മുംബൈ: രാഷ്ട്രീയ പിരിമുറുക്കങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കുമൊടുവില്‍ അധികാരത്തിലെത്തിയ ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കിയത് ദു:ഖത്തോടെയാണ് എന്ന് ബി.ജെ.പി മഹാരാഷ്ട്ര അധ്യക്ഷന്‍. ബി.ജെ.പി അധ്യക്ഷനായ ചന്ദ്രകാന്ത് പാട്ടീല്‍ ആണ് ഇത് സംബന്ധിച്ച പ്രസ്താവനയിറക്കിയത്.
ബി.ജെ.പി സംസ്ഥാന നിര്‍വാഹക സമിതി യോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
ഉദ്ധവ് താക്കറെ സര്‍ക്കാരിനെ താഴെയിറക്കി മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏക് നാഥ് ഷിന്‍ഡെയെ തെരഞ്ഞെടുത്തത് കഠിന ഹൃദയത്തോടെയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ഇതോടെ ബി.ജെ.പിയും ഷിന്‍ഡെയും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടോ എന്നത് സംബന്ധിച്ച ചര്‍ച്ചകളും സജീവമാകുകയാണ്.
സന്തോഷത്തോടെയല്ലെങ്കിലും നേതൃത്വത്തിന്റെ തീരുമാനം ഞങ്ങള്‍ക്ക് അംഗീകരിക്കേണ്ടിവന്നുവെന്നും പാട്ടീല്‍ പറയുന്നുണ്ട്.
‘സുസ്ഥിരതയുള്ള ഒരു സര്‍ക്കാര്‍ വേണമെന്നുള്ളതുകൊണ്ടും എതിരാളികള്‍ക്ക് കൃത്യമായ സന്ദേശം നല്‍കണമെന്നുള്ളതുകൊണ്ടുമാണ് ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കാമെന്ന തീരുമാനത്തിലെത്തിയത്. ബി.ജെ.പി കേന്ദ്ര നേതൃത്വവും ദേവേന്ദ്ര ഫഡ്‌നാവിസും ഷിന്‍ഡെയെ പിന്തുണച്ചത് ഹൃദയഭാരത്തോടെയാണ്. സന്തോഷത്തോടെയല്ലെങ്കിലും ഞങ്ങള്‍ക്ക് ആ തീരുമാനം അംഗീകരിക്കേണ്ടിവന്നു,’ ചന്ദ്രകാന്ത് പാട്ടീല്‍ പറഞ്ഞു.
ബി.ജെ.പി അധ്യക്ഷന്‍ തന്നെ ഇത്തരത്തില്‍ പ്രസ്താവന നടത്തുമ്പോള്‍ ഷിന്‍ഡെയുമായോ ശിവസേനയില്‍ നിന്നെത്തിയ വിമത എം.എല്‍.എമാരുമായോ പാര്‍ട്ടിക്ക് അസ്വാരസ്യമുണ്ടെന്ന ചര്‍ച്ചകളും ഉയരുന്നുണ്ട്.
‘ഞങ്ങള്‍ക്കെല്ലാം ദു:ഖമുണ്ടായിരുന്നു. എന്നാല്‍ തീരുമാനത്തെ അംഗീകരിച്ച് മുന്നോട്ടുപോകുക മാത്രമാണ് വഴി. തീരുമാനത്തെ അംഗീകരിച്ചു തന്നെ മുന്നോട്ടുപോകേണ്ടിവന്നു. ഈ യാത്രയെ മുന്നോട്ട് കൊണ്ടുപോകേണ്ടത് അനിവാര്യമാണ്,’ ചന്ദ്രകാന്ത് പാട്ടീല്‍ പറഞ്ഞു.
സംസ്ഥാനത്ത് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മഹാവികാസ് അഗാഡി സഖ്യം തിരിച്ചടി നേരിട്ടിരുന്നു. ഇതിന് പിന്നാലെയായിരുന്നു സംസ്ഥാനത്ത് രാഷ്ട്രീയ പ്രതിസന്ധികള്‍ രൂക്ഷമായത്.
മഹാരാഷ്ട്രയില്‍ ഷിന്‍ഡെ സര്‍ക്കാര്‍ ആറ് മാസത്തിലധികം നിലനില്‍ക്കില്ലെന്ന് എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍ പറഞ്ഞിരുന്നു. ഇടക്കാല തെരഞ്ഞെടുപ്പ് നടത്താന്‍ മഹാരാഷ്ട്ര തയ്യാറായിക്കോളൂവെന്നും പവാര്‍ പറഞ്ഞിരുന്നു.
‘മഹാരാഷ്ട്രയില്‍ പുതുതായി അധികാരത്തിലെത്തിയ സര്‍ക്കാര്‍ അടുത്ത ആറ് മാസത്തിനുള്ളില്‍ വീഴാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് ഇടക്കാല തെരഞ്ഞെടുപ്പിന് എല്ലാവരും തയ്യാറായിക്കൊള്ളുക,’ ശരദ് പവാര്‍ പറഞ്ഞു.
നിലവിലെ സംവിധാനത്തില്‍ ഷിന്‍ഡെയെ പിന്തുണച്ച വിമത എം.എല്‍.എമാര്‍ അതൃപ്തരാണെന്നും അതിനാല്‍ തന്നെ ഇവരുടെ പിന്തുണയോടുകൂടി അധികാരത്തിലെത്തിയ സര്‍ക്കാര്‍ അധിക കാലം നിലനില്‍ക്കുമെന്ന കാര്യത്തില്‍ ഉറപ്പൊന്നും വേണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എന്നാല്‍ തന്റെ സര്‍ക്കാര്‍ ഭരണകാലാവധി പൂര്‍ത്തിയാക്കുമെന്ന് ഏക് നാഥ് ഷിന്‍ഡെയും പറഞ്ഞിരുന്നു.
ജനങ്ങളുടെ ജീവിതത്തിലേക്ക് നല്ല ദിനങ്ങള്‍ കൊണ്ടുവരുമെന്നും ഷിന്‍ഡെ പറഞ്ഞിരുന്നു.
ബാലാസാഹെബിന്റെ ഹിന്ദുത്വ എന്ന ആശയത്തെ മുന്നോട്ട് കൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Content Highlight: BJP Chief says that shinde was elected as the chief minister of maharashtra with a heavy heart