| Saturday, 1st June 2019, 12:19 pm

ഒരു സീറ്റും നേടാന്‍ കഴിയാതെ പോയ ആന്ധ്രപ്രദേശിന്റെ ചുമതല വഹിച്ച മുരളീധരന്‍ കേന്ദ്രമന്ത്രി; വന്‍ വിജയം നേടിക്കൊടുത്ത ഭാരവാഹികള്‍ക്ക് മന്ത്രിസ്ഥാനമില്ല, നിരാശയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വന്‍വിജയമാണ് നേടിയത്. എന്നാല്‍ ബി.ജെ.പി സീറ്റുകള്‍ തൂത്തൂവാരിയ സംസ്ഥാനങ്ങളില്‍ നേതൃത്വം നല്‍കിയ ദേശീയ ഭാരവാഹികള്‍ക്ക് മന്ത്രി സ്ഥാനം ലഭിക്കാത്തതില്‍ നിരാശയിലാണെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മുന്‍ വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കര്‍, മൂന്ന് മുന്‍ മുഖ്യമന്ത്രിമാര്‍, മൂന്ന് സംസ്ഥാന പ്രസിഡന്റുമാര്‍ തുടങ്ങിയവരെല്ലാം മന്ത്രിസഭയില്‍ ഇടം നേടിയപ്പോള്‍ ബി.ജെ.പി ദേശീയ ഭാരവാഹികളാരെയും മന്ത്രി സഭയില്‍ അംഗങ്ങളാക്കിയില്ല.

പാര്‍ട്ടി വൈസ് പ്രസിഡന്റുമാരായ വിനയ് സഹസ്രബുദ്ധെ, പ്രഭാത് ഝാ, ഒപി മാഥുര്‍, ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ്, ജനറല്‍ സെക്രട്ടറിമാരായ സരോജ് പാണ്ഡെ, ഭൂപേന്ദര്‍ യാദവ്, അനില്‍ ജയിന്‍ എന്നിവരെയാരെയും ഭാരവാഹികളാക്കിയില്ല. ഇവരെല്ലാവരും രാജ്യസഭാംഗങ്ങളാണ്.

കൈലാഷ് വിജയ് വര്‍ഗിയ, പശ്ചിമ ബംഗാളിന്റേയും ഒഡീഷയുടേയും ചുമതലയുള്ള അരുണ്‍ സിംഗ് മീഡിയ സെല്‍ തലവന്‍ അനില്‍ ബലൂണി, വക്താവ് ജിവിഎല്‍ നരസിംഹ റാവു ഇവര്‍ക്കും മന്ത്രിസഭയില്‍ ഇടം കിട്ടാതെ പോയി.

42ല്‍ 18സീറ്റും 40 ശതമാനം വോട്ടും നേടി വന്‍മുന്നേറ്റമാണ് ബംഗാളില്‍ ബിജെപി നടത്തിയത്. പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കിയ കൈലാഷ് വിജയ് വര്‍ഗീയക്ക് ഇക്കുറി ഇന്‍ഡോറില്‍ മത്സരിക്കാന്‍ കഴിഞ്ഞിരുന്നില്ല.

രാജ്യസഭാംഗങ്ങളായിരുന്ന ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ, രവിശങ്കര്‍ പ്രസാദ്, സ്മൃതി ഇറാനി എന്നിവര്‍ ലോക്‌സഭാംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് രാജ്യസഭയില്‍ ഉണ്ടാവുന്ന മൂന്ന് ഒഴിവുകളില്‍ ദേശീയ ഭാരവാഹികളെ ഉള്‍പ്പെടുത്താം എന്നാണ് ദേശീയ നേതൃത്വം കരുതുന്നത്. എന്നാല്‍ ഈ രണ്ടൊഴിവുകളിലൊന്നില്‍ എസ് ജയശങ്കറും രാംവിലാസ് പാസ്വാനുമാണ് മത്സരിക്കുക. ഒരു ദേശീയ ഭാരവാഹിയെ രാജ്യസഭയിലെത്തിക്കും.

