രാജസ്ഥാന്‍ തൂത്തുവാരി ബി.ജെ.പി; 25 സീറ്റുകളിലും ലീഡ്
D' Election 2019
രാജസ്ഥാന്‍ തൂത്തുവാരി ബി.ജെ.പി; 25 സീറ്റുകളിലും ലീഡ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 23rd May 2019, 11:57 am

ജയ്പൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാജസ്ഥാന്‍ തൂത്തുവാരി ബി.ജെ.പി. ആകെയുള്ള 25 സീറ്റുകളിലും ബി.ജെ.പി സ്ഥാനാര്‍ത്ഥികളാണ് ലീഡ് ചെയ്യുന്നത്.

2018ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷം നേടി രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നിരുന്നു. മാസങ്ങള്‍ക്ക് ശേഷം നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പിലാണ് ബി.ജെ.പി കൈവിട്ട സ്ഥാനം തിരിച്ചു പിടിച്ചിരിക്കുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകളില്‍ സി.പി.ഐ.എം വിജയിച്ചിരുന്നു. എന്നാല്‍ ലോകസഭാ തെരഞ്ഞെടുപ്പു ഫലങ്ങള്‍ പുറത്തു വരുമ്പോള്‍ സി.പി.ഐ.എം ചിത്രത്തില്‍ ഇല്ലാതെയായി.

അതേസമയം, ഉത്തര്‍പ്രദേശില്‍ ബി.ജെ.പി 59 സീറ്റുകളില്‍ മുന്നിട്ട് നില്‍ക്കുകയാണ്. കോണ്‍ഗ്രസിന് കേവലം രണ്ടു സീറ്റുകളില്‍ മാത്രമാണ് മുന്നിട്ടു നില്‍ക്കുന്നത്. എസ്.പി- ബി.എസ്.പി സഖ്യം 17 സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്. ബി.എസ്.പി 11 ഉം, എസ്.പി ആറും സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.

അതേസമയം, മുംബൈയില്‍ ആറു മണ്ഡലങ്ങളിലും ബി.ജെ.പി-ശിവസേന സഖ്യമാണ് മുന്നിട്ടു നില്‍ക്കുന്നത്. വോട്ടെണ്ണലിന്റെ ആദ്യ രണ്ട് മണിക്കൂറില്‍ മികച്ച മുന്നേറ്റം സ്വന്തമാക്കിയെങ്കിലും ബി.ജെ.പിക്ക് തമിഴ്‌നാടും കേരളവും പിടിക്കാനായില്ല. രണ്ട് സംസ്ഥാനങ്ങളിലും ബി.ജെ.പിക്ക് ഒരു സീറ്റിലും ലീഡ് നേടാനായിട്ടില്ല.

കേരളത്തില്‍ യു.ഡി.എഫ് 19 സീറ്റിലും എല്‍.ഡി.എഫ് ഒരു സീറ്റിലും ലീഡ് ചെയ്യുന്നു. തമിഴ്‌നാട്ടില്‍ ഡി.എം.കെ തരംഗമാണ്. എന്‍.ഡി.എ സഖ്യകക്ഷിയായ എ.ഐ.ഡി.എം.കെ ഒരു സീറ്റില്‍ ലീഡ് ചെയ്യുന്നുണ്ട്. ദല്‍ഹിയില്‍ ഏഴു സീറ്റുകളിലും ബി.ജെ.പി മുന്നേറുകയാണ്.