍ പങ്കടുക്കില്ലെന്നും പാര്‍ട്ടി വക്താവ് ഘനശ്യാമും നേരത്തേ വ്യക്തമാക്കിയിരുന്നു.

എസ്.പിയുടെ സഖ്യകക്ഷിയായ രാഷ്ട്രീയ ലോക്ദളും (ആര്‍.എല്‍.ഡി) ജോഡോ യാത്രയില്‍ പങ്കെടുക്കില്ലെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

അതേസമയം, ഉത്തര്‍പ്രദേശിലെ പ്രതിപക്ഷ പ്രമുഖ നേതാക്കളെയെല്ലാം യാത്രയില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചിട്ടുണ്ടെന്നാണ് കോണ്‍ഗ്രസ് വക്താവ് അശോക് സിങ് അറിയിച്ചത്. നിലവിലെ സര്‍ക്കാരിനെക്കുറിച്ച് പ്രതിപക്ഷപാര്‍ട്ടികള്‍ക്കെല്ലാം ഒരേ അഭിപ്രായമായതിനാലാണ് ക്ഷണിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ജനുവരി മൂന്നിനാണ് ഉത്തര്‍പ്രദേശില്‍ പ്രവേശിക്കുക. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തിയ യാത്രയ്ക്ക് നിലവില്‍ വിശ്രമമാണ്. ഗാസിയാബാദിലെ ലോനിയില്‍ വെച്ച് ഉത്തര്‍പ്രദേശില്‍ പ്രവേശിക്കുന്ന യാത്ര ഭാഗ്പത്, ഷാംലി വഴി ഹരിയാണയിലേക്ക് പോകും.

മുന്‍ കേന്ദ്രമന്ത്രി സല്‍മാന്‍ ഖുര്‍ഷിദിനാണ് സംസ്ഥാനത്ത് യാത്രയുടെ ഏകോപന ചുമതല. സംസ്ഥാനത്ത് യാത്ര കടന്നുപോകുന്ന മൂന്ന് ദിവസവും പ്രിയങ്കാ ഗാന്ധി മുഴുവന്‍ സമയവും യാത്രയില്‍ പങ്കെടുക്കും.

Content Highlight: “BJP, Congress Are Same”: Samajwadi Party Leader Akhilesh Yadav On Jodo Yatra

We use cookies to give you the best possible experience. Learn more