| Wednesday, 17th July 2024, 1:47 pm

യോഗിയെ മാറ്റിനിര്‍ത്തി യു.പി പാര്‍ട്ടി ആസ്ഥാനത്ത് രാത്രി വൈകി നദ്ദ- ഉപമുഖ്യമന്ത്രി കൂടിക്കാഴ്ച; പൊളിച്ചുപണികളുണ്ടായേക്കുമെന്ന് സൂചന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ വലിയ തിരിച്ചടിക്ക് പിന്നാലെ ഉത്തര്‍പ്രദേശ് ബി.ജെ.പിയില്‍ സംഘടനാപരമായ മാറ്റങ്ങളുണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ പാര്‍ട്ടി ആസ്ഥാനത്ത് രാത്രി വൈകി യോഗം ചേര്‍ന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയും
ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും.

ഉത്തര്‍പ്രദേശ് ബി.ജെ.പി അധ്യക്ഷന്‍ ഭൂപേന്ദ്ര സിങ് ചൗധരിയോടൊപ്പം പാര്‍ട്ടി ഓഫീസിലെത്തിയ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ നദ്ദയുമായി മണിക്കൂറുകളോളമാണ് ചര്‍ച്ച നടത്തിയത്. യോഗിയെ ഒഴിവാക്കിയുള്ള ചര്‍ച്ചയാണ് വിവാദങ്ങള്‍ക്ക് ആക്കംകൂട്ടിയത്.

യോഗത്തില്‍ ചര്‍ച്ച ചെയ്ത കാര്യങ്ങളെക്കുറിച്ചോ വിഷയങ്ങളെക്കുറിച്ചോ ഔദ്യോഗിക പ്രസ്താവനകളൊന്നും പുറപ്പെടുവിച്ചിട്ടില്ലെങ്കിലും, പാര്‍ട്ടി കാര്യങ്ങളുമായി ബന്ധപ്പെട്ട ചില തീരുമാനങ്ങളും സംസ്ഥാന സര്‍ക്കാരില്‍ വരാന്‍ പോകുന്ന ചില മാറ്റങ്ങളും ചര്‍ച്ചയായതായാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികളെത്തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ സംഘടനാപരമായി ചില പൊളിച്ചുപണികള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരിക്കവേയാണ് ചില പ്രഖ്യാപനങ്ങള്‍ വൈകാതെ തന്നെ ഉണ്ടാകുമെന്ന സൂചന പാര്‍ട്ടിയില്‍ നിന്ന് തന്നെ വരുന്നത്.

ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികളുടെ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശില്‍ പാര്‍ട്ടി പുനഃസംഘടിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള സുപ്രധാന തീരുമാനങ്ങള്‍ ബി.ജെ.പി ഉടന്‍ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനയുണ്ട്.

‘വരാനിരിക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് പ്രവചിക്കുന്നത് വെല്ലുവിളിയാണ്, എന്നാല്‍ പോലും ബി.ജെ.പിയുടെ യു.പി യൂണിറ്റിനുള്ളില്‍ ചില മാറ്റങ്ങള്‍ വരാനിരിക്കുന്നു എന്നത് വ്യക്തമാണ്. ഒരുപക്ഷേ ചില പുതിയ മുഖങ്ങളെ ഇവിടെ അവതരിപ്പിച്ചേക്കാം,’ യു.പിയിലെ ബി.ജെ.പി നേതാവ് പറഞ്ഞതായി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പാര്‍ട്ടി തലവന്‍ കേശവ് പ്രസാദ് മൗര്യയും നദ്ദയും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുക്കാത്തതാണ് അഭ്യൂഹങ്ങള്‍ക്ക് വഴിയൊരുക്കിയത്. യോഗിയെ അധികാരത്തില്‍ നിന്നും മാറ്റുന്ന തരത്തിലുള്ള നീക്കങ്ങളാണോ അണിയറയില്‍ നടക്കുന്നതെന്ന ചോദ്യമാണ് ഉയരുന്നത്.

മോദി മൂന്നാമതും അധികാരത്തിലെത്തിയാല്‍ യു.പി മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് യോഗി ആദിത്യനാഥിനെ മാറ്റുമെന്ന് ദല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞത് വലിയ വാര്‍ത്തയായിരുന്നു.

പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ മാത്രമല്ല സ്വന്തം പാര്‍ട്ടിയിലെ ആളുകളേയും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നം വെക്കുമെന്നും ഒരു രാജ്യം ഒരു നേതാവ് എന്നത് ദൗത്യമായി പ്രഖ്യാപിച്ച മോദി അടുത്തു തന്നെ യോഗി ആദിത്യനാഥിന്റെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുമെന്നായിരുന്നു കെജ്‌രിവാള്‍ പറഞ്ഞത്.

‘അദ്വാനി, മുരളി മനോഹര്‍ ജോഷി, ശിവരാജ് സിങ് ചൗഹാന്‍, വസുന്ധരെ രാജെ, ഖട്ടാര്‍, രമണ്‍ സിങ് എന്നിവരുടെ രാഷ്ട്രീയ ജീവിതം അവസാനിച്ചു. ഈ പട്ടികയില്‍ അടുത്തത് യോഗി ആദിത്യനാഥ് ആണ്. മോദി വീണ്ടും അധികാരത്തില്‍ വന്നാല്‍ അടുത്ത രണ്ട് മാസത്തിനകം യു.പി മുഖ്യമന്ത്രിയെ മാറ്റും,’ എന്നായിരുന്നു കെജ്‌രിവാള്‍ പറഞ്ഞത്.

Content Highlight: BJP chief Nadda’s late-night meeting with UP Dy CM sparks speculation

We use cookies to give you the best possible experience. Learn more