ചെന്നൈ: പെട്രോള്‍ വിലക്കയറ്റം ചോദ്യം ചെയ്തതിന് മര്‍ദ്ദനമേറ്റ ഓട്ടോറിക്ഷാ ഡ്രൈവറെ ബി.ജെ.പി തമിഴ്‌നാട് സംസ്ഥാന മേധാവി തമിഴിസൈ സൗന്ദരരാജന്‍ വീട്ടിലെത്തി സന്ദര്‍ശിച്ചു. വിഷയം “തെറ്റായ രീതിയില്‍” ചിത്രീകരിക്കപ്പെടുകയാണെന്നും ഇതിനാലാണ് മര്‍ദ്ദനമേറ്റ കതിരിനെ വീട്ടിലെത്തി സന്ദര്‍ശിക്കാന്‍ തീരുമാനിച്ചതെന്നും തമിഴിസൈ മാധ്യമങ്ങളോടു പറഞ്ഞു.
കതിരിന്റെ വീട്ടിലെത്തി സുഖവിവരമാരാഞ്ഞ തമിഴിസൈ തന്നെയാണ് വിവരം ട്വിറ്റര്‍ വഴി പുറത്തുവിട്ടത്. കതിരുമായി സൗഹൃദ സംഭാഷണം നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും കുടുംബാംഗങ്ങള്‍ക്ക് മധുരം നല്‍കുന്നതിന്റെ ചിത്രങ്ങളും തമിഴിസൈ പങ്കുവച്ചിട്ടുണ്ട്.
പൊതു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് സംസ്ഥാന അദ്ധ്യക്ഷയോട് കതിര്‍ പെട്രോള്‍ വിലവര്‍ദ്ധനവിനെക്കുറിച്ച് ചോദിച്ചത്. ഇതോടെ തമിഴിസൈയുടെ അനുയായികള്‍ ചേര്‍ന്ന് കതിരിനെ മര്‍ദ്ദിക്കുകയായിരുന്നു.
മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ, തമിഴിസൈക്കെതിരെ വലിയ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. തന്നെ ബി.ജെ.പി പ്രവര്‍ത്തകര്‍ തെറ്റിദ്ധരിച്ചതാണെന്നും, തന്റെ ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെടുത്താനായിരുന്നു തന്റെ ശ്രമമെന്നും കതിര്‍ നേരത്തേ മാധ്യമങ്ങളോടു പറഞ്ഞിരുന്നു.
ദിനംപ്രതിയുള്ള പെട്രോള്‍ വിലകാരണം തന്റെ ദിവസ വരുമാനം 300 രൂപയായി ചുരുങ്ങിയെന്നാണ് കതിര്‍ പറയുന്നത്. ഇതുകൊണ്ട് കുടുംബം നടത്തിക്കൊണ്ടുപോകാന്‍ പറ്റുന്നില്ലെന്നും ചിലസമയങ്ങളില്‍ ഓട്ടോ ഉടമയ്ക്ക് നല്‍കാനുള്ള വാടകപോലും നല്‍കാനാവുന്നില്ലെന്നും അദ്ദേഹം പറയുന്നു.
ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരിക്കുന്ന പോലെ, ആരേയും പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തിട്ടില്ലെന്നും അങ്ങിനെയൊരാളെ താന്‍ കണ്ടിട്ടുപോലുമില്ലെന്നുമായിരുന്നു വിഷയത്തില്‍ തമിഴിസൈയുടെ ആദ്യ പ്രതികരണം.