| Monday, 6th April 2020, 9:20 pm

ഉത്തരങ്ങളില്ല, ഉത്തരവാദിത്തപ്പെട്ടവരുമില്ല; കൊവിഡ് കാലത്ത് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയില്ലാതെ കേന്ദ്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊവിഡ്-19 രാജ്യമാകെ പടരുന്നതിനിടയിലും എടുത്ത നടപടികളെക്കുറിച്ചോ ആരോഗ്യസംവിധാനങ്ങളെക്കുറിച്ചോ കൃത്യമായി വിവരങ്ങള്‍ പുറത്തുവിടാതെ കേന്ദ്രം. ആവശ്യമായ രീതിയില്‍ വാര്‍ത്താസമ്മേളനം പോലും നടത്താന്‍ മടിക്കുകയാണ് കേന്ദ്രം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കൊവിഡ് 19 നേരിടുന്നതിനിടയില്‍ ഇന്ത്യയിലെ മാധ്യമങ്ങളെയും ക്വാറന്റയിനിലാക്കാനുള്ള നടപടികളാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചു വരുന്നത് എന്ന വിമര്‍ശനം വ്യാപകമായി ഉയരുന്നുണ്ട്. കൊവിഡ് പ്രതിസന്ധി നേരിടുന്നതിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പൊലീസിങ്ങ് അഥവാ വിവര വിനിമയ കൈമാറ്റത്തിന് മേല്‍ ശക്തമായി ഇടപെടുക എന്നതും സര്‍ക്കാര്‍ നയത്തിന്റെ ഭാഗമാക്കിയിരിക്കുകയാണ്. ഇന്ത്യയില്‍ 4000ത്തിലധികം ആളുകള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടും ഉത്തരവാദിത്തപ്പെട്ടവര്‍ ഒരു പത്രസമ്മേളനം പോലും ഇതുവരെ നടത്തിയിട്ടില്ല. ഈ സമയത്ത് മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കേണ്ട കേന്ദ്ര ആരോഗ്യമന്ത്രി സ്ഥിതിഗതികള്‍ വിവരിക്കാന്‍ ചിത്രത്തില്‍ പോലുമില്ലെന്നതാണ് വസ്തുത.

മാധ്യമങ്ങള്‍ക്ക് കൃത്യമായ വിവരങ്ങള്‍ നല്‍കാതിരിക്കുമ്പോഴും വാര്‍ത്തകളില്‍ നിയന്ത്രണം വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. മാധ്യമങ്ങള്‍ തെറ്റിധാരണ ഉളവാക്കുന്ന റിപ്പോര്‍ട്ടുകള്‍ നല്‍കുന്നു എന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ഇതിന് കാരണമായി പറഞ്ഞത്. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യങ്ങള്‍ പൂര്‍ണമായി അംഗീകരിക്കാത്ത കോടതി കൊവിഡ് 19നുമായി ബന്ധപ്പെട്ട് സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന വസ്തുതകള്‍ മാത്രമേ പ്രസിദ്ധീകരിക്കാവൂ എന്ന നിര്‍ദേശവും നല്‍കി.

കേന്ദ്ര സര്‍ക്കാരിന് മാധ്യമങ്ങളില്‍ വരുന്ന റിപ്പോര്‍ട്ടുകളില്‍ ഇത്ര ആശങ്കയുണ്ടെങ്കില്‍ ഉത്തരവാദിത്തപ്പെട്ടവര്‍ ആവശ്യത്തിന് വിവരം നല്‍കണമെന്ന് പറഞ്ഞ് മാധ്യമ പ്രവര്‍ത്തകയായ രേമ നാഗരാജന്‍ രംഗത്ത് വന്നിരുന്നു. സുപ്രീം കോടതിയെ സമീപിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ വിമര്‍ശനവുമായി എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യയും പത്രകുറിപ്പ് ഇറക്കിയിരുന്നു. ഇവിടെയാണ് വിവരങ്ങള്‍ കൈമാറുന്നതുമായി ബന്ധപ്പെട്ട കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ ചര്‍ച്ചയാക്കേണ്ട ആവശ്യം വരുന്നത്.

