ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ ഭാരതി ഘോഷ് സഞ്ചരിച്ച കാറില്‍ നിന്നും 1.13ലക്ഷം രൂപ പിടിച്ചെടുത്തു; സ്ഥാനാര്‍ത്ഥിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു
D' Election 2019
ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ ഭാരതി ഘോഷ് സഞ്ചരിച്ച കാറില്‍ നിന്നും 1.13ലക്ഷം രൂപ പിടിച്ചെടുത്തു; സ്ഥാനാര്‍ത്ഥിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 10th May 2019, 12:17 pm

 

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ബി.ജെ.പിയുടെ ലോക്‌സഭാ സ്ഥാനാര്‍ത്ഥിയും മുന്‍ ഐ.പി.എസ് ഓഫീസറുമായ ഭാരതി ഘോഷിന്റെ കാറില്‍ നിന്നും 1.13 ലക്ഷം രൂപ പിടിച്ചെടുത്തു. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം.

ഘട്ടല്‍ മണ്ഡലത്തിലെ ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥിയാണ് ഭാരതി ഘോഷ്. ഘട്ടലില്‍ തെരഞ്ഞെടുപ്പിനു രണ്ടു ദിവസം മാത്രം ബാക്കിനില്‍ക്കെയാണ് ഭാരതിയുടെ വാഹനത്തില്‍ നിന്നും പണം പിടിച്ചെടുക്കുന്നത്. വ്യാഴാഴ്ച രാത്രി 11 മണിയ്ക്ക് ഭാരതി ഘോഷ് സഞ്ചരിച്ചുകൊണ്ടിരുന്ന കാര്‍ പടിഞ്ഞാറന്‍ മിഡ്‌നാപൂരിലെ മംഗള്‍ ഭാര്‍ മേഖലയില്‍ പൊലീസ് തടയുകയായിരുന്നു.

‘ 1,13,815 രൂപ ഷോഘിന്റെ വാഹനത്തില്‍ നിന്നും പിടിച്ചെടുത്തു. ഘോഷ് പണം കൊണ്ടുപോകുന്നുവെന്ന സന്ദേശം ഞങ്ങള്‍ക്കു ലഭിച്ചിരുന്നു. വാഹനത്തില്‍ മറ്റുചില ആളുകള്‍ കൂടിയുണ്ടായിരുന്നു. എന്തിനാണ് പണംകൊണ്ടുനടന്നതെന്ന് വിശദീകരിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല.’ എന്നാണ് പൊലീസ് ഓഫീസര്‍ പറയുന്നത്.

സംഭവത്തെ തുടര്‍ന്ന് മൂന്നു മണിക്കൂറോളം ഘോഷിനെ കസ്റ്റഡിയില്‍ എടുത്തു. പുലര്‍ച്ചെ മൂന്നു മണിയോടെയാണ് ചോദ്യം ചെയ്യലിനുശേഷം ഘോഷിനെ സ്‌റ്റേഷനില്‍ നിന്നും വിട്ടയച്ചത്.

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വേണ്ടിയാണ് ഘോഷ് പണം കൊണ്ടുനടന്നതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. തന്റെ വ്യക്തിപരമായ ചെലവുകള്‍ക്കുവേണ്ടിയാണ് പണം കൊണ്ടുനടന്നതെന്നാണ് ഘോഷ് പറയുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത്.