| Wednesday, 18th March 2020, 3:14 pm

'ഇത് അപകടകരം;' പത്ത് സംസ്ഥാനങ്ങളിലെ ജനങ്ങളുടെ കോള്‍ റെക്കോര്‍ഡുകള്‍ ശേഖരിച്ച് കേന്ദ്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചില പ്രത്യേക ദിവസങ്ങളിലെ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ മുഴുവന്‍ ജനങ്ങളുടെയും കോള്‍ റെക്കോര്‍ഡുകള്‍ ആവശ്യപ്പെട്ട് കേന്ദ്രം. ഇത് സ്വകാര്യതയുടെയും മറ്റു നിയമങ്ങളുടെയും ലംഘനമാകുന്നതെങ്ങിനെ, പ്രത്യാഘാതങ്ങള്‍ – വിശദീകരിക്കുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കേരളമടക്കം രാജ്യത്തെ വിവിധ ഭാഗങ്ങളിലെ മുഴുവന്‍ പൗരന്മാരുടെയും ചില പ്രത്യേക ദിവസങ്ങളിലെ കോള്‍ റെക്കോഡുകള്‍ ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍. സുപ്രീം കോടതിയുടെ സ്വകാര്യത സംബന്ധിച്ചുള്ള എല്ലാ മാര്‍ഗനിര്‍ദേശങ്ങളും ലംഘിച്ചാണ് മൊബൈല്‍ കമ്പനികളോട് ഉപയോക്താക്കളുടെ മുഴുവന്‍ കോള്‍ റെക്കോര്‍ഡുകളും നല്‍കാന്‍ ടെലികോം ഡിപ്പാര്‍ട്ട്‌മെന്റ് ആവശ്യപ്പെട്ടിട്ടുള്ളത്. സര്‍ക്കാരിന്റെ ആവശ്യം തികച്ചും നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി മൊബൈല്‍ ഓപ്പറേറ്റ്‌ഴ്‌സ് പരാതി ഉന്നയിച്ചിട്ടുണ്ട്. ഇന്ത്യന്‍ എക്‌സ്പ്രസാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

കേരളം, ദല്‍ഹി, ആന്ധ്രാ പ്രദേശ്, ഹരിയാന, ഹിമാചല്‍ പ്രദേശ്, ജമ്മു, കശ്മീര്‍, ഒഡീഷ, മധ്യപ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലുള്ളവരുടെ കഴിഞ്ഞ മാസങ്ങളിലെ ചില ദിവസങ്ങളിലെ മുഴുവന്‍ കോള്‍ റെക്കോര്‍ഡുകളുമാണ് കേന്ദ്രം ആവശ്യപ്പെട്ടത്. ടെലികമ്മ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ടിമെന്റിന്റെ ഈ പ്രദേശങ്ങളിലെ ഉദ്യോഗസ്ഥര്‍ വഴിയാണ് കമ്പനികളോട് വിവരങ്ങള്‍ നല്‍കാന്‍ അറിയിച്ചത്.

ഇതില്‍ തന്നെ ഫെബ്രുവരി 2,3,4 തിയതികളിലാണ് ദല്‍ഹിയിലെ ജനങ്ങളുടെ കോള്‍ റെക്കോര്‍ഡുകള്‍ ആവശ്യപ്പെട്ടത്. ദല്‍ഹി തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ്, തെരഞ്ഞെടുപ്പ് പ്രചാരണം ഏറ്റവും ശക്തമായിരിക്കുന്ന ദിവസങ്ങളിലാണ് കേന്ദ്ര സര്‍ക്കാര്‍ കോള്‍ റെക്കോര്‍ഡുകള്‍ ആവശ്യപ്പെട്ടത് എന്നതും കൂടുതല്‍ സംശയങ്ങള്‍ക്ക് വഴിവെക്കുന്നുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇതാദ്യമായല്ല, കേന്ദ്ര സര്‍ക്കാര്‍ നിയമവിരുദ്ധമായി കോള്‍ റെക്കോര്‍ഡുകള്‍ ആവശ്യപ്പെടുന്നത്. പക്ഷെ ഇത്തരത്തില്‍ മുഴുവന്‍ ആളുകളുടെയും റെക്കോര്‍ഡുകള്‍ ആവശ്യപ്പെടുന്ന നിര്‍ദേശങ്ങള്‍ വന്നത് ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ മാത്രമാണെന്ന് പേരു വെളിപ്പെടുത്തില്ലെന്ന ഉറപ്പില്‍ കമ്പനി ഉദ്യോഗസ്ഥന്‍ ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറഞ്ഞു.