കൊവിഡ് 19നെ നേരിടാന്‍ രാജ്യം എത്രത്തോളം സജ്ജീകൃതമാണ് എന്നത് തിരിച്ചറിയാന്‍ മാധ്യമങ്ങള്‍ രാജ്യത്ത് നിലവിലുള്ള മെഡിക്കല്‍ എക്യുപ്മെന്റുകളുടെ സ്റ്റോക്ക്, ടെസ്റ്റിങ്ങ് കിറ്റ്, വെന്റിലേറ്റര്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട നിര്‍ണായക ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നെങ്കിലും ഇവയ്ക്കൊന്നും കൃത്യമായി മറുപടി തരാതെ ഒഴിഞ്ഞു മാറുകയാണ് ബ്യൂറോക്രാറ്റ് സംവിധാനങ്ങള്‍ ചെയ്തു പോരുന്നത്. ഇനി ഇത്തരത്തില്‍ ജനജീവിതവുമായി നേരിട്ട് ബന്ധപ്പെടുന്ന ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ തന്നെ സാധിക്കുമോ എന്ന ആശങ്കയിലാണ് ഇപ്പോള്‍ മാധ്യമ പ്രവര്‍ത്തകര്‍ ഉള്ളത്.

സര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിവരങ്ങള്‍ ശേഖരിക്കാനുള്ള വഴി ന്യൂദല്‍ഹിയിലെ നാഷണല്‍ മീഡിയ സെന്ററില്‍ ആരോഗ്യ ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ നടത്തിവന്നിരുന്ന പ്രസ് ബ്രീഫിങ്ങായിരുന്നു. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഡയറക്ടര്‍ കെ.എസ് ദത്ത്വാലിയ ആണ് ബ്രീഫിങ്ങ് മോഡറേറ്റ് ചെയ്തിരുന്നത്. എന്നാല്‍ 21 ദിവസത്തെ ലോക്ക് ഡൗണിന് ശേഷം മാധ്യമ പ്രവര്‍ത്തകര്‍ക്ക് മീഡിയ സെന്ററില്‍ എത്തിപ്പെടാനുള്ള സുരക്ഷാപരമായ വശങ്ങള്‍ കണക്കിലെടുത്ത് ഓണ്‍ലൈനായാണ് ഇത് നടത്തി വന്നിരുന്നത്.

വാട്സ്ആപ്പ് ഗ്രൂപ്പൂകള്‍ വഴി ചോദ്യം ഉന്നയിക്കാനുള്ള സൗകര്യവും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ നേതൃത്വത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഏര്‍പ്പെടുത്തി. എന്നാല്‍ കഴിഞ്ഞ മൂന്ന് ദിവസമായി സര്‍ക്കാരിന്റെ പ്രസ് ബ്രീഫിങ്ങ് മിനിറ്റുകള്‍ മാത്രം നീണ്ട് നല്‍ക്കുന്നതായി മാറുന്നുവെന്നാണ് മാധ്യമപ്രവര്‍ത്തകര്‍ പറയുന്നത്. ഏപ്രില്‍ ഒന്നിനു നടത്തിയ പ്രസ് ബ്രീഫിങ്ങ് കേവലം 14 മിനിറ്റ് മാത്രം നീണ്ടു നില്‍ക്കുന്നതായിരുന്നു. ഏപ്രില്‍ 2 ന് ഇത് 21 മിനിറ്റായിരുന്നുവെങ്കില്‍, ഏപ്രില്‍ 3ന് 14 മിനുറ്റിലും കുറവായിരുന്നു പ്രസ് ബ്രീഫിങ്ങ്. ഈ സമയം കൊണ്ട് എന്തെല്ലാം തരത്തിലുള്ള ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ സാധിക്കുമെന്നാണ് മാധ്യമ പ്രവര്‍ത്തകര്‍ ചോദിക്കുന്നത്.

സര്‍ക്കാര്‍ ഈ മഹാമാരിയെ നേരിടാന്‍ ഏതെല്ലാം വിധത്തില്‍ സജ്ജമാണ്, പാളിച്ചകളെന്തൊക്കെ ഇത്തരത്തില്‍ നിര്‍ണായകമായ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇപ്പോള്‍ സമയ തടസ്സം നേരിടുന്നുണ്ട്. നേരത്തെ പത്തില്‍ കൂടുതല്‍ ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നിടത്ത് ഇപ്പോള്‍ മൂന്ന് ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാനുള്ള സാവകാശം പോലും പ്രതിനിധികള്‍ കാണിക്കുന്നില്ലെന്നാണ് ദല്‍ഹിയിലെ ഒരു സീനിയര്‍ ഹെല്‍ത്ത് റിപ്പോര്‍ട്ടര്‍ അഭിപ്രായപ്പെടുന്നത്.

മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരത്തെ ലഭ്യമായ വിവരങ്ങളായ പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം, ചികിത്സയിലുള്ളവര്‍, ആശുപത്രി വിട്ടവര്‍ തുടങ്ങിയവയുടെ സ്ഥിതിവിവരകണക്കുകള്‍ അവതരിപ്പിക്കല്‍ മാത്രമായി പത്രസമ്മേളനം മാറുന്നുവെന്ന ആരോപണവും പരക്കെ നിലനില്‍ക്കുന്നുണ്ട്. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമുള്ള മൂന്നോ നാലോ ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞാല്‍ ഉടന്‍ എഴുന്നേറ്റ് പോകുക എന്ന നയമാണ് ദത്ത്വാലിയ സ്വീകരിച്ച് പോരുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പത്രസമ്മേളനത്തിന്റെ സമയം വെട്ടിക്കുറച്ചതിന് പുറമെ തെരഞ്ഞെടുത്ത മാധ്യമങ്ങള്‍ക്ക് മാത്രം വിവരം നല്‍കുക എന്ന രീതിയും നടപ്പിലാക്കാനുള്ള ശ്രമങ്ങളുമുണ്ട്. നേരത്തെ സര്‍ക്കാരിന്റെ വാര്‍ത്താസമ്മേളനത്തില്‍ ദൂരദര്‍ശനില്‍ നിന്നും ന്യൂസ് ഏജന്‍സിയായ എ.എന്‍.ഐയില്‍ നിന്നുള്ളവര്‍ മാത്രമേ പങ്കെടുക്കാവൂ എന്ന നിര്‍ദേശം വന്നു എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

പ്രസ് ബ്രീഫിങ്ങിന് വേണ്ടി തയ്യാറാക്കിയ മാധ്യമ പ്രവര്‍ത്തകരടങ്ങുന്ന വാട്സ് ആപ്പ് ഗ്രൂപ്പില്‍ നിന്നുള്ള വിവരങ്ങളായിരുന്നു ഈ റിപ്പോര്‍ട്ടുകള്‍ക്ക് ആധാരം. ഗ്രൂപ്പില്‍ ഒരു പി.ഐ.ബി റിപ്പോര്‍ട്ടര്‍ മുന്നോട്ട് വച്ച നിര്‍ദേശമായിരുന്നു ഇത്. പിന്നിട് ഗ്രൂപ്പില്‍ തന്നെ നേരിട്ട കടുത്ത പ്രതിഷേധത്തെ തുടര്‍ന്നാണ് തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങിയത്. എല്ലാവര്‍ക്കും പത്രസമ്മേളനത്തില്‍ പങ്കെടുക്കാം എന്ന് തിരുത്തി കൊണ്ട് പിന്നീട് മറ്റൊരു മെസേജ് കൂടി വരികയായിരുന്നു. എന്നാലും ഇപ്പോഴും ദൂരദര്‍ശന്‍ പ്രതിനിധികള്‍ തയ്യാറാക്കിയ ചോദ്യങ്ങള്‍ക്കും എ.എന്‍.ഐയുടെ ചോദ്യങ്ങള്‍ക്കുമാണ് മുന്‍ഗണന എന്നും ദില്ലിയിലെ മാധ്യമ പ്രവര്‍ത്തകര്‍ അഭിപ്രായപ്പെടുന്നു.

സര്‍ക്കാരിന് കൊവിഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവെക്കുന്നതില്‍ വിമുഖതയുണ്ടെന്ന തരത്തിലുള്ള അഭിപ്രായങ്ങളും നിലനില്‍ക്കുന്നുണ്ട്. ഇതിനു ഉദാഹരണമായി ദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു മാധ്യമ പ്രവര്‍ത്തക പറയുന്നത് നമ്മള്‍ സര്‍ക്കാരിന്റെ കൈവശമുള്ള പ്രൊട്ടക്റ്റീവ് എക്യുപ്മെന്റുകളുടെ വിവരം അന്വേഷിച്ചാല്‍ ആവശ്യത്തിനുണ്ട്, ഓര്‍ഡര്‍ ചെയ്തിട്ടുണ്ട് എന്നൊക്കെ പറഞ്ഞ് പ്രതിനിധികള്‍ ഒഴിഞ്ഞു മാറും എന്നാണ്. രാജ്യത്ത് ഇതുവരെ നടത്തിയ കൊവിഡ് ടെസ്റ്റുകളുടെ എണ്ണം പുറത്ത് വിടുന്നതിലും സര്‍ക്കാരിന് ഇതേ വിമുഖതയുണ്ടെന്നും അവര്‍ പറയുന്നു.

