കോൺ​ഗ്രസ് പത്രിക തള്ളി; സൂറത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് ജയം
national news
കോൺ​ഗ്രസ് പത്രിക തള്ളി; സൂറത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് ജയം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 22nd April 2024, 5:41 pm

ഗാന്ധിനഗര്‍: വോട്ടെടുപ്പിന് മുമ്പ് ഗുജറാത്തില്‍ ബി.ജെ.പിക്ക് അസാധാരണ ജയം. സൂറത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി മുകേഷ് ദലാല്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദേശ പത്രികയുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ നില നിന്നിരുന്നു. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിലേഷ് കുഭാണിയുടെ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിക്കളയുകയും ചെയ്തു.

നാമനിര്‍ദേശ പത്രികയില്‍ നിലേഷിനെ നിര്‍ദേശിച്ച മൂന്ന് പേരും പത്രികയില്‍ ഉള്ളത് തങ്ങളുടെ ഒപ്പല്ലെന്ന് പറഞ്ഞ് സത്യവാങ്മൂലം നല്‍കിയതിന് പിന്നാലെയാണ് നാമനിര്‍ദേശ പത്രിക തള്ളിക്കളഞ്ഞത്. ഇതിന് പിന്നാലെ നിലേഷിന് പകരക്കാരനായി കോണ്‍ഗ്രസ് നിര്‍ത്തിയ ഡമ്മി സ്ഥാനാര്‍ത്ഥിയുടെ പത്രികയും തള്ളുന്ന സാഹചര്യം ഉണ്ടായി.

സൂറത്തിലെ പ്രധാന സ്ഥാനാര്‍ത്ഥിയായി ബി.ജെ.പിയുടെ മുകേഷ് ദല്ലാല്‍ മാത്രം അവശേഷിച്ചു. ഏഴ് സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ കൂടെ പിന്നീട് നാമനിര്‍ദേശ പത്രിക പിന്‍വലിച്ചതിന് പിന്നാലെയാണ് ഏകപക്ഷീയമായി മുകേഷ് ദല്ലാല്‍ വിജയിച്ചത്.

നാമനിര്‍ദേശ പത്രിക തള്ളിയതിന് പിന്നാലെ നിയമനടപടികളുമായി കോണ്‍ഗ്രസ് മുന്നോട്ട് പോയിരുന്നു. ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും ചേര്‍ന്ന് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ബി.ജെ.പി ശ്രമമാണിതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി നല്‍കിയത്.

Content Highlight: BJP candidate wins in Surat before polls