| Tuesday, 2nd April 2024, 8:58 pm

രാമനും ഹിന്ദുമതവും ബി.ജെ.പിയുടെ മാത്രം കുത്തകയല്ല; ആരോപണവുമായി സച്ചിന്‍ പൈലറ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ശ്രീരാമന്റെ പേരില്‍ വോട്ട് തേടുന്നതിനെതിരെ കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്. ബി.ജെ.പി എത്ര ശ്രമിച്ചാലും മതത്തിന്റെയോ ശ്രീരാമന്റെയോ മേലുള്ള കുത്തകയുണ്ടാക്കാന്‍ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

‘ഹിന്ദു മതത്തെയോ ശ്രീ രാമനെയോ ബി.ജെ.പിയുടെ കുത്തകയാക്കി മാറ്റാന്‍ അനുവദിക്കില്ല. രാമന്‍ എല്ലാവര്‍ക്കും സ്വന്തമാണ്,’ സച്ചിന്‍ പൈലറ്റ് പറഞ്ഞു. സുപ്രീം കോടതി വിധിയെ തുടര്‍ന്നാണ് രാമക്ഷേത്ര നിര്‍മാണം സാധ്യമായതെന്നും കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ളവര്‍ വിധിയെ സ്വാഗതം ചെയ്‌തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘എല്ലാ കക്ഷികള്‍ക്കും സ്വീകാര്യമായ അന്തിമ വിധി സുപ്രീം കോടതി പുറപ്പെടുവിച്ചതിന് ശേഷമാണ് രാമക്ഷേത്രം നിര്‍മ്മിച്ചത്. എന്താണ് സംഭവിക്കേണ്ടതെന്ന് തീരുമാനിച്ചത് സുപ്രീം കോടതി ആണെന്നതാണ് സത്യം. മറ്റെല്ലാവരെയും പോലെ കോണ്‍ഗ്രസും വിധിയെ സ്വാഗതം ചെയ്തു,’ സച്ചിന്‍ പൈലറ്റ് പറഞ്ഞു.

രാജ്യത്തെ യുവാക്കള്‍, സ്ത്രീകള്‍, കര്‍ഷകര്‍ എന്നിവര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളാണ് വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമായും ചര്‍ച്ച ചെയ്യപ്പെടുക. കര്‍ഷകരുടെ ആവശ്യം അനുസരിച്ച് എം.എസ്.പിക്ക് നിയമപരമായ ഉറപ്പ് നല്‍കണമെന്ന് തന്നെയാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പില്‍ ഇന്ത്യാ മുന്നണിക്ക് വലിയ ഭൂരിപക്ഷം ലഭിക്കുമെന്ന് തനിക്ക് ആത്മവിശ്വാസം ഉണ്ടെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു. 2019ലെ തെരഞ്ഞെടുപ്പില്‍ ഇന്ത്യാ മുന്നണിയുടെ വോട്ട് വിഹിതം 65 ശതമാനമായിരുന്നെന്നും അതേസമയം, എന്‍.ഡി.എക്ക് ലഭിച്ചത് 35 ശതമാനം വോട്ടാണെന്നും അദ്ദേഹം പറഞ്ഞു. ഇത് ഭയന്നാണ് ഇപ്പോള്‍ പ്രതിപക്ഷത്തിലെ നേതാക്കളെ ബി.ജെ.പി നോട്ടമിട്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: ‘BJP cannot have monopoly over Lord Ram,’ says Congress leader Sachin Pilot

We use cookies to give you the best possible experience. Learn more