| Tuesday, 16th April 2019, 12:34 pm

വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ച സുരക്ഷാ മുറി തന്റെ താക്കോല്‍ ഉപയോഗിച്ച് പൂട്ടണം; തെരഞ്ഞെടുപ്പ് കമ്മീഷനോട് ബി.ജെ.പി സ്ഥാനാര്‍ത്ഥി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ച അതീവ സുരക്ഷാ മുറി പൂട്ടാന്‍ തന്റെ താക്കോല്‍ ഉപയോഗിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ബി.ജെ.പി സ്ഥാനാര്‍ഥി.

തെലങ്കാന നിസാമാബാദ് മണ്ഡലത്തില്‍ നിന്നുള്ള ബി.ജെ.പി സ്ഥാനാര്‍ഥി അരവിന്ദ് ധര്‍മപുരിയാണ് സുരക്ഷാ മുറി പൂട്ടാന്‍ തന്റെ താക്കോല്‍ തന്നെ ഉപയോഗിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് അനുവാദം തേടിയിരിക്കുന്നത്.

വി.വി.പാറ്റ് അടക്കമുള്ള വോട്ടിങ് യന്ത്രങ്ങള്‍ സുക്ഷിച്ച മുറിയുടെ താക്കോലായി തന്റെ താക്കോല്‍ ഉപയോഗിക്കണമെന്നാണ് സ്ഥാനാര്‍ഥി ആവശ്യപ്പെട്ടത്.

ഇത് സംബന്ധിച്ച അനുമതിക്കു വേണ്ടി റിട്ടേണിങ് ഓഫീസര്‍ക്ക് അരവിന്ദ് കത്ത് നല്‍കിയിട്ടുണ്ട്. തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ മകള്‍ കവിതയ്‌ക്കെതിരേയാണ് മണ്ഡലത്തില്‍ അരവിന്ദ് മത്സരിക്കുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന മണ്ഡലമാണ് നിസാമാബാദ്. 185 സ്ഥാനാര്‍ഥികളാണ് ഇവിടെ മത്സരിക്കുന്നത്.

കാര്‍ഷിക ഉത്പന്നങ്ങളുടെ വില വര്‍ധിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് കാണിച്ച് നിസാമാബാദില്‍ 178 കര്‍ഷകരാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.

We use cookies to give you the best possible experience. Learn more