വീണ്ടും മമതയുടെ ഷോക്ക് ട്രീറ്റ്‌മെന്റ്; മത്സരിച്ച നാലില്‍ മൂന്ന് സീറ്റിലും ബി.ജെ.പിയ്ക്ക് കെട്ടിവെച്ച കാശ് നഷ്ടം
BY POLL
വീണ്ടും മമതയുടെ ഷോക്ക് ട്രീറ്റ്‌മെന്റ്; മത്സരിച്ച നാലില്‍ മൂന്ന് സീറ്റിലും ബി.ജെ.പിയ്ക്ക് കെട്ടിവെച്ച കാശ് നഷ്ടം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 2nd November 2021, 5:59 pm

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേരിട്ടത് കനത്ത തിരിച്ചടി. ആറ് മാസം മുമ്പ് ബി.ജെ.പി വിജയിച്ച രണ്ട് സീറ്റുകളടക്കം ഉപതെരഞ്ഞെടുപ്പ് നടന്ന നാല് മണ്ഡലങ്ങളിലും തൃണമൂലാണ് ജയിച്ചത്.

ഇതിന് പിന്നാലെ മൂന്ന് മണ്ഡലങ്ങളിലും ബി.ജെ.പിയ്ക്ക് കെട്ടിവെച്ച കാശ് പോലും ലഭിച്ചിട്ടില്ലെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു.

ദിന്‍ഹത, ശാന്തിപുര്‍, ഖര്‍ദഹ, ഗോസാബ എന്നീ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ശാന്തിപുരിലൊഴികെ ബാക്കി മൂന്ന് സീറ്റുകളിലുമാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ക്ക് കെട്ടിവെച്ച പണം പോയത്.

നാണം കെട്ട തോല്‍വിയാണ് ബി.ജെ.പിയ്ക്ക് ജനങ്ങള്‍ സമ്മാനിച്ചതെന്ന് തൃണമൂല്‍ എം.പി ഡെറിക് ഒബ്രയാന്‍ പറഞ്ഞു.

ഉപതെരഞ്ഞെടുപ്പ് നടന്ന നാല് മണ്ഡലങ്ങളിലെ 75 ശതമാനം വോട്ടുകളും തൃണമൂലിന് സമാഹരിക്കാനായി. 14.5 ശതമാനം വോട്ടാണ് ബി.ജെ.പിക്ക് കിട്ടിയത്. സി.പി.ഐ.എമ്മിന് 7.3 ശതമാനം വോട്ട് ലഭിച്ചു.

ദിന്‍ഹത മണ്ഡലത്തില്‍ 1,64,089 വോട്ടുകള്‍ക്കാണ് തൃണമൂല്‍ ജയിച്ചത്. ഗോസാബ മണ്ഡലത്തില്‍ 1,43,051 വോട്ടുകള്‍ക്കാണ് തൃണമൂലിന്റെ ജയം.

ഖര്‍ദാഹയില്‍ 93832 വോട്ടുകള്‍ക്കും ശാന്തിപൂരില്‍ 64675 വോട്ടുകള്‍ക്കുമാണ് തൃണമൂല്‍ ജയിച്ചത്.

അതേസമയം ബി.ജെ.പിയുടേത് അര്‍ഹിച്ച പരാജയമാണെന്ന് പാര്‍ട്ടി വിട്ട ബാബുല്‍ സുപ്രിയോ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിലും കനത്ത പരാജയമാണ് ബി.ജെ.പി ബംഗാളില്‍ നേരിട്ടത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: BJP candidates lost security deposit in 3 out of 4 seats in Bengal bypolls