കൃത്യമായ വിവരങ്ങള്‍ ഉത്തരവാദിത്തപ്പെട്ടവരില്‍ നിന്ന് ലഭിക്കുന്നതിലുള്ള തടസ്സമാണ് മറ്റൊരു പ്രധാന പ്രശ്നം. ബ്യൂറോക്രാറ്റുകള്‍ക്കും, ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊവിഡ് 19 നുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കുന്നതില്‍ പരിമിതികളുണ്ട്. ഇത് ഒരു രാഷ്ട്രീയ പ്രശ്നം കൂടിയാണ്. ഇത്തരമൊരു നിര്‍ണായക സന്ദര്‍ഭത്തില്‍ ഉത്തരം തരേണ്ട കേന്ദ്ര ആരോഗ്യ മന്ത്രി മാധ്യമങ്ങളെ കാണാതെ ഒഴിഞ്ഞു നില്‍ക്കുകയാണ്. നിസാമുദ്ദിനില്‍ നടന്ന തബ്‌ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുണ്ടായിരുന്നു. പഞ്ചാബിലും തമിഴ്നാട്ടിലും നടന്ന മതസമ്മേളനങ്ങള്‍ കണക്കിലെടുക്കാതെ നിസാമുദ്ദീന്‍ സമ്മേളനത്തെ മാത്രം ലക്ഷ്യം വെച്ചുകൊണ്ടുള്ള പ്രചാരണവുമായി ബന്ധപ്പെട്ടായിരുന്നു ഇത്. ഇതിനു പിന്നില്‍ രാഷ്ട്രീയപരമായ താത്പര്യങ്ങള്‍ ഉണ്ടോ എന്നതായിരുന്നു മറ്റൊരു ചോദ്യം. പക്ഷേ ഈ ചോദ്യങ്ങളൊന്നും ഉന്നയിക്കാന്‍ ഉത്തരവാദിത്തപ്പെട്ട ആരും രംഗത്തുണ്ടായിരുന്നില്ല. അധികാരത്തിലേറി ഇതുവരെ ഒരൊറ്റ പത്ര സമ്മേളനം മാത്രം നടത്തിയ ആളാണ് പ്രധാനമന്ത്രി. മാധ്യമ പ്രവര്‍ത്തകരുമായി അത്ര സുഖകരമല്ലാത്ത ബന്ധമുള്ള ഡൊണാള്‍ഡ് ട്രംപ് പോലും ഈ നിര്‍ണായക സന്ദര്‍ഭത്തില്‍ വാര്‍ത്താ സമ്മേളനം നടത്തുന്നുണ്ട്. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ വാര്‍ത്താ സമ്മേളനം അവിടുത്തുകാര്‍ക്ക് ആശ്വാസമാണ്.

നിലവില്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നും കൃത്യമായ വിവരങ്ങള്‍ ലഭിക്കാത്തതുകൊണ്ടും കണക്കുകള്‍ പൂഴ്ത്തിവക്കുന്നതു കൊണ്ടും സംസ്ഥാനങ്ങളില്‍ നിന്നുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നത്. മിക്ക സംസ്ഥാനങ്ങളും കൃത്യമായ രീതിയില്‍ വിവരങ്ങള്‍ പങ്കുവെക്കുന്നുണ്ട്. കേരള മുഖ്യമന്ത്രി മണിക്കൂറുകള്‍ നീളുന്ന വാര്‍ത്താ സമ്മേളനമാണ് കൊവിഡ് വിഷയത്തില്‍ നടത്തുന്നത്. മാധ്യമങ്ങള്‍ തെറ്റായ വിവരങ്ങള്‍ നല്‍കുന്നു എന്ന അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ചുരുങ്ങിയ പക്ഷം വിവരലഭ്യത ഉറപ്പ് വരുത്തുന്നതിനുള്ള മാര്‍ഗങ്ങളെങ്കിലും സ്വീകരിക്കണമെന്നാണ് മാധ്യമപ്രവര്‍ത്തകര്‍ പറയുന്നത്.

ഡൂള്‍ന്യൂസ് ഡെസ്‌ക്