| Monday, 13th September 2021, 1:02 pm

തര്‍ക്കം മാറാതെ ബി.ജെ.പി കോര്‍കമ്മറ്റി യോഗം; തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാതെ സുരേന്ദ്രന്‍, കൊച്ചിയില്‍ ഉണ്ടായിട്ടും പങ്കെടുക്കാതെ സി.കെ പത്മനാഭന്‍; ആര്‍.എസ്.എസിനും വിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കോര്‍കമ്മറ്റി യോഗത്തിലും അവസാനിക്കാതെ സംസ്ഥാന ബി.ജെ.പിയിലെ തര്‍ക്കം. സംസ്ഥാന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന ആവശ്യം തള്ളി മുരളീധര പക്ഷം.

പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം സംസ്ഥാന പ്രസിഡന്റും സംഘടനാ സെക്രട്ടറിയും ഏറ്റെടുക്കണമെന്ന മുന്‍നിലപാട് കൃഷ്ണദാസ് പക്ഷം കോര്‍ കമ്മറ്റിയില്‍ എടുക്കുകയായിരുന്നു.

എന്നാല്‍ തോല്‍വിക്ക് കാരണം സംഘപരിവാര്‍ സംഘടനകളുടെയടക്കം മൊത്തം സംഘടന സംവിധാനത്തിന്റെ തോല്‍വിയാണെന്നായിരുന്നു മുരളീധരവിഭാഗത്തിന്റെ വാദം.

അതേസമയം കൊച്ചിയില്‍ ഉണ്ടായിരുന്നിട്ട് പോലും മുതിര്‍ന്ന നേതാവ് സി.കെ പത്മനാഭന്‍ കോര്‍കമ്മറ്റി യോഗത്തില്‍ നിന്ന് വിട്ടുനിന്നു. തെരഞ്ഞെടുപ്പ് പരാജയകാരണങ്ങള്‍ പഠിക്കാന്‍ ഏല്‍പ്പിച്ച പാര്‍ട്ടി കമ്മിഷന്‍ വെച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ബി.ജെ.പിയുടെ കോര്‍കമ്മറ്റിയുടെ പ്രധാന ചര്‍ച്ച.

താഴെത്തട്ടില്‍ മാറ്റങ്ങള്‍വരുത്തേണ്ടത് അനിവാര്യമാണെന്ന് ബി.ജെ.പി വിലയിരുത്തി. അതേസമയം തെരഞ്ഞെടുപ്പില്‍ ആര്‍.എസ്.എസ് നടത്തിയ ഇടപെടലിനെതിരെയും ബി.ജെ.പിയിലെ ചില നേതാക്കള്‍ രംഗത്ത് എത്തി. യാതൊരു രാഷ്ട്രീയ പരിചയവുമില്ലാത്ത സംയോജകരെ വെച്ചത് വലിയ തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍.

ഭാരവാഹിത്വത്തിന് പ്രായം മാനദണ്ഡമാക്കിയപ്പോള്‍, ഒരു പ്രവര്‍ത്തന പരിചയവുമില്ലാത്തവര്‍ ഭാരവാഹികളായി എത്തിയെന്നും അത്തരം ഭാരവാഹികളെ മാറ്റാതെ പാര്‍ട്ടിക്ക് മുന്നോട്ടു പോകാനാവില്ലെന്നും കോര്‍കമ്മറ്റി അഭിപ്രായപ്പെട്ടു.

ബി.ജെ.പിയുടെ ഏഴ് ജില്ലാകമ്മറ്റികളില്‍ ഗുരുതരമായ പോരായ്മകള്‍ ഉണ്ടെന്നും ഇത് ഉടനെ തിരുത്താനും കോര്‍കമ്മറ്റി തീരുമാനിച്ചിട്ടുണ്ട്. അതേസമയം കേരളത്തിലെ പുതിയ വിവാദങ്ങള്‍ ഉപയോഗപ്പെടുത്തണമെന്നും കോര്‍കമ്മറ്റിയില്‍ അഭിപ്രായമുയര്‍ന്നു.

ലൗ ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ് വിഷയങ്ങള്‍ രാഷ്ട്രീയമായി ഉപയോഗിക്കണമെന്നും ദേശീയ തലത്തില്‍ ചര്‍ച്ചയാക്കണമെന്നുമാണ് കോര്‍കമ്മറ്റി യോഗത്തില്‍ തീരുമാനിച്ചത്.

ലൗ ജിഹാദ് വിഷയം ബി.ജെ.പി നേരത്തെ തന്നെ കേരളത്തില്‍ ഉന്നയിച്ചിരുന്നു. ഇപ്പോള്‍ ക്രൈസ്തവ സമുദായം വിഷയം ഏറ്റെടുത്തിട്ടുണ്ട്. ഇത് രാഷ്ട്രീയമായി ഉപയോഗിക്കണം എന്നാണ് കോര്‍കമ്മറ്റി യോഗത്തില്‍ ഉരുത്തിരിഞ്ഞ അഭിപ്രായം.

വിഷയത്തില്‍ ഇടപെടാന്‍ ന്യൂനപക്ഷ മോര്‍ച്ചയ്ക്ക് സംസ്ഥാന ബി.ജെ.പി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

BJP committee meeting K Surendran did not take responsibility for the Election defeat, CK Padmanabhan did not participate despite being in Kochi; Criticism to RSS

We use cookies to give you the best possible experience. Learn more