|

വോട്ടിങ് മെഷിന്‍ നിലത്തടിച്ച സംഭവം: ഒഡിഷയില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭുവന്വേശ്വര്‍: ഒഡിഷയില്‍ വോട്ടിങ് മെഷിനുകള്‍ നശിപ്പിച്ച സംഭവത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി അറസ്റ്റില്‍. ചിലിക്കയിലെ ബി.ജെ.പി എം.എല്‍.എയും ഖുര്‍ദ മണ്ഡലത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയുമായ പ്രശാന്ത് ജഗ്ദേവാണ് അറസ്റ്റിലായത്. ശനിയാഴ്ച കൗന്‍രിപട്നയിലെ 114-ാം ബൂത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

പോളിങ്ങിനിടെ വോട്ടിങ് മെഷിന്‍ തകരാറിലാവുകയും തുടര്‍ന്ന് വോട്ട് ചെയ്യാനെത്തിയ പ്രശാന്ത് മേശയില്‍ നിന്ന് ഇ.വി.എം തറയിലേക്ക് വലിച്ചെറിയുകയായിരുന്നു. ബൂത്തിലെ പ്രിസൈഡിങ് ഓഫീസറുമായി സ്ഥാനാര്‍ത്ഥി വാക്ക് തര്‍ക്കത്തിലാവുകയും ഉണ്ടായി.

പ്രിസൈഡിങ് ഓഫീസര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എം.എല്‍.എയെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് സൂപ്രണ്ട് അവിനാഷ് കുമാര്‍ പറഞ്ഞു. എം.എല്‍.എ ബൂത്തില്‍ ബഹളമുണ്ടാക്കുകയും വോട്ടെടുപ്പ് തടസപ്പെടുത്തുകയും പോളിങ് ഉദ്യോഗസ്ഥരെ അധിക്ഷേപിക്കുകയും ചെയ്തെന്നുമാണ് പരാതി.

ഭരണകക്ഷിയായ ബി.ജെ.ഡിയും ജഗ്ദേവിനെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കിയിരുന്നു.

ജനപ്രാതിനിധ്യ നിയമത്തിന് പുറമെ ഐ.പി.സിയിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ജഗ്ദേവിനെതിരെ കേസെടുത്തിരിക്കുന്നതെന്ന് എസ്.പി വ്യക്തമാക്കി. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എസ്.പി പറഞ്ഞു.

കോടതിയില്‍ ഹാജരാക്കിയ ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. നിലവില്‍ പ്രശാന്ത് ജഗ്ദേവ് ഖുര്‍ദ ജയിലിലാണ്.

അതേസമയം അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് ഒഡിഷയിലെ ഏതാനും ബി.ജെ.പി നേതാക്കള്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രിസൈഡിങ് ഓഫീസര്‍ വോട്ടര്‍മാരോട് മോശമായി പെരുമാറിയെന്നും അത് തന്നെയായാണ് പ്രശാന്തിനോടും ചെയ്തതെന്നാണ് നേതാക്കളുടെ പ്രതികരണം.

Content Highlight: BJP candidate arrested for vandalizing voting machines in Odisha