ജാർഖണ്ഡിൽ ഭൂമി തട്ടിയെടുക്കാൻ ആദിവാസി സ്ത്രീകളെ മുസ്‌ലിം യുവാക്കൾ വിവാഹം കഴിക്കുന്നുവെന്ന ബി.ജെ.പിയുടെ വാദം പൊളിഞ്ഞു
national news
ജാർഖണ്ഡിൽ ഭൂമി തട്ടിയെടുക്കാൻ ആദിവാസി സ്ത്രീകളെ മുസ്‌ലിം യുവാക്കൾ വിവാഹം കഴിക്കുന്നുവെന്ന ബി.ജെ.പിയുടെ വാദം പൊളിഞ്ഞു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 26th August 2024, 2:26 pm

റാഞ്ചി: ആദിവാസി സ്ത്രീകളെ വിവാഹം കഴിച്ച് മുസ്‌ലിം നുഴഞ്ഞുകയറ്റക്കാർ ജാർഖണ്ഡിൽ ഭൂമി തട്ടിയെടുക്കാൻ ശ്രമിക്കുന്നുവെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വാദം തെറ്റെന്ന് സ്ക്രോൾ റിപ്പോർട്ട്. ബംഗ്ലാദേശി മുസ്‌ലിങ്ങൾ സ്വത്ത് തട്ടിയെടുക്കാനായി വിവാഹം ചെയ്ത ഇന്ത്യൻ സ്ത്രീകളുടേതെന്ന് പറയപ്പെടുന്ന ഒരു പട്ടിക സർക്കാർ പുറത്ത് വിട്ടിരുന്നു. ബി.ജെ.പി സർക്കാർ പ്രചരിപ്പിച്ച പട്ടികയിലെ പല സ്ത്രീകളും മുസ്‌ലിം പുരുഷന്മാരെ വിവാഹം കഴിച്ചിട്ടില്ല. അല്ലെങ്കിൽ അവർക്ക് കുടുംബ സ്വത്തിന്മേൽ അവകാശമില്ല എന്ന് സ്ക്രോൾ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുകയാണ്.

ജൂലൈ 28 മുതലാണ് ജാർഖണ്ഡിലെ മയൂർകോല വാർത്തകളിൽ നിറഞ്ഞത്. ഭാരതീയ ജനതാ പാർട്ടി രാഷ്ട്രീയക്കാരിയും ദേശീയ പട്ടികവർഗ കമ്മീഷൻ അംഗവുമായ ആശാ ലക്ര, സാഹിബ്ഗഞ്ചിലെ ഒമ്പത് പഞ്ചായത്തുകളിൽ ഒന്നായി മയൂർകോലയെ പട്ടികപ്പെടുത്തി. ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരായ റോഹിങ്ക്യൻ മുസ്‌ലിങ്ങളെ വിവാഹം കഴിച്ച സ്ത്രീകൾ ഉൾപ്പെടുന്ന ഗ്രാമങ്ങളാണതെന്ന് ആശാ ലക്ര വാദിച്ചു. റോഹിങ്ക്യൻ മുസ്‌ലിങ്ങളെ വിവാഹം ചെയ്ത സ്ത്രീകൾക്ക് അവർ ഒരു പേരുമിട്ടു, മുഖിയകൾ.

ബി.ജെ.പി സർക്കാർ മുഖിയകളെന്ന് ആരോപിച്ച എട്ട് സ്ത്രീകളുടെയും വീടുകളിലെത്തി സ്ക്രോൾ നടത്തിയ അന്വേഷണത്തിൽ അവരിൽ പലരും വിവാഹം ചെയ്തിരിക്കുന്നത് ഹിന്ദുക്കളെയാണെന്ന് കണ്ടെത്തിയിരിക്കുകയാണ്.

മയൂർകോലയിലെ കപ്ര ടുഡു, മധുപാദയിലെ ചുങ്കി മറാണ്ടി, സത്ഗാച്ചിയിലെ അലോക സോറൻ, ഫൂൽബംഗയിലെ സുനിത ഹൻസ്‌ഡാക്ക്, ബർഹൈത് സന്താലി ഉത്തറിൽ നിന്നുള്ള സെലീന ഹൻസ്ദ, ഗോപാൽഡിലെ സുനിത ടുഡു, കദ്മയിൽ നിന്ന് എലിജൻസ് ഹൻസ്ഡ, ദക്ഷിണ് ബേഗംഗഞ്ചിൽ നിന്നുള്ള ലളിതാ ടുഡു, ലഖിപൂർ സ്വദേശിയായ സൊഹാഗിനി സോറൻ, ജില്ലാ പരിഷത്ത് ചെയർപേഴ്‌സൺ മോണിക്ക കിസ്‌കു എന്നിവരെയാണ് മുഖിയകളായി സർക്കാർ ആരോപിച്ചിരിക്കുന്നത്.

