| Wednesday, 18th March 2020, 4:45 pm

കേരളത്തിന് നേരെ വീണ്ടും കേന്ദ്രത്തിന്റെ ഇരുട്ടടി; പ്രധാനമന്ത്രി ആവാസ് യോജനയില്‍ നിന്നും കേരളത്തെ ഒഴിവാക്കിയിരിക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭവനരഹിതരായ കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ചുനല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ പ്രധാനമന്ത്രി ആവാസ് യോജനയുടെ 2020- 21 വര്‍ഷത്തെ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര ഗ്രാമവികസന മന്ത്രായലയം കഴിഞ്ഞദിവസം പുറത്തിറക്കിയ പട്ടികയിലാണ് കേരളത്തെ പൂര്‍ണമായും തഴഞ്ഞിരിക്കുന്നത്. ഈ വരുന്ന സാമ്പത്തിക വര്‍ഷം 61 ലക്ഷത്തി അമ്പത്തിനായിരം വീടുകള്‍ പദ്ധതിയില്‍ നിര്‍മിക്കുമെന്നാണ് കേന്ദ്രത്തിന്റെ വാദം. പദ്ധതിയിലുള്‍പ്പെടുത്തുന്നതിനായി കേരളം നല്‍കിയ അപേക്ഷയെ നിരസിച്ചുകൊണ്ടാണ് കേന്ദ്രഗ്രാമവികസന മന്ത്രാലയം പുതിയ പട്ടിക പുറത്തിറക്കിയിരിക്കുന്നത്. 2011 ലെ സാമൂഹ്യ സാമ്പത്തിക സര്‍വേ അടിസ്ഥാനമാക്കിയാണ് പദ്ധതി നടപ്പാക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കേന്ദ്ര സര്‍ക്കാറിന്റെ വിവിധങ്ങളായ പദ്ധതികളില്‍ നിന്നും സാമ്പത്തിക സഹായ പാക്കേജുകളില്‍ നിന്നും കേരളം ഒഴിവാക്കപ്പെടുന്നത് ഇതാദ്യമായല്ല. ബി.ജെപി സര്‍ക്കാറിന് കേരളത്തോടുള്ള രാഷ്ട്രീയ വൈരാഗ്യം മൂലമാണ് കേരളത്തോട് മാത്രം തിരഞ്ഞുപിടിച്ചുള്ള ഈ അവഗണനകള്‍ തുടരുന്നത് എന്ന തരത്തില്‍ നിരവധി വിമര്‍ശനങ്ങള്‍ നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. ഏഴ് സംസ്ഥാനങ്ങള്‍ക്കായുള്ള കേന്ദ്രത്തിന്റെ പ്രളയ സാമ്പത്തിക സഹായ വിതരണത്തിലും 2020 വര്‍ഷത്തെ കേന്ദ്ര ബജറ്റിലും കേരളം അവഗണിക്കപ്പെട്ടത് നേരത്തെ തന്നെ വലിയ ചര്‍ച്ചയായതുമാണ്. അതിന് പിന്നാലെയാണ് ഇപ്പോള്‍ പ്രധാനമന്ത്രി ആവാസ് യോജനയില്‍ നിന്നും കേരളം ഒഴിവാക്കപ്പെട്ടിരിക്കുന്നത്.

2020 ലെ ബജറ്റില്‍ കേരളത്തിനുള്ള കേന്ദ്ര വിഹിതം മുന്‍വര്‍ഷത്തെക്കാള്‍ വെട്ടിക്കുറച്ചത് കേരളത്തോടുള്ള യുദ്ധപ്രഖ്യാപനമായാണ് സംസ്ഥാനത്തെ ധനവകുപ്പ് മന്ത്രി ഡോ. തോമസ് ഐസക് വിലയിരുത്തിയിരുന്നത്. തുടര്‍ച്ചയായ പ്രകൃതി ദുരന്തങ്ങള്‍ സൃഷ്ടിച്ച ആഘാതങ്ങളെ അതിജീവിക്കുന്നതിനായും നാശനഷ്ടങ്ങള്‍ പുനര്‍നിര്‍മിക്കുന്നതിനായും പ്രയാസപ്പെടുന്ന കേരളത്തെ അറിഞ്ഞുകൊണ്ട് തന്നെ ശ്വാസം മുട്ടിക്കുകയാണ് കേന്ദ്രമെന്നും അദ്ദേഹം അന്ന് അഭിപ്രായപ്പെട്ടിരുന്നു.

11 സംസ്ഥാനങ്ങളായിരുന്നു പോയ വര്‍ഷം ഇന്ത്യയില്‍ പ്രളയദുരന്തത്തെ നേരിട്ടത്. ഇതില്‍ ഏറ്റവും കൂടുതല്‍ ആളപായവും നാശനഷ്ടവും സംഭവിച്ച കേരളത്തെ പൂര്‍ണമായും ഒഴിവാക്കിയാണ് മറ്റ് ഏഴ് സംസ്ഥാനങ്ങള്‍ക്ക് കോടികളുടെ സാമ്പത്തിക സഹായം കേന്ദ്രം നല്‍കിയിരുന്നത്. അത് കൂടാതെ പ്രളയസമയത്ത് കേരളത്തിന് കേന്ദ്രം നല്‍കിയ ഭക്ഷ്യസഹായങ്ങള്‍ക്കുള്ള പണവും ഉടന്‍ നല്‍ണമെന്ന് കേന്ദ്രം നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. റെയില്‍വേ അടക്കമുള്ള പൊതുഗതാഗത മേഖലയിലും കേരളം തഴയപ്പെടുന്നു എന്ന ആരോപണങ്ങളും നേരത്തെ ഉയര്‍ന്നിരുന്നു.

മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സര്‍വ മേഖലകളിലും കേരളത്തിന് നേരെ ഈ അവഗണന തുടരുകയാണ് എന്നും ഇത് തീര്‍ത്തും രാഷ്ട്രീയപ്രേരിതമാണ് എന്നുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ വിഷയത്തില്‍ പ്രതികരിച്ചിരുന്നത്. റേഷന്‍ വിഹിതം അടക്കമുള്ള കാര്യങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം നമുക്ക് ബോധ്യമാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ജി.എസ്.ടി പോലുള്ള നികുതി പരിഷ്‌കരണത്തിലൂടെയും സര്‍ക്കാര്‍ ലോട്ടറികളുടെയും ഇതര സംസ്ഥാന ലോട്ടറികളുടെയും നികുതി ഏകീകരണത്തിലൂടെയും വലിയ നഷ്ടമാണ് നലിവില്‍ സംസ്ഥാന സര്‍ക്കാറിനുണ്ടായിട്ടുള്ളത്. അതിനിടയിലാണ് ഇത്തരം സാമ്പത്തിക ഉപരോധം കൂടി നേരിടേണ്ടി വരുന്നത് എന്നത് ഏറെ പ്രയാസകരമാണ് എന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ ഉന്നയിച്ചിരുന്നു.

We use cookies to give you the best possible experience. Learn more