| Friday, 26th August 2022, 3:50 pm

ആം ആദ്മി പ്രവര്‍ത്തകരുടെ സന്ദര്‍ശനത്തിന് പിന്നാലെ ഗംഗാജലം കൊണ്ട് രാജ്ഘട് ശുചീകരിച്ച് ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ആം ആദ്മി പ്രവര്‍ത്തകരുടെ സന്ദര്‍ശനത്തിന് പിന്നാലെ രാജ്ഘട് ശുചീകരിച്ച് ബി.ജെ.പി. ഗംഗാജലം തളിച്ചാണ് ബി.ജെ.പിയുടെ രാജ്ഘട് ശുചീകരണം.

കഴിഞ്ഞ ദിവസം ദല്‍ഹി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നുണ്ടെന്ന വാര്‍ത്തകള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ ആം ആദ്മി പാര്‍ട്ടി എല്ലാ എം.എല്‍.എമാരേയും വിളിച്ച് ചേര്‍ത്തിരുന്നു. യോഗത്തില്‍ നേരിട്ടും ഫോണിലൂടെയും എം.എല്‍.എമാര്‍ തങ്ങളുടെ സാന്നിധ്യം അറിയിക്കുകയായിരുന്നു.

ഇതിന് പിന്നാലെ ബി.ജെ.പിയുടെ ഓപ്പറേഷന്‍ താമര പാളിപ്പോയെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി തന്ത്രത്തിന് അനുശോചനമറിയിക്കാന്‍ എ.എ.പി രാജ്ഘട്ടിലെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രാജ്ഘട് ഗംഗാജലം തളിച്ച് ശുചിയാക്കി ബി.ജെ.പി രംഗത്തെത്തിയിരിക്കുന്നത്.

അരവിന്ദ് കെജ്‌രിവാള്‍ ജോസഫ് ഗീബല്‍സിന് തുല്യമാണെന്നും ബി.ജെ.പി ആരോപിച്ചു. നിരന്തരം കള്ളങ്ങള്‍ പറയുന്ന ആളാണ് കെജ്‌രിവാളെന്നും ബി.ജെ.പി എം.പി മനോജ് തിവാരി പറഞ്ഞു.

മഹാത്മാഗാന്ധിയുടെ സ്മാരകമായ രാജ്ഘട് സന്ദര്‍ശിച്ച് എ.എ.പി നേതാവ് കെജ്‌രിവാള്‍ സ്ഥലം അശുദ്ധമാക്കിയെന്നും ബി.ജെ.പി ആരോപിച്ചു. യതാര്‍ത്ഥ വിഷയങ്ങളില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ വ്യതിചലിപ്പിക്കാനുള്ള എ.എ.പിയുടെ തന്ത്രമാണ് ബി.ജെ.പി പണം വാഗ്ദാനം ചെയതുവെന്ന് പറയുന്നതെന്നും അവര്‍ ആരോപിച്ചു.

ബി.ജെ.പിയില്‍ ചേരാന്‍ എം.എല്‍.എമാര്‍ക്ക് കോടികള്‍ വാഗ്ദാനം ചെയ്തതായി കഴിഞ്ഞ ദിവസം എ.എ.പി വ്യക്തമാക്കിയിരുന്നു.

പാര്‍ട്ടിയില്‍ ചേര്‍ന്നില്ലെങ്കില്‍ ഇ.ഡിയുടേയും സി.ബി.ഐയുടേയും റെയ്ഡുകള്‍ നേരിടാന്‍ തയ്യാറായിക്കോളൂവെന്നും ബി.ജെ.പി ഭീഷണിപ്പെടുത്തിയതായി എ.എ.പി പ്രവര്‍ത്തകര്‍ ആരോപിച്ചു. ഈ റെയ്ഡുകള്‍ ഗുജറാത്ത് തെരഞ്ഞെടുപ്പ് വരെ തുടരുമെന്നും എ.എ.പി പറഞ്ഞു.

ആം ആദ്മിയുടെ 62 എം.എല്‍.എമാരില്‍ 35പേരെയും ബി.ജെ.പി സമീപിച്ചെന്നും പണം വാഗ്ദാനം ചെയ്തെന്നുമാണ് ആം ആദ്മി ആരോപിക്കുന്നത്. ബി.ജെ.പിയില്‍ ചേരുന്ന ഓരോരുത്തര്‍ക്കും 20 കോടിയായിരുന്നു ബി.ജെ.പിയുടെ വാഗ്ദാനം. മറ്റുള്ളവരെയും ബി.ജെ.പിയിലേക്ക് എത്തിക്കുന്നവര്‍ക്ക് 25കോടിയും പാര്‍ട്ടി വാഗ്ദാനം ചെയ്തിട്ടുണ്ട്.

മാല്‍വിയ നഗറിലെ മോംനാഥ് ഭാരതി, ബുരാരിയിലെ സഞ്ജീവ് ഝാ, അംബേദ്കര്‍ നഗറിലെ അജയ് ദത്ത് തുടങ്ങിയവരാണ് വാഗ്ദാനങ്ങളുമായി എത്തിയതെന്നും ആം ആദ്മി വ്യക്തമാക്കുന്നു.

Content Highlight: BJP clean rajghat after the visit of aam aadmi

We use cookies to give you the best possible experience. Learn more