10 കേസുകളിൽ നാലെണ്ണത്തിലും ആദിവാസി സ്ത്രീകൾ മുസ്‌ലിം പുരുഷന്മാരെ വിവാഹം കഴിച്ചുവെന്ന ലക്രയുടെ അവകാശവാദങ്ങൾ തീർത്തും തെറ്റാണെന്ന് സ്ക്രോൾ കണ്ടെത്തി. മൂന്ന് സ്ത്രീകൾക്ക് ആദിവാസി ഭർത്താക്കന്മാരായിരുന്നു. നാലാമത്തെ യുവതി കപ്ര ടുഡു ആദിവാസി സമുദായത്തിന് പുറത്ത് നിന്നായിരുന്നു വിവാഹം കഴിച്ചത്. എന്നാൽ അവളുടെ ഭർത്താവ് നിതിൻ സാഹ ഹിന്ദുവാണ്.

ബാക്കിയുള്ള ആറ് ആളുകളും വിവാഹം കഴിച്ചത് മുസ്‌ലിം യുവാക്കളെയാണ്. എന്നാൽ തങ്ങൾ സ്വന്തം ഇഷ്ടപ്രകാരമാണ് ഇവരെ വിവാഹം കഴിച്ചതെന്നും ഇന്ത്യൻ ഭരണഘടന അതിനുള്ള അവകാശം തങ്ങൾക്ക് നൽകിയിട്ടുണ്ടെന്നും അവർ പറഞ്ഞു. മുസ്‌ലിം യുവാക്കൾ ഇവരെ വിവാഹം കഴിച്ചത് സ്വത്ത് കൈക്കലാക്കാനാണെന്നായിരുന്നു ലക്രയുടെ അവകാശവാദം. എന്നാൽ ഇവർക്കാർക്കും പാരമ്പര്യമായി ഭൂസ്വത്തില്ലായിരുന്നു.

ഹിന്ദു പിന്തുടർച്ചാവകാശ നിയമം പോലെയുള്ള അനന്തരാവകാശ നിയമങ്ങളല്ല മറിച്ച് പാരമ്പര്യ നിയമങ്ങളാണ് പട്ടികവർഗക്കാർ അനുവർത്തിക്കുന്നത്. ആചാരമനുസരിച്ച്, ജാർഖണ്ഡിലെ ആദിവാസി സ്ത്രീകൾക്ക് അവരുടെ പിതാവിൻ്റെ ഭൂമിയിൽ അനന്തരാവകാശം ഇല്ല. അതിനാൽ ആദിവാസി ഇതര പുരുഷന്മാർ അവരുടെ ഭൂമി പിടിച്ചെടുക്കാൻ സ്ത്രീകളെ വിവാഹം കഴിക്കുന്നു എന്ന വാദം അടിസ്ഥാനരഹിതമാണെന്ന് സാമൂഹിക പ്രവർത്തക പ്രിയഷീല ബെസ്ര പറഞ്ഞു.

ബി.ജെ.പിയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കുകയാണ് ആദിവാസി സ്ത്രീ മുഖിയമാരിൽ ഒരാളുടെ ഭർത്താവ്. ‘ഞങ്ങൾ വിവാഹിതരായിട്ട് പത്ത് വർഷത്തിലേറെയായി. എന്തുകൊണ്ടാണ് ഇത് ഇപ്പോൾ ഒരു പ്രശ്നമാക്കുന്നത്’ അദ്ദേഹം ചോദിച്ചു. ഏതാനും മാസങ്ങൾക്കുള്ളിൽ സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് വിവാദങ്ങൾ അരങ്ങേറുന്നത്. 2019ൽ അധികാരത്തിലെത്തിയ ജാർഖണ്ഡ് മുക്തി മോർച്ച സർക്കാരിനെ പുറത്താക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്.

ഈ പശ്ചാത്തലത്തിൽ, വനിതാ നേതാക്കളുടെ ഭർത്താക്കന്മാരുടെ പേരിൽ വർഗീയ വിദ്വേഷം ഉണ്ടാക്കാനാണ് അവർ ശ്രമിച്ചതെന്ന് വിമർശനം ഉയരുന്നുണ്ട്.

 

Content Highlight: BJP claims Muslims are marrying Adivasi women to grab land in Jharkhand. The claims don’t add up