തൃപ്പൂണിത്തുറ: നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വോട്ടുകള്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. ബാബുവിന് പോയതുകൊണ്ടാണ് താന്‍ തോറ്റതെന്ന് ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ.എസ് രാധാകൃഷ്ണന്‍. തൃപ്പൂണിത്തുറയില്‍ സിറ്റിംഗ് എം.എല്‍.എ ആയിരുന്ന എം.സ്വരാജിന്റെ തോല്‍വിയ്ക്ക് പിന്നില്‍ കോണ്‍ഗ്രസ് – ബി.ജെ.പി വോട്ടു കച്ചവടമാണെന്ന എല്‍.ഡി.എഫിന്റെ ആരോപണങ്ങളെ ശരിവെയ്ക്കുന്നതാണ് കെ.എസ് രാധാകൃഷ്ണന്റെ പ്രസ്താവന. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘തൃപ്പൂണിത്തുറയില്‍ ഞാന്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ചെല്ലുമ്പോള്‍ തന്നെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പരസ്യമായി പ്രസ്താവനയിറക്കിയത് നിങ്ങളെല്ലാവരും കേട്ടതാണ്. ഇപ്രാവശ്യം ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും വോട്ടുകള്‍ ശബരിമലയുടെ പേരില്‍ തനിക്ക് കിട്ടുമെന്നാണ് അദ്ദേഹം പറഞ്ഞത്.
ഞാന്‍ അതിനെ നിഷേധിച്ചു. അങ്ങനെ സംഭവിക്കില്ലെന്ന് പറഞ്ഞു. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ വോട്ട് കുറഞ്ഞു. ഇപ്പോള്‍ എനിക്ക് കിട്ടിയ വോട്ട് ഞാന്‍ തെണ്ടിപ്പെറുക്കിയുണ്ടാക്കിയതാണ്,’ കെ.എസ് രാധാകൃഷ്ണന്‍ പറഞ്ഞു.
ബി.ജെ.പിയ്ക്ക് തൃപ്പൂണിത്തുറ നഗരസഭയില്‍ മാത്രം 19,000ത്തിലേറെ വോട്ടുള്ളതാണ്. ഉദയംപേരൂര്‍, കുമ്പളം, മരട്, ഇടക്കൊച്ചി മുതല്‍ പള്ളുരുത്തി വരെയുള്ള ഭാഗങ്ങള്‍ ഇതെല്ലാം ചേരുമ്പോള്‍ ബി.ജെ.പിയുടെ വോട്ട് സ്വാഭാവികമായും 35,000 ആവേണ്ടതാണ്. എന്നാല്‍ ആ വോട്ട് കിട്ടിയില്ലെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.
ബി.ജെ.പിയുടെ വോട്ട് കിട്ടിയത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.ബാബുവിന് തന്നെയാണെന്നും കെ.എസ് രാധാകൃഷ്ണ്‍ പറഞ്ഞു. ബി.ജെ.പി നേതൃത്വം തന്നെ യു.ഡി.എഫിന് വോട്ട് മറിയ്ക്കാന്‍ തയ്യാറായി എന്ന ആരോപണങ്ങളോടും കെ.എസ് രാധാകൃഷ്ണന്‍ പ്രതികരിച്ചു.
‘തൃപ്പൂണിത്തുറയില്‍ നിന്നും മത്സരിച്ച സ്ഥാനാര്‍ത്ഥി ഞാനാണല്ലോ, ഞാന്‍ വോട്ട് മറിയ്ക്കാന്‍ നിന്നില്ലെന്ന് നിങ്ങള്‍ക്കെല്ലാം അറിയാമല്ലോ. ഇനി ആരാണ് എന്താണ് എങ്ങനെയാണ് മറ്റുള്ള കാര്യങ്ങള്‍ നടന്നതെന്ന കാര്യത്തില്‍ അന്വേഷണം വേണം,’ കെ.എസ് രാധാകൃഷ്ണന്‍ പറഞ്ഞു.
