| Friday, 6th January 2023, 4:20 pm

മോദി പ്രധാനമന്ത്രിയായതിന് ശേഷം രാജ്യം യു-ടേണ്‍ എടുത്തു: ജെ.പി. നദ്ദ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: 2014ല്‍ നരേന്ദ്ര മോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയായി അധികാരമേറ്റതിന് ശേഷമാണ് ഇന്ത്യയുടെ രാഷ്ട്രീയ സംസ്‌കാരത്തില്‍ മാറ്റം വന്നതെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ.

ഭിന്നിപ്പിച്ച് ഭരിക്കുക എന്ന രാഷ്ടീയമാണ് കോണ്‍ഗ്രസ് നടത്തുന്നതെന്നും എന്നാല്‍ സാമൂഹ്യ സേവനത്തിനും വികസനത്തിനും വേണ്ടിയാണ് ബി.ജെ.പി നിലകൊള്ളുന്നതെന്നും നദ്ദ പറഞ്ഞു.

വരാനിരിക്കുന്ന കര്‍ണാടക നിയസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തകരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാന്‍ വെറുതെ പറയുന്നതല്ല, യു.പി.എ ഗവണ്‍മെന്റ് വിവിധ പാര്‍ട്ടികളുടെ ഒരു മിശ്രിതമായിരുന്നു. അവയെല്ലാം കുടുംബ പാര്‍ട്ടികളായിരുന്നു. വോട്ട് ബാങ്ക് രാഷ്ട്രീയം ലക്ഷ്യം വെച്ചുകൊണ്ടുള്ള ജനാധിപത്യ സംവിധാനമായിരുന്നു അവരുടേത്,’ നദ്ദ പറഞ്ഞു.

നരേന്ദ്ര മോദി അധികാരത്തിലെത്തിയതിന് ശേഷം ഇവയെല്ലാം മാറ്റിമറിച്ചുവെന്നും, രാജ്യം കുടുംബ ഭരണം, ജാതി സമവാക്യങ്ങള്‍, വോട്ട് ബാങ്ക് രാഷ്ട്രീയം എന്നിവയില്‍ നിന്ന് രാജ്യം യു-ടേണ്‍ എടുത്തതായും നദ്ദ അഭിപ്രായപ്പെട്ടു.

ബി.ജെ.പി നേതാക്കള്‍ ആളുകളുടെ മുന്നില്‍ വരുമ്പോള്‍ സമൂഹത്തെയും ജാതി വ്യവസ്ഥയെയും മതത്തെയും വിഭജിക്കുന്നതിനെക്കുറിച്ചല്ല സംസാരിക്കുന്നതെന്നും, അവര്‍ നിങ്ങളുടെ മുന്നില്‍ പ്രോഗ്രസ് റിപ്പോര്‍ട്ടുകളുമായാണ് വരുന്നതെന്നും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, കോണ്‍ഗ്രസിനെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെയും ജനങ്ങള്‍ക്ക് ഇനി വേണ്ടെന്നും നരേന്ദ്ര മോദി ഇന്ത്യയൊട്ടാകെ സമൃദ്ധിക്ക് അടിത്തറ പാകിയെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

കോണ്‍ഗ്രസ് രാജ്യത്ത് നിന്നും കമ്മ്യൂണിസ്റ്റുകള്‍ ലോകത്ത് നിന്നും അവസാനിച്ചെന്നും അദ്ദേഹം പറഞ്ഞു. ത്രിപുരയിലെ ബി.ജെ.പി റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Content Highlight: BJP Chief JP Nadda Explain How PM Modi “Changed India’s Political Culture”

We use cookies to give you the best possible experience. Learn more