ന്യൂദൽഹി: അന്ധേരി ഉപതെരഞ്ഞെടുപ്പിൽ ഉദ്ധവ് പക്ഷത്തിനെതിരായി പ്രഖ്യാപിച്ച സ്ഥാനാർത്ഥിയെ പിൻവലിച്ച് ബി.ജെ.പി. കഴിഞ്ഞ ദിവസം വനനിർമാൺ സേന നേതാവ് രാജ് താക്കറെ ബി.ജെ.പിയോട് സ്ഥാനാർത്ഥിയെ പിൻവലിക്കണമെന്ന ആവശ്യമുന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബി.ജെ.പിയുടെ നടപടി.
എൻ.സി.പി നേതാവ് ശരത് പവാർ, എം.എൻ.എസ് അധ്യക്ഷൻ രാജ് താക്കറെ, ഷിൻഡെ വിഭാഗത്തിലെ മുതിർന്ന എം.എൽ.എ പ്രതാപ് നായിക് എന്നിവരാണ് സ്ഥാനാർത്ഥിയെ പിൻവലിക്കണമെന്ന ആവശ്യവുമായി ബി.ജെ.പിയെ സമീപിച്ചത്. ഉദ്ധവ് പക്ഷത്തിന്റെ സ്ഥാനാർത്ഥിയായ റുതുജ ലട്കെയെ വിജയിപ്പിക്കാമെന്ന നിലപാടായിരുന്നു ഇവർ സ്വീകരിച്ചത്.
അന്തരിച്ച എം.എൽ.എ രമേശ് ലഡ്കെയുടെ ഭാര്യ റുതുജ ലഡ്കെ മത്സരിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് രാജിന്റെ അപേക്ഷ. ശിവസേന ഉദ്ധവ് താക്കറെ പക്ഷം സ്ഥാനാർഥിയാണ് റുതുജ.
ബി.ജെ.പി മുർജി പട്ടേലിനെയായിരുന്നു എതിർ സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്നത്. പ്രചാരണ പരിപാടികൾ ബി.ജെ.പി ശക്തമാക്കുന്നതിനിടെയാണ് രാജിന്റെ ഇടപെടൽ.
മികച്ച ജനസേവകനായിരുന്ന രമേശ് ലഡ്കെയുടെ ആത്മശാന്തിക്കായി അദ്ദേഹത്തിന്റെ ഭാര്യ റുതുജയെ എം.എൽ.എ ആക്കണമെന്ന് രാജ് പറഞ്ഞു. പാർട്ടി നേതാക്കളുമായും മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ ശിവസേന പക്ഷവുമായും വിഷയം ചർച്ചചെയ്യുമെന്ന് ദേവേന്ദ്ര ഫഡ്നാവിസ് പ്രതികരിച്ചു. ഉദ്ധവ്-ഷിൻഡെ പക്ഷങ്ങളുടെ ശക്തി പരീക്ഷണമായാണ് ഉപതെരഞ്ഞെടുപ്പിനെ വിലയിരുത്തിയിരുന്നത്.
Content Highlight: BJP cancelled the nomination for andheri bypoll