ഫെബ്രുവരി 12ന് സെല്ലുലാര്‍ ഓപ്പറേറ്റഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ഇത്തരം ആവശ്യങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി ടെലികമ്മ്യൂണിക്കേഷന്‍സ് ഡിപ്പാര്‍ട്ടമെന്റ് സെക്രട്ടറി അന്‍ഷു പ്രകാശിന് പരാതി നല്‍കിയിരുന്നു. നിലവിലെ നിയമപ്രകാരം ഏതെങ്കിലും വ്യക്തികളുടെ കോള്‍ റെക്കോര്‍ഡുകള്‍ ആവശ്യപ്പെടാനുള്ള അധികാരം പൊലീസിലെ എസ്.പി റാങ്കും അതിന് മുകളിലും ഉള്ളവര്‍ക്കാണ്. കൂടാതെ എല്ലാ മാസവും ഇത്തരത്തില്‍ ശേഖരിച്ച റെക്കോര്‍ഡുകളുടെ മുഴുവന്‍ വിവരങ്ങളും ജില്ലാ മജിസ്‌ട്രേറ്റിന് മുന്‍പില്‍ സമര്‍പ്പിക്കുകയും വേണം. ഈ അടിസ്ഥാന നിയമങ്ങള്‍ പോലും ലംഘിച്ചാണ് കേന്ദ്രം റെക്കോര്‍ഡുകള്‍ ആവശ്യപ്പെട്ടത്.

ഉപയോക്താക്കളുടെ ഐഡിന്റിന്റിയും കോള്‍ റെക്കോര്‍ഡുകളും എന്തിനാണെന്ന് ആവശ്യപ്പെടുന്നതെന്ന് പോലും വെളിപ്പെടുത്താതെയാണ് ടെലികമ്മ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ടമെന്റ് വിവരങ്ങള്‍ ആവശ്യപ്പെട്ടതെന്നും ഇവര്‍ പരാതിയില്‍ പറയുന്നു. ഇത് ഇന്ത്യയിലെ സ്വകാര്യത സംബന്ധിച്ച നിയമങ്ങളുടെ ലംഘനമാണ്.

‘അവര്‍ ഏതെങ്കിലും ഒരു വ്യക്തിയുടെ റെക്കോര്‍ഡുകളല്ല ചോദിക്കുന്നത്. ഇന്ന ദിവസത്തെ ഈ പ്രദേശത്തെ മുഴുവന്‍ ആളുകളുടെയും റെക്കോര്‍ഡുകള്‍ നല്‍കണം എന്നാണ് അവര്‍ പറുന്നത്. ഇത് എല്ലാ നിയമങ്ങളുടെയും ലംഘനമാണ്. പക്ഷെ പലപ്പോഴും സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ പാലിക്കുകയല്ലാതെ മറ്റു വഴികളുണ്ടാകാറില്ല.’ മൊബൈല്‍ കമ്പനികളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ വാക്കുകളാണിത്.

നാഷ്ണല്‍ സോഷ്യല്‍ രജിസ്ട്രറി എന്ന പേരില്‍ ആധാറുമായി ബന്ധിപ്പിച്ച് രാജ്യത്തെ മുഴുവന്‍ പൗരന്മാരുടെയും എല്ലാ നീക്കങ്ങളും നിരീക്ഷിക്കാനായി ജിയോടാഗ് അടക്കം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ പുതിയ പദ്ധതിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറുത്തുവന്നിരുന്നു. ഇപ്പോള്‍ കോള്‍ റെക്കോര്‍ഡുകള്‍ ശേഖരിക്കാനുള്ള മോദി സര്‍ക്കാരിന്റെ ശ്രമത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ കൂടി പുറത്തു വന്നതോടെ സ്വകാര്യതയുടെ എല്ലാ അതിര്‍വരമ്പുകളും ലംഘിച്ച് പൗരന്മാരെ സ്റ്റേറ്റ് സര്‍വൈലന്‍സിന് കീഴിലാക്കാനുള്ള നീക്കത്തിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നുവരുന്നത്.

We use cookies to give you the best possible experience. Learn more