കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബി.ജെ.പി സ്ഥാനാർത്ഥിയെ ആൾക്കൂട്ടം മർദ്ദിച്ചു. പടിഞ്ഞാറൻ മിഡ്‌നാപൂർ ജില്ലയിലെ ഗാർബെറ്റയിലാണ് ബി.ജെ.പി നേതാവ് പ്രണത് ടുഡുവിനെ അക്രമാസക്തമായ ജനക്കൂട്ടം ആക്രമിച്ചത്. ജർഗ്രാമിൽ ബി.ജെ.പിയുടെ ലോക്‌സഭാ സ്ഥാനാർത്ഥിയാണ് പ്രണത് ടുഡു.
തൻ്റെ വാഹനം അക്രമിക്കപെട്ടുവെന്നും സുരക്ഷാ ഉദ്യോഗസ്ഥരെ അക്രമിച്ചെന്നും ടുഡു പറഞ്ഞു. ചില പോളിങ് ബൂത്തുകളിലേക്ക് ബി.ജെ.പി ഏജൻസികളെ കടക്കാൻ ആളുകൾ അനുവദിക്കുന്നില്ലെന്ന് ടുഡു പറഞ്ഞു.
‘മോംഗ്ലപ്പൊട്ടയിലെ ബി.ജെ.പി വോട്ടർമാരെ വോട്ട് ചെയ്യാൻ അനുവദിക്കുന്നില്ലെന്ന് ഇന്നലെ ഞങ്ങൾക്ക് വിവരം ലഭിച്ചു. ഇതുമൂലം എന്താണ് പ്രശ്നമെന്ന് പരിശോധിക്കാനാണ് ഞങ്ങൾ ഈ ഭാഗത്ത് വന്നത്. എന്നാൽ ഇരുന്നൂറോളം പേർ ലാത്തിയും കല്ലും ആയുധങ്ങളും ഉപയോഗിച്ച് ഞങ്ങളെ ആക്രമിച്ചു,’ ടുഡു പറഞ്ഞു.
കേന്ദ്ര സേന അവിടെ ഇല്ലായിരുന്നെങ്കിൽ തങ്ങൾ കൊല്ലപ്പെടുമായിരുന്നെന്നും ലോക്കൽ പൊലീസിൽ നിന്ന് ഞങ്ങൾക്ക് ഒരു സംരക്ഷണവും ലഭിച്ചിട്ടില്ലെന്നും ടുഡു കൂട്ടിച്ചേർത്തു.
സംഭവത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. വീഡിയോയിൽ ജനക്കൂട്ടം ടുഡുവിനു പിന്നാലെ ഓടി വരുകയും ആക്രമിക്കുകയും ചെയ്യുന്നത് കാണാം.
ടുഡു വോട്ടർമാരെ ഭീഷണിപ്പെടുത്തിയതാണ് അക്രമ സംഭവങ്ങൾക്ക് കാരണമെന്ന് തൃണമൂൽ (ടി.എം.സി) നേതാക്കൾ പറഞ്ഞു. സംഭവത്തിൽ ബി.ജെ.പി നേതാവിൻ്റെ കാറും ജനക്കൂട്ടം തല്ലി തകർത്തു.
സംഭവം നടന്ന ഗാർബെറ്റയിലെ പോളിങ് ബൂത്തിന് പുറത്ത് വോട്ട് ചെയ്യാൻ ക്യൂവിൽ നിന്ന സ്ത്രീയെ ടുഡുവിൻ്റെ സുരക്ഷാ ഉദ്യോഗസ്ഥൻ ആക്രമിച്ചത് ജനങ്ങളെ പ്രകോപിതരാക്കി എന്നും ടി.എം.സി നേതാക്കൾ പറഞ്ഞു.
അതേസമയം ആക്രമണത്തിന് പിന്നിൽ തൃണമൂൽ ആണെന്ന് ബി.ജെ.പി ആരോപിച്ചു. ടി.എം.സി മനഃപൂർവം ആക്രമണം അഴിച്ചു വിട്ടതാണെന്നും, സമാധാനപരമായ അന്തരീക്ഷം തകർക്കുകയാണ് അവരുടെ ലക്ഷ്യമെന്നും ബി.ജെ.പി.
എന്നാൽ ബി.ജെ.പി.യുടെ ആരോപണം തള്ളിയ ടി.എം.സി ജനങ്ങളെ ആരും ഒന്നും പഠിപ്പിക്കേണ്ട കാര്യമില്ലെന്നും അവർക്ക് എല്ലാ വിഷയങ്ങളിലും കൃത്യമായ ബോധ്യമുണ്ടെന്നും പറഞ്ഞു. സ്ത്രീകളെ ശാരീരികമായി ഉപദ്രവിക്കുന്ന ബി.ജെ.പി.യുടെ നയം ഇനിയും അവർ കണ്ടുനില്‍ക്കില്ലെന്നും ടി.എം.സി കൂട്ടിച്ചേര്‍ത്തു.
Content Highlight: BJP candidate Pranat Tudu ‘attacked’ in Jhargram