കൊല്‍ക്കത്ത: വീണ്ടും വിവാദ പ്രസ്താവനയുമായി കൊല്‍ക്കത്ത ഹൈക്കോടതി മുന്‍ ജഡ്ജിയും ബി.ജെ.പി സ്ഥാനാര്‍ത്ഥിയുമായ അഭിജിത്ത് ഗംഗോപാധ്യായ. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെയാണ് ഗംഗോപാധ്യായ വിവാദ പ്രസ്താവന നടത്തിയത്.
‘മമത ബാനര്‍ജിയുടെ മരണമണി മുഴങ്ങിക്കഴിഞ്ഞു,’ എന്നായിരുന്നു ഗംഗോപാധ്യായ പറഞ്ഞത്. സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന ഒരു വീഡിയോയിലാണ് മുന്‍ ജഡ്ജി ഈ പ്രസ്താവന നടത്തിയത്. നിലവില്‍ ബംഗാളിലെ തംലൂക് മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി കൂടിയാണ് ഗംഗോപാധ്യായ.
മമതക്കെതിരെ നടത്തിയ പ്രസ്താവനയിലൂടെ അഭിജിത്ത് ഗംഗോപാധ്യായയും ബി.ജെ.പിയും അസഹിഷ്ണുതയിലാണെന്ന് മനസിലാക്കുന്നുവെന്ന് തൃണമൂല്‍ നേതാവും മന്ത്രിയുമായ ശശി പഞ്ജ പറഞ്ഞു.
അതേസമയം ഗംഗോപാധ്യായ ഉദ്ദേശിച്ചത് ടി.എം.സിയുടെ രാഷ്ട്രീയ മരണത്തെ കുറിച്ചാണെന്ന് ബി.ജെ.പി വാദിച്ചു.
വ്യാഴാഴ്ചയാണ് ഇതുസംബന്ധിച്ച വീഡിയോ പുറത്തുവന്നത്. ഒരു മാധ്യമപ്രവര്‍ത്തകനോട് മുന്‍ ജഡ്ജി സംസാരിക്കുന്നതായാണ് വീഡിയോയില്‍ കാണുന്നത്. എന്നാല്‍ വീഡിയോയുടെ ആധികാരികത വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ സ്വതന്ത്രമായി പരിശോധിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്.
ഇതിനുപുറമെ ഒരു ബംഗാളി ചാനലിനോട് സംസാരിക്കവെ ‘ഗാന്ധി, ഗോഡ്‌സെ ഇവരില്‍ നിന്ന് ഒരാളെ തെരഞ്ഞെടുക്കാന്‍ തനിക്ക് കഴിയില്ല എന്ന് ഗംഗോപാധ്യായ പറഞ്ഞിരുന്നു. ഗോഡ്‌സെയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലെ ന്യായം പരിശോധിക്കാന്‍ താന്‍ നിര്‍ബന്ധിതനാണെന്നും മുന്‍ ജഡ്ജി പറഞ്ഞു.
ഈ പ്രസ്താവനക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. അഭിജിത്ത് ഗംഗോപാധ്യായയുടെ സ്ഥാനാര്‍ത്ഥിത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു.
മാര്‍ച്ച് അഞ്ചിന് കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി സ്ഥാനം രാജിവച്ച ഗംഗോപാധ്യായ രണ്ട് ദിവസത്തിന് ശേഷം ബി.ജെ.പിയില്‍ ചേര്‍ന്നു. തുടര്‍ന്ന് ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ടിക്കറ്റില്‍ തംലൂക് സീറ്റില്‍ നിന്ന് മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക നല്‍കുകയും ചെയ്തു.
Content Highlight: BJP candidate Abhijit Gangopadhyay made a controversial statement again