കോഴിക്കോട്: 2019 ലെ തെരഞ്ഞെടുപ്പ് വിജയം 2024ല്‍ ആവര്‍ത്താന്‍ ബി.ജെ.പിക്ക് സാധിക്കില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ലോക്‌സഭയില്‍ 50 സീറ്റുകള്‍ വരെ ബി.ജെ.പിക്ക് നഷ്ടപ്പെട്ടേക്കാമെന്നും ശശി തരൂര്‍ പറഞ്ഞു.
നിലവില്‍ ബി.ജെ.പി. ആധിപത്യം ഉറപ്പിക്കുന്നുണ്ടെങ്കിലും അവര്‍ക്ക് പല സംസ്ഥാനങ്ങളും ഇതിനിടെ നഷ്ടപ്പെട്ടുവെന്നും തരൂര്‍ പറഞ്ഞു.
‘ബി.ജെ.പി ആധിപത്യം ഉറപ്പിക്കുമ്പോഴും അവര്‍ക്ക് പല സംസ്ഥാനങ്ങളിലും മേല്‍ക്കോയ്മ നഷ്ടപ്പെട്ടുവെന്നത് ഒരു വസ്തുതയാണ്. സാഹചര്യം ഇങ്ങനെ ആണെങ്കിലും മറ്റു പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ബി.ജെ.പിയെ താഴെയിറക്കാന്‍ കഴിയുമോ എന്നതിന് ഇപ്പോള്‍ ഉത്തരം പറയുക അസാധ്യമാണ്,’ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ സംസാരിക്കവെ ശശി തരൂര്‍ പറഞ്ഞു.
2019 ല്‍ ഹരിയാന, ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് ബി.ജെ.പി.ക്ക് ലഭിച്ച സമ്പൂര്‍ണ്ണ പിന്തുണ നിലവില്‍ അവര്‍ക്ക് നേടിയെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ‘പുല്‍വാമ, ബാലാക്കോട്ട് സംഭവങ്ങളൊക്കെ അവസാന നിമിഷത്തിലെ വോട്ട് തരംഗത്തിന് കാരണമായിരുന്നെന്നും എന്നാല്‍ 2024 ല്‍ അത് ആവര്‍ത്തിക്കാന്‍ പോകുന്നില്ലെന്നും തരൂര്‍ പറഞ്ഞു.
‘ഇനിയിപ്പോള്‍ ബി.ജെ.പിക്ക് 250ഉം മറ്റു കക്ഷികള്‍ക്ക് 290 ഉം സീറ്റ് ലഭിച്ചെന്ന് തന്നെയിരിക്കട്ടെ, ഈ 290 പേരെ കൊണ്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുമോ അതോ ബി.ജെ.പി 290 പേരില്‍ നിന്ന് 20 പേരെ എടുത്ത് മറ്റ് പാര്‍ട്ടികളില്‍ നിന്ന് പത്ത് പേരെയും ചേര്‍ത്ത് ഭരണം പിടിക്കുമോ എന്നൊന്നും പറയാനാകില്ല’, അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസില്‍ കുടുംബ വാഴ്ചയാണെന്നാണ് ഉയരുന്ന വിമര്‍ശനം. എന്നാല്‍ മറ്റ് രാഷ്ട്രീയപാര്‍ട്ടികള്‍ക്കിടയില്‍ ഇതേ പ്രവണത തന്നെയല്ലേ ഉള്ളത്. മുലായം സിങ് യാദവ്, അദ്ദേഹത്തിന്റെ മകന്‍, ലാലു പ്രസാദ് യാദവ്, അദ്ദേഹത്തിന്റെ മകന്‍. കരുണാനിധിയുടെ മകന്‍,
ബാല്‍ താക്കറെയുടെ പിന്‍ഗാമിയായി അദ്ദേഹത്തിന്റെ മകന്‍, ശരത് പവാറിന്റെ പിന്‍ഗാമിയായി അദ്ദേഹത്തിന്റെ മകളും മരുമകനും. എന്നിട്ടും
കോണ്‍ഗ്രസിനെതിരെ മാത്രം വിമര്‍ശനങ്ങള്‍ ഉയരുന്നു, തരൂര്‍ പറഞ്ഞു.
അതേസമയം നിയമസഭാ സ്ഥാനാര്‍ത്ഥിത്വം, മുഖ്യമന്ത്രി പദം എന്നിവ സംബന്ധിച്ച് തരൂരിന്റെ സ്വന്തം നിലയിലെ പ്രഖ്യാപനങ്ങള്‍ക്കെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന കെ.പി.സി.സി നേതൃയോഗങ്ങളില്‍ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു.
ചിലര്‍ തയ്ച്ചു വെച്ച കോട്ട് ഊരിവെക്കണമെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ വിമര്‍ശനം. പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ടു പോകേണ്ട സമയമാണിത്. നാലുവര്‍ഷം കഴിഞ്ഞ് ഇന്ത്യയിലും കേരളത്തിലും ആരൊക്കെ എന്തൊക്കെ ആകുമെന്ന് ആര്‍ക്കുമറിയില്ല. അതിനാല്‍ തന്നെ ഞാന്‍ ഇന്നത് ആകുമെന്ന് ആരും ഇപ്പോള്‍ പറയണ്ട. കോട്ട് തയ്പ്പിച്ചു വെച്ചവര്‍ അത് ഊരിവെച്ച് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വിജയിപ്പിക്കാന്‍ മുന്നിട്ടിറങ്ങണം, എന്നായിരുന്നു ചെന്നിത്തല പറഞ്ഞത്.
പ്രധാനമന്ത്രി, മുഖ്യമന്ത്രി പദങ്ങള്‍ ആര്‍ക്കും ആഗ്രഹിക്കാമെങ്കിലും അത് പറഞ്ഞു നടക്കേണ്ട കാര്യമില്ലെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍ അഭിപ്രായപ്പെട്ടിരുന്നു. മാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന നേതാക്കള്‍ക്ക് ജന ഹൃദയങ്ങളില്‍ സ്ഥാനമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.