കേരളത്തില്‍ ബി.ജെ.പിയുടെ വോട്ട് കുറഞ്ഞതും വിശദമായി അന്വേഷിക്കണം. ബി.ജെ.പിയുടെ വളര്‍ച്ചാനിരക്കുമായി ചേര്‍ത്തുവെച്ചു കൊണ്ടായിരിക്കണം ഈ അന്വേഷണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബി.ജെ.പിയക്ക് ആവശ്യമായി മുന്നൊരുക്കം നടത്തിയില്ലെന്നും ഇത് പരാജയത്തിന്റെ പ്രധാന കാരണങ്ങളിലൊന്നാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന നേതൃത്വത്തില്‍ മാറ്റം വേണമോ എന്ന് തീരുമാനിക്കേണ്ടത് തന്റെ നിലവാരത്തിലുള്ള പ്രവര്‍ത്തകരല്ല, അത് തീരുമാനിക്കേണ്ടവര്‍ ഉചിതമായ തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. കെ. സുരേന്ദ്രന് മഞ്ചേശ്വരത്ത് കൂടുതല്‍ വോട്ട് കിട്ടിയിട്ടുണ്ടെങ്കിലും തോറ്റുപോയി. തോല്‍വി തോല്‍വി തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുപ്പ് പ്രചാരണസമയത്ത് കഴിഞ്ഞ തവണ ബി.ജെ.പിക്ക് ലഭിച്ച വോട്ടുകള്‍ തനിക്ക് ലഭിക്കുമെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. ബാബു പഞ്ഞിരുന്നു. ഇതോടെ എം.സ്വരാജിനെ തോല്‍പ്പിക്കുന്നതിനായി ബി.ജെ.പി – കോണ്‍ഗ്രസ് കൂട്ട്കെട്ട് മണ്ഡലത്തില്‍ ഉണ്ടായതായി സി.പി.ഐ.എം പ്രവര്‍ത്തകര്‍ വ്യാപകമായി ആരോപിച്ചിരുന്നു.
മെയ് 2 ന് തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം വന്നതോടെ എം.സ്വരാജ് 700 വോട്ടുകള്‍ക്ക് കെ.ബാബുവിനോട് പരാജയപ്പെട്ടു. ഇതോടെ ബി.ജെ.പി – കോണ്‍ഗ്രസ് കൂട്ടുകെട്ട് ആരോപണം സി.പി.ഐ.എം ശക്തമാക്കുകയും ചെയ്തു.
2016ല്‍ 4467 വോട്ടുകള്‍ക്കാണ് എം.സ്വരാജ് വിജയിച്ചത്. അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം, ബി.ജെ.പി സ്ഥാനാര്‍ത്ഥി മാത്രം മാറിയ തെരഞ്ഞെടുപ്പില്‍ കെ.ബാബുവിന് 65355 ഇലക്ട്രല്‍ വോട്ടുകളും 520 പോസ്റ്റല്‍ വോട്ടുകളുമടക്കം 65875 വോട്ടുകളാണ് നേടിയത്.
എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.സ്വരാജ് 64325 ഇലക്ട്രല്‍ വോട്ടുകളും 558 പോസ്റ്റല്‍ വോട്ടുകളും അടക്കം 64883 വോട്ടുകളാണ് നേടിയത്. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ ഡോക്ടര്‍ കെ.എസ് രാധാകൃഷ്ണന്‍ 23578 ഇലക്ട്രല്‍ വോട്ടുകളും 178 പോസ്റ്റല്‍ വോട്ടുകളും അടക്കം 23756 വോട്ടുകളാണ് നേടിയത്.
അതായത് 2016 ല്‍ നിന്ന് 2021 ല്‍ എത്തുമ്പോള്‍ കെ.ബാബു തനിക്ക് മുമ്പ് ലഭിച്ച വോട്ടില്‍ നിന്ന് 7645 വോട്ടുകളുടെ നേട്ടം ഉണ്ടാക്കി. എം.സ്വരാജ് 2168 വോട്ടുകളുടെ നേട്ടം ഉണ്ടാക്കിയപ്പോള്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് മുമ്പ് കിട്ടിയ വോട്ടില്‍ നിന്ന് 6087 വോട്ടിന്റെ കുറവാണ് ഉണ്ടായത്.
992 വോട്ടുകള്‍ക്ക് മാത്രമാണ് എം.സ്വരാജിനോട് കെ.ബാബു വിജയിച്ചത്. ഈ കണക്കുകള്‍ കൂടി പുറത്തുവരുന്നതോടെ ബി.ജെ.പിയില്‍ നിന്ന് ‘കാണാതായ’ 6087 വോട്ടുകള്‍ കോണ്‍ഗ്രസിന് ലഭിച്ചുവെന്ന് തന്നെയാണ് സി.പി.ഐ.എം ആരോപിക്കുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക