തിരുവനന്തപുരം: ബി.ജെ.പി തിരുവനന്തപുരം ജില്ലാ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥിയായിരുന്ന നടന്‍ കൃഷ്ണകുമാര്‍. തന്റെ പ്രചാരണത്തില്‍ ജില്ലാ നേതൃത്വം പിഴവ് വരുത്തിയെന്നാണ് കൃഷ്ണകുമാറിന്റെ വിമര്‍ശനം. ഒരു കേന്ദ്ര നേതാവ് പോലും തിരുവനന്തപുരം മണ്ഡലത്തില്‍ പ്രചാരണത്തിനെത്തിയില്ലെന്നും അതിന് വേണ്ടി ജില്ലാ നേതൃത്വം മുന്‍കൈ എടുത്തില്ലെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. മാതൃഭൂമി ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ബി.ജെ.പി വോട്ടുകള്‍ പൂര്‍ണമായി തനിക്ക് ലഭിച്ചില്ല. വ്യക്തിപരമായ വോട്ടുകള്‍ മാത്രമാണ് തനിക്ക് ലഭിച്ചത്. വ്യക്തിപരമായി കിട്ടിയ വോട്ടുകള്‍ക്കൊപ്പം പാര്‍ട്ടി വോട്ടുകളും കിട്ടിയിരുന്നെങ്കില്‍ ഒരുപക്ഷെ സ്ഥിതി മറ്റൊന്നായിരിക്കുമെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.
‘2019 ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ മുന്നിട്ട് നില്‍ക്കുന്ന വാര്‍ഡുകളില്‍ പോലും ആയിരത്തോളം വോട്ടിന്റെ കുറവുണ്ട്. ജില്ലാ നേതൃത്വം രണ്ട് മൂന്ന് കേന്ദ്ര നേതാക്കളെ വിട്ടു തന്നിരുന്നെങ്കില്‍ ഇത് വേറെ തലത്തിലോട്ട് മാറുമായിരുന്നു. ജയിക്കും എന്ന സര്‍വ്വേ ഫലങ്ങള്‍ പ്രധാന ചാനലുകളില്‍ വരുമ്പോള്‍ കുറച്ച് കൂടി ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതായിരുന്നു.
ഞാന്‍ ഒരു കലാകാരനാണ്. വ്യക്തിപരമായി നിരവധി വോട്ടുകള്‍ കിട്ടും. പാര്‍ട്ടി വോട്ടുകളും അതുപോലെ വന്നിരുന്നെങ്കില്‍ വിജയം ഉറപ്പായിരുന്നു. എന്റെ ചുറ്റുമുള്ള മണ്ഡലത്തിലെല്ലാം നേതാക്കളെത്തി. ഈ മണ്ഡലത്തിലാണ് എയര്‍പോര്‍ട്ട്. ഇവിടെ വന്നിട്ടാണ് അങ്ങോട്ട് പോവുന്നത്. ഇവിടെയും പരിപാടികള്‍ ചാര്‍ട്ട് ചെയ്യാമായിരുന്നു. അത് ഒരു വീഴ്ച്ചയായി തോന്നുന്നു,’ കൃഷണകുമാര്‍ പറഞ്ഞു.