കോര്‍പ്പറേറ്റുകള്‍ക്കായി കേന്ദ്രം എഴുതിത്തള്ളിയത് 2,37,876 കോടി രൂപയുടെ കടം; ഇതാണോ മോദിജിയുടെ വികസനമെന്നും രാഹുല്‍ ഗാന്ധി
national news
കോര്‍പ്പറേറ്റുകള്‍ക്കായി കേന്ദ്രം എഴുതിത്തള്ളിയത് 2,37,876 കോടി രൂപയുടെ കടം; ഇതാണോ മോദിജിയുടെ വികസനമെന്നും രാഹുല്‍ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 31st December 2020, 1:16 pm

ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ഈ വര്‍ഷം വിവിധ വ്യവസായികളുടെ 2,37,876 കോടി കോടി രൂപയുടെ കടം എഴുതിതള്ളിയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കൊവിഡിനെ തുടര്‍ന്ന് ജനങ്ങള്‍ ഏറ്റവും ബുദ്ധിമുട്ടിലായിരിക്കുന്ന സമയത്താണ് മോദി ഇത്തരത്തിലുള്ള നടപടി സ്വീകരിച്ചതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

‘വിവിധ കമ്പനികളുടെ 2378760000000 രൂപയുടെ കടമാണ് മോദി സര്‍ക്കാര്‍ ഈ വര്‍ഷം എഴുതി തള്ളിയത്. ഈ തുക കൊണ്ട് കൊവിഡ് കാലത്ത് ബുദ്ധിമുട്ടുന്ന ജനങ്ങളിലെ 11 കോടി കുടുംബങ്ങള്‍ക്ക് 20,000 രൂപ വെച്ച് നല്‍കാമായിരുന്നു. ഇതാണ് മോദി ജിയുടെ വികസനത്തിന്റെ യാഥാര്‍ത്ഥ്യം,’ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

കേന്ദ്രത്തിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ കോര്‍പ്പറേറ്റുകളെ സഹായിക്കുന്നതിന് വേണ്ടിയുള്ളതാണെന്ന ആരോപണങ്ങള്‍ ശക്തമാകുന്നതിനിടയിലാണ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന. ഒരു മാസം പിന്നിട്ടിട്ടും കര്‍ഷക പ്രതിഷേധത്തിന് പരിഹാരം കാണാന്‍ സാധിക്കാത്തതിനാല്‍ കേന്ദ്രം നിലവില്‍ വലിയ സമ്മര്‍ദത്തിലാണ്. ഇതിനിടയില്‍ കോര്‍പ്പറേറ്റുകളുടെ കടം എഴുതിത്തള്ളിയെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത് കേന്ദ്രത്തെ കൂടുതല്‍ സമ്മര്‍ദത്തിലാക്കുകയാണ്.

കര്‍ഷകരുമായി കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു. തിങ്കളാഴ്ച വീണ്ടും ചര്‍ച്ച നടത്തുമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. അതേസമയം നിയമം പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന ഉറച്ച തീരുമാനത്തിലാണ് കര്‍ഷകര്‍.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്നും ഭേദഗതി വരുത്താമെന്നുമാണ് കേന്ദ്രം മുന്നോട്ട് വെച്ചിരുന്നത്. എന്നാല്‍ കാര്‍ഷിക നിയമം ഭേദഗതി ചെയ്യുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചക്കില്ലെന്ന് കര്‍ഷകരും അറിയിച്ചിരുന്നു. നിയമം പിന്‍വലിക്കുന്നതൊഴികെയുള്ള ആവശ്യം പരിഗണിക്കാമെന്നും കേന്ദ്രം പറഞ്ഞിരുന്നു. എന്നാല്‍ നിയമം പിന്‍വലിക്കുന്നതിനെക്കുറിച്ച് വ്യക്തമാക്കണമെന്നാണ് കര്‍ഷകര്‍ നിലപാടെടുത്തത്.

താങ്ങുവില പിന്‍വലിക്കില്ല എന്ന് ഉറപ്പ് നല്‍കാമെന്നാണ് കേന്ദ്രം പറഞ്ഞത്. അതേസമയം താങ്ങുവിലയില്‍ നിയമം കൊണ്ടുവരണമെന്ന ആവശ്യം സര്‍ക്കാര്‍ തള്ളുകയും ചെയ്തു. 41 കാര്‍ഷിക സംഘടനകളുടെ പ്രതിനിധികളാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. ഡിസംബര്‍ എട്ടിന് മുടങ്ങിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ഇന്ന് വീണ്ടും ചര്‍ച്ച നടത്തിയത്.

കേന്ദ്രകാര്‍ഷികമന്ത്രി നരേന്ദ്ര സിംഗ് തോമറും കേന്ദ്ര റെയില്‍വേമന്ത്രി പീയുഷ് ഗോയലും കേന്ദ്ര വാണിജ്യ വ്യവസായ സഹമന്ത്രി സോം പ്രകാശുമാണ് കര്‍ഷകരുമായി ചര്‍ച്ച നടത്തിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: BJP Central Govt waived crores of debt of corporates