|

മധ്യപ്രദേശില്‍ ഹൈന്ദവ ക്ഷേത്രങ്ങളുടെ കണക്കെടുത്ത് ബി.ജെ.പി; നടപടി തെരഞ്ഞെടുപ്പില്‍ തിരിച്ചടിയെന്ന അഭിപ്രായ സര്‍വ്വേ ഫലം വന്നതിനു പിന്നാലെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: മധ്യപ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പു അടുത്തിരിക്കെ ബി.ജെ.പി അവിടുത്തെ ഹിന്ദുക്ഷേത്രങ്ങളുടെ കണക്കെടുക്കുന്നു. ഹിന്ദുക്ഷേത്രങ്ങള്‍, മഠങ്ങള്‍, പുരോഹിതന്മാര്‍ എന്നിവരുടെ കണക്കാണ് എടുക്കുന്നത്. എന്തിനുവേണ്ടിയാണ് കണക്കെടുപ്പെന്ന് പാര്‍ട്ടി വ്യക്തമാക്കിയിട്ടില്ല.

മധ്യപ്രദേശില്‍ ബി.ജെ.പിക്ക് കാര്യങ്ങള്‍ അത്ര എളുപ്പമല്ലെന്ന അഭിപ്രായ സര്‍വ്വേ റിപ്പോര്‍ട്ട് ആഗസ്റ്റില്‍ പുറത്തുവന്നിരുന്നു. ഇതിനുശേഷമാണ് ഇത്തരമൊരു കണക്കെടുപ്പ് ആരംഭിച്ചതെന്നാണ് റിപ്പോര്‍ട്ട്.

Also Read:മോദിയുടെ പോപ്പുലാരിറ്റി ഗ്രാഫ് കുറയുമ്പോള്‍ പ്രയോഗിക്കുന്ന തന്ത്രമാണ് “വധശ്രമ നാടകം”: ജിഗ്നേഷ് മെവാനി

“അതെ, ഞങ്ങള്‍ ക്ഷേത്രങ്ങളുടെയും മഠങ്ങളുടെയും അവിടെയുള്ള പുരോഹിതന്മാരുടെയും കണക്കുകള്‍ എടുത്തു.” മധ്യപ്രദേശ് ബി.ജെ.പി വക്താവ് രജനീഷ് അഗര്‍വാള്‍ പറഞ്ഞു.

അവിടുത്തെ ആക്ടിവിസ്റ്റുകള്‍, സാമൂഹ്യ സംഘടനകള്‍ സ്വാധീനമുള്ള ആളുകള്‍ എന്നിവരുടെ കണക്കെടുക്കാന്‍ ബൂത്ത് തലത്തിലുള്ള സംഘത്തെ ചുമതലപ്പെടുത്തിയെന്നും അദ്ദേഹം പറയുന്നു.

“ഇവരുമായി എപ്പോള്‍ ബന്ധപ്പെടുമെന്നോ ഇതിനു പിന്നിലെ തന്ത്രമെന്തെന്നോ ഞങ്ങള്‍ വെളിപ്പെടുത്തില്ല.” അഗര്‍വാള്‍ പറഞ്ഞു.

ഉത്തര്‍പ്രദേശിലും പാര്‍ട്ടി സമനമായ കണക്കെടുപ്പ് നടത്തിയതായി ആഗസ്റ്റ് ആറിന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്തിരുന്നു. സ്ഥാപനത്തിന്റെ പേര് പുരോഹിതന്മാര്‍, അവരെ ബന്ധപ്പെടാനുള്ള നമ്പറുകള്‍ എന്നിവയാണ് ആവശ്യപ്പെട്ടിട്ടുള്ളത്.

പ്രദേശത്തെ പട്ടികജാതി വിഭാഗങ്ങളുടെയും മറ്റു പിന്നോക്കവിഭാഗങ്ങളുടെയും വിശദാംശങ്ങള്‍ ശേഖരിക്കാനും പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു. വരുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പു ലക്ഷ്യമിട്ടാണ് യു.പിയിലെ ഈ കണക്കെടുപ്പെന്നാണ് റിപ്പോര്‍ട്ട്.