ജമ്മു കശ്മീരിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ബിജെപിയെ വളര്‍ത്തിയെടുക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച രാം മാധവ് മന്ത്രിസഭയില്‍ ഉണ്ടാവുമെന്നാണ് കരുതിയിരുന്നത്. രാം മാധവിനെ പോലെ തന്നെ, പത്തരലക്ഷം പാര്‍ട്ടി അംഗങ്ങള്‍ക്ക് നല്‍കിയ പരിശീലന പരിപാടിയുടെ ചുമതല വഹിച്ചിരുന്ന പി. മുരളീധര്‍ റാവുാണ് ഓഴിവാക്കപ്പെട്ട മറ്റൊരാള്‍. മുരളീധര്‍ റാവുവിന് ചുമതല ഉണ്ടായിരുന്ന കര്‍ണാടകയില്‍ 28ല്‍ 25സീറ്റും ബി.ജെ.പി നേടിയിരുന്നു.

പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായ ഭൂപേന്ദര്‍ യാദവിന് ചുമതലയുണ്ടായിരുന്ന ബീഹാറിലും ഗുജറാത്തിലും മികച്ച വിജയമാണ് ബി.ജെ.പി നേടിയത്. ഒറ്റക്ക് ഗുജറാത്തിലും ബീഹാറിലും ജനതാദള്‍ യുണൈറ്റഡിനോടൊപ്പവും എല്‍.ജെ.പിക്കും ഒപ്പവും. സഹസ്രബുദ്ധക്ക് ചുമതലയുണ്ടായിരുന്ന മധ്യപ്രദേശില്‍ 29ല്‍ 28 സീറ്റും ബിജെപി നേടി. സരേജ് പാണ്ഡെ നയിച്ച മഹാരാഷ്ട്രയില്‍ 48ല്‍ 41 സീറ്റും നേടി.

ഹരിയാനയിലും ചത്തീസ്ഗഡിലും അനില്‍ ജെയിനിനായിരുന്നു ചുമതല. ചത്തീസ്ഗഡില്‍ വന്‍ തിരിച്ചു വരവാണ് ബിജെപി നടത്തിയത്. 11ല്‍ 9 സീറ്റ് ബിജെപി നേടി. ഹരിയാന ബിജെപി തൂത്തുവാരി. രാജസ്ഥാനില്‍ 25ല്‍ 24 സീറ്റും നേടി. ശ്യാം ജാജുവിന് ഉത്തരാഖണ്ഡിന്റെയും ദല്‍ഹിയുടേയും ചുമതലയായിരുന്നു. ഇവിടെയും എല്ലാ സീറ്റും ബിജെപി ജയിച്ചു. ഈ നേതാക്കള്‍ക്ക് ആര്‍ക്കും മന്ത്രിസഭയില്‍ ഇടം നല്‍കിയില്ല.

മണിപ്പൂരിന്റെ ചുമതല വഹിച്ച പ്രഹ്ളാദ് പട്ടേലിനും ആന്ധ്രപ്രദേശിന്റെ ചുമതല വഹിച്ച വി മുരളീധരനും മാത്രമാണ് മന്ത്രിസഭയില്‍ ഉള്‍പ്പെടാന്‍ കഴിഞ്ഞത്. ആന്ധ്രയില്‍ നേരത്തെയുണ്ടായിരുന്ന രണ്ട് സീറ്റുകള്‍ നഷ്ടപ്പെടുകയായിരുന്നു ഇത്തവണ.

ഉത്തര്‍പ്രദേശിന്റെ ചുതലയുണ്ടായിരുന്ന ബിജെപി മുതിര്‍ന്ന നേതാവ് ജെ.പി നഡ്ഡയും മന്ത്രിസഭയില്‍ നിന്ന് പുറത്താണ്. 62 സീറ്റാണ് ഉത്തര്‍പ്രദേശില്‍ നിന്ന് നേടിയത്. അമിത് ഷാ ആഭ്യന്തര മന്ത്രിയായതോടെ നഡ്ഡയുടെ പേരാണ് ദേശീയ അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഇപ്പോള്‍ ചര്‍ച്ചയിലുള്ളത്.

Latest Stories

We use cookies to give you the best possible experience. Learn more