| Tuesday, 26th March 2024, 12:12 pm

'എന്റെ അച്ഛന്‍ അംബാനിയല്ല'; അമ്പലത്തിലായാലും പള്ളിയിലായാലും നേര്‍ച്ച നേരും: സുരേഷ് ഗോപി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: കിരീട വിവാദത്തില്‍ വീണ്ടും പ്രതികരണവുമായി ബി.ജെ.പി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. താന്‍ പള്ളിയില്‍ നേര്‍ച്ച നല്‍കിയതില്‍ അന്തങ്ങളും കൃമികളും എന്തിനാണ് ഇടപെടല്‍ നടത്തുന്നതെന്നായിരുന്നു സുരേഷ് ഗോപിയുടെ ചോദ്യം.

തന്റെ അച്ഛന്‍ ധീരുഭായ് അംബാനിയല്ലെന്നും താനൊരിക്കലും മുകേഷ് അംബാനിയും അനില്‍ അംബാനിയുമാവില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ആമ്പല്ലൂര്‍ സെന്ററില്‍ സംഘടിപ്പിച്ച എന്‍.ഡി.എ തെരഞ്ഞടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.

‘കിരീടത്തിലെ ചെമ്പിന്റെ അളവ് എത്ര? സ്വര്‍ണത്തിന്റെ അളവ് എത്ര? അതിലൊക്കെ എന്താണ് കാര്യം. ഞാന്‍ അമ്പലത്തിലായാലും പള്ളിയിലായാലും നേര്‍ച്ച നേരും. എനിക്ക് അംബാനിയെ പോലെ നേരാന്‍ കഴിയില്ലല്ലോ,’ എന്ന് കണ്‍വെന്‍ഷനില്‍ സുരേഷ് ഗോപി പറഞ്ഞു.

ജനങ്ങളെ സംബന്ധിക്കുന്ന വിഷയങ്ങള്‍ സംസാരിക്കാന്‍ അവസരം തരാതെ തനിക്കെതിരെ ചിലര്‍ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്ന് സുരേഷ് ഗോപി പറയുകയുണ്ടായി.

ലൂര്‍ദ് പള്ളിയില്‍ സുരേഷ് ഗോപി സമര്‍പ്പിച്ച കിരീടം ചെമ്പാണെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. മകളുടെ വിവാഹത്തോട് അനുബന്ധിച്ച് ബി.ജെ.പി നേതാവ് സമര്‍പ്പിച്ച കിരീടം സ്വര്‍ണമാണെന്ന് അവകാശവാദമുണ്ടായിരുന്നു.

എന്നാല്‍ കിരീടം സ്വര്‍ണമല്ലെന്നും ചെമ്പില്‍ സ്വര്‍ണം പൂശിയതാണെന്നും സഭാ അധികൃതര്‍ പറയുകയുണ്ടായി. കിരീടം ആറ് ഗ്രാമിന് താഴെയാണെന്നാണ് പള്ളിയുടെ പാരിഷ് കൗണ്‍സിലിന്റെ നിഗമനം. തുടര്‍ന്ന് കിരീടത്തിലെ സ്വര്‍ണത്തിന്റെ തൂക്കം അറിയാന്‍ അന്വേഷണ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.

ചെമ്പില്‍ സ്വര്‍ണം പൂശിയ കിരീടമാണ് സുരേഷ് ഗോപി സമര്‍പ്പിച്ചതെന്ന പ്രചരണം ഉയര്‍ന്നതോടെ ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് തൃശൂര്‍ കോര്‍പ്പറേഷനിലെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തുകയായിരുന്നു.

Content Highlight: BJP candidate Suresh Gopi reacted again in the crown controversy

We use cookies to give you the best possible experience. Learn more