| Thursday, 2nd February 2023, 10:05 pm

എം.എല്‍.സി തെരഞ്ഞെടുപ്പില്‍ ആര്‍.എസ്.എസ് ആസ്ഥാനത്തെ സീറ്റില്‍ ബി.ജെപിക്ക് അപ്രതീക്ഷിത തോല്‍വി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്ര ലെജിസ്‌ലേറ്റീവ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ആര്‍.എസ്.എസ് ആസ്ഥാനത്തെ സീറ്റില്‍ ബി.ജെ.പിക്ക് തോല്‍വി. മഹാരാഷ്ട്ര ഉപരിസഭയായ ലെജിസ്‌ലേറ്റീവ് കൗണ്‍സിലിലെ നാഗ്പൂര്‍ ടീച്ചേഴ്‌സ് സീറ്റില്‍ നടന്ന തെരഞ്ഞെടുപ്പിലാണ് ബി.ജെ.പി സിറ്റിങ് സീറ്റില്‍ സ്ഥാനാര്‍ത്ഥി തോറ്റത്.

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി (എം.വി.എ) സ്ഥാനാര്‍ഥിക്കാണ് വിജയം.

ആര്‍.എസ്.എസ് ആസ്ഥാനത്തിലുപരി കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയുടെയും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെയും തട്ടകവും കൂടിയായ നാഗ്പൂരിലെ എം.എല്‍.സി സീറ്റ് നഷ്ടമായത് ബി.ജെ.പിക്ക് അപ്രതീക്ഷിത തിരിച്ചടിയായി.

ബി.ജെ.പിയുടെ സ്വതന്ത്ര സ്ഥാനാര്‍ഥിയും നാഗ്പൂരിലെ സിറ്റിങ് എം.എല്‍.സിയുമായ നാഗറാവു ഗാനറിനെ എം.വി.എ സ്ഥാനാര്‍ഥിയായ സുധാകര്‍ അബ്ദാലെ 7,752 വോട്ടിനാണ് തോല്‍പ്പിച്ചത്.

സുധാകര്‍ അബ്ദാലെക്ക് 14,061 വോട്ട് ലഭിച്ചപ്പോള്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി നാഗറാവുവിന് 6,309 വോട്ട് മാത്രമാണ് ലഭിച്ചത്.

മഹാരാഷ്ട്ര നിയമസഭയുടെ ഉപരിസഭയായ ലെജിസ്‌ലേറ്റീവ് കൗണ്‍സിലിലെ അഞ്ച് ടീച്ചേഴ്‌സ് സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് തെരഞ്ഞെടുപ്പ് നടന്നത്.

കൊങ്കണ്‍ ഡിവിഷന്‍ ടീച്ചേഴ്‌സ് സീറ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയാണ് വിജയിച്ചത്. കൂടാതെ ഔറംഗബാദ്, അമരാവതി, നാസിക് എന്നിവിടങ്ങളിലെ ഗ്രാജുവേറ്റ്‌സ് സീറ്റിലും തെരഞ്ഞെടുപ്പ് നടന്നിട്ടുണ്ട്. ഇവിടങ്ങളിലെ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്.

Content Highlight: BJP Candidate Loses in Nagpur Teachers Seat at MLC Election Maharashtra

We use cookies to give you the best possible experience. Learn more