|

തെരഞ്ഞെടുപ്പിന് നല്‍കിയ പണത്തില്‍ നിന്ന് നേതാക്കള്‍ കമ്മീഷന്‍ കൈപ്പറ്റി; ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന് ചാരസംഘത്തിന്റെ റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി കേന്ദ്ര നേതൃത്വം നല്‍കിയ കോടിക്കണക്കിന് രൂപയില്‍ എട്ടു ശതമാനം സംസ്ഥാനം കമ്മീഷനായി കൈപ്പറ്റിയെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനത്തെ ചാരസംഘത്തിന്റെ റിപ്പോര്‍ട്ടാണ് വീണ്ടും ബി.ജെ.പിയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. റിപ്പോര്‍ട്ടര്‍ ലൈവ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

കര്‍ണാടകയിലെ വ്യവസായികളില്‍ നിന്നാണ് കോടിക്കണക്കിന് രൂപ സംസ്ഥാനത്തെത്തിയത്. ഇതില്‍ എട്ടു ശതമാനം കേരളത്തിലെ നേതാക്കള്‍ കമ്മീഷനായി പറ്റിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത് ഷാ തുടങ്ങിയ ദേശീയനേതാക്കളുമായി അടുത്തബന്ധമുള്ള കോഴിക്കോട് സ്വദേശി മിഥുന്‍ വിജയകുമാറിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നതെന്നാണ് വിവരം.

രണ്ടു ദിവസം മുന്‍പാണ് മിഥുന്‍ റിപ്പോര്‍ട്ട് കേന്ദ്രനേതൃത്വത്തിന് കൈമാറിയത്. മിഥുന് ദേശീയനേതാക്കളുമായി നേരിട്ടുള്ള ബന്ധമാണ്.

അതുകൊണ്ട് തന്നെ വിഷയത്തില്‍ ഇടപെടാനുള്ള സ്വാധീനം കേരളത്തിലെ നേതാക്കള്‍ക്കില്ല. മിഥുന്‍ കേന്ദ്രത്തിന്റെ ചാരസംഘത്തിലുള്ള വ്യക്തിയാണെന്ന് റിപ്പോര്‍ട്ട് പോയശേഷമാണ് നേതാക്കളും അറിയുന്നതെന്നാണ് റിപ്പോര്‍ട്ട്.

അമിത് ഷായുടെ വിശ്വസ്തനായ മിഥുന്‍ പി.എം ഓഫീസുമായി നേരിട്ട് ബന്ധമുള്ള ഐ. ടി പ്രൊഫഷണലാണ്.

കൊടകര കള്ളപ്പണക്കേസിന്റെ അന്വേഷണം ബി.ജെ.പി സംസ്ഥാന അധ്യക്ഷനടക്കമുള്ള സംസ്ഥാന നേതാക്കളിലേക്ക് എത്തിനില്‍ക്കുന്നതിനിടെയാണ് കേന്ദ്ര സംഘത്തിന് റിപ്പോര്‍ട്ട് പോയിരിക്കുന്നത്.

അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ. സുരേന്ദ്രനെ മാറ്റുന്നത് സംബന്ധിച്ച ചര്‍ച്ചകളും കേന്ദ്രനേതൃത്വം ആരംഭിച്ചതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: BJP Central committe report on bjp state committee