| Sunday, 6th February 2022, 8:03 am

80ഉം 20ഉം അല്ല, ഇനിമുതല്‍ 90ഉം 10ഉം; വര്‍ഗീയതയുടെ പുതിയ കണക്കുമായി യോഗി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉത്തര്‍പ്രദേശില്‍ വര്‍ഗീയതയുടെ പുതിയ കണക്കുകള്‍ നിരത്തി ബി.ജെ.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

നേരത്തെ പറഞ്ഞ 80-20 വിജയമായിരിക്കില്ല ബി.ജെ.പി നേടുന്നത്, പകരം 90-10 എന്ന വന്‍ ഭൂരിപക്ഷത്തോടെയായിരിക്കും പാര്‍ട്ടി തെരഞ്ഞടുപ്പില്‍ ജയിക്കുക എന്നാണ് യോഗി പറഞ്ഞത്.

തെരഞ്ഞെടുപ്പ് 80ഉം 20ഉം തമ്മിലുള്ള യുദ്ധമാണെന്നായിരുന്നു മുമ്പ് യോഗി നടത്തിയ പരാമര്‍ശം. സംസ്ഥാനത്തെ ഹിന്ദു-മുസ്‌ലിം  മതവിഭാഗത്തില്‍ പെട്ട ജനങ്ങള്‍ തമ്മിലുള്ള അനുപാതമാണ് 80, 20 എന്നിവ കൊണ്ട് യോഗി ഉദ്ദേശിച്ചത്.

യു.പിയില്‍ 80 ശതമാനത്തോളം (79.73) ഹിന്ദുക്കളും 20 ശതമാനത്തിനടുത്ത് (19.26) മുസ്‌ലിം  മതവിശ്വാസികളുമാണുള്ളത്.

എന്നാല്‍ 80-20 നെ 90-10 എന്ന് തിരുത്തിക്കൊണ്ടാണ് യു.പി മുഖ്യമന്ത്രിയുടെ പുതിയ വര്‍ഗീയ പരാമര്‍ശം.

”തെരഞ്ഞെടുപ്പ് പോരാട്ടം 90 ശതമാനവും 10 ശതമാനവും തമ്മിലാണ് അല്ലാതെ 80 ശതമാനവും 20 ശതമാനവും തമ്മിലല്ല. വിജയം ഞങ്ങളുടെ പാര്‍ട്ടിക്കായിരിക്കും,” 80-20 പ്രസ്താവനയെ തിരുത്തിക്കൊണ്ട് യോഗി കഴിഞ്ഞ ദിവസം പറഞ്ഞു.

തെരഞ്ഞെടുപ്പിനെ വര്‍ഗീയത ഉപയോഗിച്ച് തന്നെയായിരിക്കും ബി.ജെ.പി നേരിടുകയെന്നത് ആവര്‍ത്തിച്ചുറപ്പിക്കുന്നതാണ് യോഗിയുടെ ഈ പ്രസ്താവന.

കുറ്റകൃത്യങ്ങള്‍ക്കും ക്രിമിനലുകള്‍ക്കുമെതിരെ സന്ധിയില്ലാത്ത നിലപാടാണ് യു.പിയിലെ ബി.ജെ.പി സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും ബി.ജെ.പിക്ക് കീഴില്‍ ‘ബുള്‍ഡോസര്‍ ആന്‍ഡ് ഡവലപ്‌മെന്റ്’ എന്നത് സംസ്ഥാനത്ത് ഒരുമിച്ച് മുന്നോട്ട് പോവുമെന്നും യോഗി പറഞ്ഞു.

”ശക്തമായ ഡബിള്‍ എന്‍ജിന്‍ സര്‍ക്കാരിനെയാണ് യു.പിയിലെ ജനങ്ങള്‍ തെരഞ്ഞെടുക്കാന്‍ പോകുന്നത്, അല്ലാതെ മാഫിയക്ക് പിന്നില്‍ ഒളിച്ച് നില്‍ക്കുന്ന നട്ടെല്ലില്ലാത്ത സമാജ്‌വാദി പാര്‍ട്ടി സര്‍ക്കാരിനെയല്ല,” യോഗി കൂട്ടിച്ചേര്‍ത്തു.

നേരത്തെ ലഖ്നൗവില്‍ ഒരു സ്വകാര്യ വാര്‍ത്താ ചാനല്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുന്നതിനിടെയായിരുന്നു യോഗി വിവാദമായ 80-20 പരാമര്‍ശം നടത്തിയത്.

”മത്സരം ഇപ്പോള്‍ 80ഉം 20ഉം തമ്മിലാണ്. വികസനത്തിനും ദേശീയതക്കും നല്ല ഭരണത്തിനുമൊപ്പം നില്‍ക്കുന്നവരാണ് ഇതിലെ 80. അവര്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യും.

വികസന വിരുദ്ധരും കര്‍ഷകര്‍ക്ക് എതിരെ നില്‍ക്കുന്നവരും, ഗുണ്ടകളെയും മാഫിയകളെയും പിന്തുണക്കുന്നവരുമാണ് 20. അവര്‍ വേറെ സംഘങ്ങള്‍ക്കൊപ്പം മറ്റ് വഴികളിലാണ്.

അതുകൊണ്ട് ഈ 80-20 ഫൈറ്റില്‍ താമരയായിരിക്കും വഴി തെളിക്കുക,” എന്നായിരുന്നു യോഗി ആദിത്യനാഥ് അന്ന് പറഞ്ഞത്.


Content Highlight: BJP CM Yogi Adityanath’s new communal comment ahead of election

We use cookies to give you the best possible experience. Learn more