| Tuesday, 27th March 2018, 3:02 pm

'യെദ്യൂരപ്പ അഴിമതിയില്‍ നമ്പര്‍ വണ്‍'; യെദ്യൂരപ്പയെ വേദിയിലിരുത്തി അമിത് ഷായുടെ പ്രസംഗം [വീഡിയോ]

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കര്‍ണാടകയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി യെദ്യൂരപ്പയെ അഴിമതിക്കാരനെന്ന് വിളിച്ച് ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷാ. യെദ്യൂരപ്പ വേദിയില്‍ തൊട്ടടുത്തിരിക്കുമ്പോഴായിരുന്നു അമിത് ഷായുടെ “ആരോപണം”. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഒരു റിട്ട.ജഡ്ജ് ഒരിക്കല്‍ എന്നോട് പറഞ്ഞു, ഏറ്റവും അഴിമതിക്കാരനായ സര്‍ക്കാര്‍ ഏതാണെന്നൊരു മത്സരം സംഘടിപ്പിച്ചാല്‍ യെദ്യൂരപ്പയാവും അതില്‍ ഒന്നാം സ്ഥാനം.”- അമിത് ഷാ പറഞ്ഞു.

ഇത് രണ്ടാം തവണയാണ് അമിത്ഷാ യെ്ദയൂരപ്പയെ അഴിമതിക്കാരനെന്ന് വിളിക്കുന്നത്. മുന്‍പ് യെദ്യൂരപ്പയെ അമിത് ഷാ അഴിമതിക്കാരന്‍ എന്ന് വിളിക്കുന്ന വീഡിയോ കോണ്‍ഗ്രസ് ഐ.ടി സെല്‍ തലവന്‍ ദിവ്യ സ്പന്ദന ട്വീറ്റ് ചെയ്തിട്ടുണ്ട്. “യെദ്യൂരപ്പയെക്കുറിച്ച് അമിത്ഷായുടെ മനസില്‍ എന്താണ്” എന്നാണ് ദിവ്യ ട്വിറ്ററില്‍ കുറിച്ചത്.

ഷായുടെ സംസാരം കേട്ട് സമീപത്തിരുന്ന ബി.ജെ.പി നേതാവ് പ്രഹ്ലാദ് ജോഷിയും യെദ്യൂരപ്പയും ഞെട്ടുകയും ഷായെ തിരുത്താന്‍ ശ്രമിക്കുന്നതും പത്രസമ്മേളനത്തിന്റെ വീഡിയോയില്‍ കാണാം. എന്നാല്‍ ഒന്നും സംഭവിക്കാത്തത് പോലെ മുഖത്ത് ഭാവമാറ്റമില്ലാതെ ഷാ സംസാരം തുടര്‍ന്ന് പോയി.


Read Also: ബാങ്കിന്റെ വരാന്തയില്‍ കിടന്നുറങ്ങുന്നവരെ നേരിടാന്‍ ഇരുമ്പാണി തറച്ചുവെച്ച് എച്ച്.ഡി.എഫ്.സി; വിവാദമായതിന് പിന്നാലെ ആണി നീക്കി അധികൃതര്‍


അതേസമയം, കര്‍ണാടകത്തിലെ പ്രബല സമുദായമായ ലിംഗായത്തിന് പ്രത്യേക മത പരിഗണന നല്‍കാനുള്ള സിദ്ധരാമയ്യയുടെ തീരുമാനം ഹിന്ദുക്കള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണെന്ന് അമിത് ഷാ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. യെദ്യൂരപ്പ മുഖ്യമന്ത്രിയാവുന്നത് തടയുകയാണ് ഇതിന്റെ ലക്ഷ്യമെന്നും ഷാ ആരോപിച്ചു.

ഹിന്ദു, മുസ്‌ലിം, സിഖ്, ക്രിസ്ത്യന്‍ വിഭാഗക്കാരെ ഒന്നിപ്പിക്കുന്നതിനെക്കുറിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ സംസാരിക്കുമ്പോഴാണ് കര്‍ണാടകയില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി ഹിന്ദുക്കളെ ഭിന്നിപ്പിക്കുന്നത്. ഇത്തരത്തില്‍ അഭ്യന്തര സംഘര്‍ഷം കോണ്‍ഗ്രസില്‍ അല്ലാതെ വേറെ എവിടെയുമുണ്ടാവില്ലെന്നും ഷാ പറഞ്ഞു.

കര്‍ണാടക മുഖ്യമന്ത്രിയായിരുന്ന യെദ്യൂരപ്പ അഴിമതി ആരോപണത്തെത്തുടര്‍ന്ന് 2011ലാണ് രാജി വച്ചത്.


Watch DoolNews Special :  പൂനൂർ പുഴയിലെ വെള്ളമാണോ നിങ്ങൾ കുടിക്കുന്നത്?

Latest Stories

We use cookies to give you the best possible experience. Learn more