മധുരക്കരിമ്പിന്റെ നടുകഷ്ണം എങ്ങനെയെങ്കിലും സ്വന്തമാക്കണം എന്ന് കരുതി പോയവര്‍ കണ്ണുനിറഞ്ഞാണ് മടങ്ങിയത്. സംഭവം കര്‍ണാടകയിലാണ്. കര്‍ണാടക മഴക്കെടുതിയുടെ ദുരിതമനുഭവിക്കവേ മന്ത്രിസ്ഥാനം മോഹിച്ച് മുഖ്യമന്ത്രിയോടൊപ്പം വിമാനം കയറിയവര്‍ക്കാണ് നിരാശയോടെ മടങ്ങേണ്ടി വന്നത്.
ആഗസ്ത് 5ന് നിരവധി എം.എല്‍.എമാരാണ് മന്ത്രി സ്ഥാനം സ്വന്തമാക്കുന്നതിന് വേണ്ടി യെദിയൂരയോടൊപ്പം ബി.ജെ.പി കേന്ദ്ര നേതൃത്വത്തെ കാണുന്നതിന് വേണ്ടി ദല്‍ഹിയിലെത്തിയത്. മഴയില്‍ കയറിയ വെള്ളം ഇറങ്ങിയിട്ട് പോരെ മന്ത്രി സ്ഥാനം എന്ന ചോദ്യമാണ് ഇവരോട് കേന്ദ്രനേതൃത്വം ചോദിച്ചത്. സംസ്ഥാനത്തെ മഴക്കെടുതിയുടെ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്ന് കേന്ദ്രനേതൃത്വം എം.എല്‍.എമാരോട് പറഞ്ഞു.
അധികാരത്തിലേറി രണ്ടാഴ്ചയോളം പിന്നിട്ടിട്ടും ഇത് വരെ കര്‍ണാടകത്തില്‍ മന്ത്രിമാരെ തെരഞ്ഞെടുത്തിട്ടില്ല. കനത്ത മഴ കര്‍ണാടകത്തില്‍ പെയ്യുമ്പോഴായിരുന്നു യെദിയൂരപ്പ തന്റെ മന്ത്രിമാരെ ഉറപ്പിക്കുന്നതിന് വേണ്ടി ദല്‍ഹിയിലേക്ക് കയറിയത്. ഇതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗതെത്തിയിരുന്നു.