| Tuesday, 11th January 2022, 8:13 pm

മലപ്പുറത്ത് എക്സൈസിന്റെ വന്‍ വ്യാജ മദ്യ വേട്ട; 400 കുപ്പി അനധികൃത മദ്യവുമായി ബി.ജെ.പി സ്ഥാനാര്‍ത്ഥി പിടിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: 400 കുപ്പിയോളം അനധികൃത മദ്യവുമായി മലപ്പുറം പാണ്ടിക്കാട് രണ്ട് പേര്‍ പിടിയില്‍. പാണ്ടിക്കാട് കാഞ്ഞിരപ്പടി സ്വദേശികളായ ശരത് ലാല്‍, നിതിന്‍ എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.

പച്ചക്കറി കച്ചവടത്തിന്റെ മറവിലാണ് ഇവര്‍ അനധികൃത മദ്യ വില്‍പ്പന നടത്തിയിരുന്നത്. മാഹിയില്‍ നിന്ന് ബൊലേറോ പിക്കപ്പില്‍ കടത്തി കൊണ്ടു വന്ന 200 ലിറ്ററോളം അനധികൃത മദ്യവുമായാണ് ഇവരെ പൊലീസ് പിടിയിലായത്.

പിടിയിലായ ശരത് ലാല്‍ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ പാണ്ടിക്കാട് പഞ്ചായത്തിലെ 19ാം വാര്‍ഡിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായിരുന്നു. രഹസ്യ വിവരത്തെ തുടര്‍ന്ന് ദിവസങ്ങള്‍ നീണ്ട നിരീക്ഷണത്തിലൊടുവിലാണ് എക്സൈസ് സംഘം ഇവരെ പിടികൂടുന്നത്.

എക്‌സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്‌ക്വാഡും, എക്‌സൈസ് ഇന്റലിജന്‍സ് ബ്യുറോയും, മഞ്ചേരി റെയ്ഞ്ച് ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ പരിശോധനയില്‍ പാണ്ടിക്കാട് ഹൈസ്‌കൂള്‍ പടിയിലുള്ള പച്ചക്കറി കടയുടെ അടുത്തെത്തിയപ്പോഴാണ് പ്രതികളെ എക്സൈസ് കസ്റ്റൈഡിയിലെടുത്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ വി.പി. ജയപ്രകാശ്, പി.കെ. മുഹമ്മദ് ഷഫീഖ്, എസ്. മനോജ് കുമാര്‍, ടി. ഷിജുമോന്‍, പ്രിവെന്റീവ് ഓഫീസര്‍മാരായ വിജയന്‍, അബ്ദുല്‍ വഹാബ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ.എസ്. അരുണ്‍കുമാര്‍, വി. സുഭാഷ്, വി. സച്ചിന്‍ദാസ്, കെ. അഖില്‍ദാസ്, സി.ടി. ഷംനാസ്, ടി.കെ. ശ്രീജിത്ത്, എക്‌സൈസ് ഡ്രൈവര്‍ ഉണ്ണികൃഷ്ണന്‍ എന്നിവരാണ് എക്സൈസ് സംഘത്തിലുണ്ടായിരുന്നത്.

CONTENT HIGHLIGHTS:  Two arrested in Malappuram Pandikad with 400 bottles of illegal liquor ,

We use cookies to give you the best possible experience. Learn more