പൗരത്വ പട്ടിക ബി.ജെ.പിയുടെ ശക്തി ക്ഷയിപ്പിച്ചു; പരാജയപ്പെട്ടതിന്റെ കാരണം വ്യക്തമാക്കി ബംഗാളിലെ ബി.ജെ.പി സ്ഥാനാര്‍ഥി
national news
പൗരത്വ പട്ടിക ബി.ജെ.പിയുടെ ശക്തി ക്ഷയിപ്പിച്ചു; പരാജയപ്പെട്ടതിന്റെ കാരണം വ്യക്തമാക്കി ബംഗാളിലെ ബി.ജെ.പി സ്ഥാനാര്‍ഥി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 28th November 2019, 6:47 pm

കല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ഉപതെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിടാന്‍ കാരണം പൗരത്വ പട്ടികയാണെന്ന് കാളിയഗഞ്ചിലെ ബി.ജെ.പി സ്ഥാനാര്‍ഥി കമല്‍ ചന്ദ്ര സര്‍ക്കാര്‍. എന്‍.ആര്‍.സി ബി.ജെ.പിയുടെ ശക്തിയെ ക്ഷയിപ്പിച്ചുവെന്നും കമല്‍ ചന്ദ്ര പറഞ്ഞു.

‘എന്‍.ആര്‍.സി വിഷയത്തില്‍ ആളുകള്‍ ഭയപ്പെട്ടിരുന്നുവെന്ന് ഇപ്പോള്‍ ഞങ്ങള്‍ തിരിച്ചറിയുന്നുണ്ട്. പ്രശ്നം ശരിയായ രീതിയില്‍ അവരെ ബോധ്യപ്പെടുത്താന്‍ ഞങ്ങള്‍ക്ക് സാധിച്ചില്ല.’, കമല്‍ ചന്ദ്ര പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കാളിയഗഞ്ച്, ഖരഗ്പൂര്‍ സദര്‍, കരിംപുര്‍ എന്നീ മൂന്ന് നിയമസഭാ സീറ്റുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. മൂന്നു മന്ധലങ്ങളും തൃണമൂല്‍ കോണ്‍ഗ്രസ് തൂത്തുവാരി. ഇതില്‍ കരിംപുര്‍ മാത്രമായിരുന്നു തൃണമൂലിന്റെ സിറ്റിങ് സീറ്റ്. ഖരഗ്പുര്‍ ബി.ജെ.പിയുടേയും കാളിയഗഞ്ച് കോണ്‍ഗ്രസിന്റേയും സിറ്റിങ് സീറ്റാണ്.

പശ്ചിമ ബംഗാളില്‍ ബി.ജെ.പിയുടെ അഹങ്കാരത്തിനേറ്റ അടിയാണ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി പ്രതികരിച്ചിരുന്നു.

‘ഇത് ജനങ്ങളുടെ വിജയമാണ്. ഇത് വികസനത്തിന്റെ വിജയമാണ്. ധിക്കാരത്തിന്റെ രാഷ്ട്രീയം പ്രായോഗികമാവില്ല. ജനങ്ങള്‍ ബി.ജെ.പിയെ പുറന്തള്ളിക്കഴിഞ്ഞു.’, മമത പറഞ്ഞിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘ബി.ജെ.പിക്കെതിരായി ജനങ്ങള്‍ വോട്ടു ചെയ്തു. കാരണം ബി.ജെ.പിയെ ദേശീയതലത്തിലേക്കുവരെ എത്തിച്ച ജനങ്ങളോട് അവരിപ്പോള്‍ ചോദിക്കുന്നത് ഇന്ത്യന്‍ പൗരന്മാര്‍ ആണെന്ന് തെളിയിക്കാനാണ്’, മമത കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത് ബി.ജെ.പിക്കുള്ള യാത്രയയപ്പാണെന്നും മമത പറഞ്ഞിരുന്നു.