ബെംഗളൂരു: കര്‍ണാടകയില്‍ സമ്പൂര്‍ണ മാറ്റത്തിന് ബി.ജെ.പി. തയ്യാറെടുക്കുകയാണെന്ന റിപ്പോര്‍ട്ടിന് പിന്നാലെ പുതിയ നീക്കങ്ങളുമായി മുഖ്യമന്ത്രി യെദിയൂരപ്പ.
തന്റെ പക്ഷത്തുള്ള ആളുകളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള തിരക്കുപിടിച്ച ഓട്ടത്തിലാണ് യെദിയൂരപ്പ. പാര്‍ട്ടിക്കകത്ത് നിന്നുതന്നെ യെദിയൂരപ്പയ്‌ക്കെതിരെ എതിര്‍പ്പുകള്‍ ഉയരുന്നതിനിടെയാണ് അദ്ദേഹം പുതിയ തന്ത്രങ്ങള്‍ മെനയുന്നത്.
കഴിഞ്ഞദിവസം യെദിയൂരപ്പയും ലിംഗായത്ത് സന്യാസിമാരും കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗത്തുനിന്നുള്ള ഇരുപതിലധികം സന്യാസിമാരാണ് യെദിയൂരപ്പയെ കണ്ടത്.
നേതൃമാറ്റം സംബന്ധിച്ച തീരുമാനം മൂന്നുനാലു ദിവസത്തിനുള്ളില്‍ ബി.ജെ.പി. നേതൃത്വം പിന്‍വലിച്ചില്ലെങ്കില്‍ 300 ഓളം സന്യാസിമാര്‍ ബെംഗളൂരു നഗരത്തില്‍ തടിച്ചുകൂടുമെന്നും സന്യാസിമാര്‍ താക്കീത് നല്‍കി.
യെദിയൂരപ്പയെ വേദനിപ്പിക്കുന്ന എന്തെങ്കിലും തീരുമാനം ബി.ജെ.പി. നേതൃത്വം സ്വീകരിച്ചാല്‍ കര്‍ണാടകയില്‍ നിന്നും ബി.ജെ.പിയെ പൂര്‍ണമായും തൂത്തുകളയുമെന്നും സന്യാസിമാര്‍ പാര്‍ട്ടിക്ക് മുന്നറിയിപ്പ് നല്‍കി.
” ഇതിന്റെ ആവശ്യം എന്താണ്? അത്തരം തീരുമാനം എന്തെങ്കിലും എടുക്കാന്‍ ഉദ്ദേശ്യമുണ്ടെങ്കില്‍ അതങ്ങ് മാറ്റിവെച്ചേക്ക്,” സന്യാസിമാര്‍ പറഞ്ഞു.
യെദിയൂരപ്പ ജനകീയ നേതാവാണെന്നും അദ്ദേഹത്തെ മാറ്റിനിര്‍ത്തിയാല്‍ ബി.ജെ.പിക്കത് നഷ്ടമായിരിക്കുമെന്നും സന്യാസിമാര്‍ പറയുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് യെദിയൂരപ്പയുടെ രാജിയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവന്നത്.
ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി മോദിയോട് രാജിക്കാര്യം സൂചിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. എന്നാല്‍ തൊട്ടുപിന്നാലെ വാര്‍ത്ത നിഷേധിച്ച് യെദിയൂരപ്പ രംഗത്തുവന്നു.
യെദിയൂരപ്പയ്‌ക്കെതിരെ പാര്‍ട്ടിക്കകത്തുനിന്നു തന്നെ ചരടുവലികള്‍ നടക്കുന്നുണ്ട്. എന്നാല്‍ അദ്ദേഹത്തെ മാറ്റേണ്ട സാഹചര്യമില്ലെന്നാണ് സംസ്ഥാന ബി.ജെ.പി. ആദ്യം സ്വീകരിച്ച നിലപാട്.
മുഖ്യമന്ത്രിയെ മാറ്റണമെന്നുള്ള രീതിയില്‍ നടക്കുന്ന പ്രചരണങ്ങള്‍ തെറ്റാണെന്നും അത്തരത്തിലൊരു രീതിയിലുള്ള അസ്ഥിരതയും സംസ്ഥാനത്തില്ലെന്നുമാണ് ബി.ജെ.പി. സംസ്ഥാന കമ്മിറ്റി തലവന്‍ അരുണ്‍ സിംഗ് പറഞ്ഞത്.
‘ആരും പാര്‍ട്ടിയെ കുറ്റപ്പെടുത്തരുത്. ഞങ്ങള്‍ വേണ്ട നടപടി സ്വീകരിക്കും. ഇതൊരു വലിയ രാഷ്ട്രീയപാര്‍ട്ടിയാണ്. ചില ബുദ്ധിമുട്ടുകളൊക്കെ ഉണ്ടായേക്കാം. എല്ലാവരുടെയും പൂര്‍ണ്ണ സഹകരണത്തോടെ മാത്രമെ പാര്‍ട്ടിയെ മുന്നോട്ടുനയിക്കാന്‍ പറ്റുകയുള്ളു. രണ്ടോ മൂന്നോ പേര്‍ പാര്‍ട്ടിയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നുണ്ട്. അവര്‍ക്കെതിരെ നടപടി സ്വീകരിക്കും,’ എന്നും അരുണ്‍ സിംഗ് പറഞ്ഞിരുന്നു.
നേരത്തെ മുഖ്യമന്ത്രിയെ നീക്കണമെന്ന ആവശ്യം ബി.ജെ.പിയില്‍ നിന്നുയരുന്നുണ്ടെന്ന് കര്‍ണ്ണാടക മന്ത്രി തന്നെ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു.
യെദിയൂരപ്പയെ മാറ്റണമെന്ന ആവശ്യവുമായി ബി.ജെ.പി. വിമത എം.എല്‍.എ. ബസന ഗൗഡ പാട്ടീല്‍ യത്‌നാല്‍ രംഗത്തെത്തിയിരുന്നു. നിലവിലെ സര്‍ക്കാരിന് കീഴില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് നേരിടാനുള്ള കെല്‍പ്പ് പാര്‍ട്ടിക്കുണ്ടാകില്ലെന്ന് ബസന ഗൗഡ പറഞ്ഞിരുന്നു.