| Thursday, 17th August 2023, 4:30 pm

'ഗണപതി കൂടെയുണ്ടാകും, പത്രികാസമര്‍പ്പണത്തിന് മുമ്പ് മള്ളിയൂര്‍ ഗണപതി ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിച്ചു'

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി ലിജിന്‍ ലാല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പള്ളിക്കത്തോട് ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്ന് പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കൊപ്പം എത്തിയായിരുന്നു പത്രികാസമര്‍പ്പണം നടത്തിയത്.

ഗണപതി ഭഗവാന്‍ തന്റെ കൂടെയുണ്ടാകുമെന്നും പത്രികാസമര്‍പ്പണത്തിന് മുമ്പ് മള്ളിയൂര്‍ ഗണപതി ക്ഷേത്രത്തില്‍ പോയി പ്രാര്‍ത്ഥിച്ചെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിന് നല്‍കിയ പ്രതികരണത്തില്‍ പറഞ്ഞു.

ജാതിക്കും മതത്തിനും അതീതമായ വികാരമാണ് ഗണപതിയെന്നും ചിങ്ങം ഒന്നിന് തന്നെ ക്ഷേത്രത്തിലെത്തി പ്രാര്‍ത്ഥന നടത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ലിജിന്‍ ലാല്‍ പറഞ്ഞു.

‘വളരെ ശുഭകരമായിട്ടുള്ള ദിവസം. ചിങ്ങ മാസം ഒന്നാം തീയതിയായ ഇന്ന്
മള്ളിയൂര്‍ ഗണപതിയെ തൊഴുതാണ് പത്രിക സമര്‍പ്പിക്കാന്‍ പോയത്. നമ്മള്‍ ഏതൊരു കാര്യവും തുടങ്ങുന്നത് ഗണപതിയുടെ മുന്നില്‍ നിന്നാണ്. ഇന്ന് ചിങ്ങം ഒന്നിന് തന്നെ ഇവിടെ എത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്, പ്രതീക്ഷയുണ്ട്.

ഇന്ന് പുതുവത്സരത്തിന്റെ തുടക്കമാണ്. പുതുപ്പള്ളിയിലെ ജനങ്ങള്‍ക്ക് ഒരു പുതിയ തുടക്കമാകാന്‍ വേണ്ടി ഈ അവസരത്തില്‍ ഉണ്ടാകണമെന്ന് ജഗദീശ്വരനോട് പ്രാര്‍ത്ഥിച്ചിട്ടുണ്ട്. ഗണപതി നമ്മുടെയെല്ലാം വിശ്വാസത്തിന്റെ ഭാഗമാണ്.

ജാതിക്കും മതത്തിനും അതീതമായ വികാരമാണ് ഗണപതി. എവിടെ ഒരു പുതിയ സംരംഭം തുടങ്ങിയാലും അവിടെ ഗണപതി ഹോമവും ഗണപതി പൂജയുമൊക്കെ നടത്തും. അതുകൊണ്ട് ഗണപതി കൂടെയുണ്ടാകും എന്നാണ് വിശ്വാസം,’ ലിജന്‍ ലാല്‍ പറഞ്ഞു.

മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ക്കൊപ്പം അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസറും പാമ്പാടി ബി.ഡി.ഒയുമായ ഇ. ദില്‍ഷാദിനാണ് ലിജന്‍ ലാല്‍ പത്രിക നല്‍കിയത്. ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി രാധാമോഹന്‍ദാസ് അഗര്‍വാള്‍, കേന്ദ്രമന്ത്രി വി. മുരളീധരന്‍, സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍, ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി, ദേശീയ സെക്രട്ടറി അനില്‍ ആന്റണി, ദേശീയ നിര്‍വാഹ സമിതി അംഗം പി.കെ. കൃഷ്ണദാസ്, ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് എ.ജി. തങ്കപ്പന്‍, സംസ്ഥാന വക്താവ് നാരായണന്‍ നമ്പൂതിരി തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് പത്രിക സമര്‍പ്പണം നടത്തിയത്.

Content Highlight: BJP candidate Lijin Lal has submitted his nomination papers in the Pudupally by-election

We use cookies to give you the best possible experience. Learn more