ന്യൂദല്‍ഹി: ഗാന്ധി കുടുംബം ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ കുടുംബമാണെന്ന ആരോപണവുമായി ബി.ജെ.പി. റോബര്‍ട്ട് വദ്രക്കെതിരായ അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണങ്ങളില്‍ രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും മൗനം വെടിയണമെന്ന് ബി.ജെ.പി വക്താവ് ഗൗരവ് ഭാട്ടിയ ആവശ്യപ്പെട്ടു.
തനിക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണം റദ്ദാക്കണമെന്ന റോബര്‍ട്ട് വദ്രയുടെ അപേക്ഷ രാജസ്ഥാന്‍ ഹൈക്കോടതി തള്ളിയതിനെ പരാമര്‍ശിച്ചായിരുന്നു ബി.ജെ.പിയുടെ ഈ വിമര്‍ശനം.
‘ഹരിയാനയിലും രാജസ്ഥാനിലും കേന്ദ്രത്തിലും തങ്ങളുടെ പാര്‍ട്ടി അധികാരത്തിലിരിക്കുമ്പോള്‍ രാഹുലിന്റെ സഹോദരിയും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയെ വിവാഹം കഴിച്ച റോബര്‍ട്ട് വദ്രക്കെതിരായ അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണങ്ങളില്‍ രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും മൗനം വെടിയണം,’ ഗൗരവ് ഭാട്ടിയ ആവശ്യപ്പെട്ടു.
‘ഇതൊരു കട്ടര്‍ പാപി പരിവാര്‍ (അങ്ങേയറ്റം അഴിമതിനിറഞ്ഞ കുടുംബം) ആണ്. അഴിമതി നടത്തുകയും വദ്രക്ക് കൈമാറാന്‍ ഭൂമി തട്ടിയെടുക്കുകയും ചെയ്യുക മാത്രമാണ് അവരുടെ ജോലിയെന്നും ഭാട്ടിയ ആരോപിച്ചു.
‘ഗാന്ധി കുടുംബത്തിലെ മൂന്ന് അംഗങ്ങള്‍ അഴിമതിക്കേസുകളില്‍ ജാമ്യത്തിലാണ്. അഴിമതിയോട് ഒട്ടും സഹിഷ്ണുത കാണിക്കാത്ത ഒരു സര്‍ക്കാരിന് ഇത് ഗുരുതരമായ ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നും നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയാ ഗാന്ധിക്കും രാഹുലിനും എതിരായ അഴിമതി അന്വേഷണത്തെ പരാമര്‍ശിച്ചുകൊണ്ട് ഭാട്ടിയ പറഞ്ഞു.
ഭാരത് ജോഡോ യാത്രയില്‍ നൂറുകണക്കിന് കിലോമീറ്ററുകള്‍ കാല്‍നടയായി സഞ്ചരിച്ച രാഹുല്‍ ഗാന്ധിയെ ശ്രീരാമനോട് ഉപമിച്ച കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദിന്റെ പരാമര്‍ശത്തെയും ഭാട്ടിയ വിമര്‍ശിച്ചു.
ജാമ്യത്തിലിറങ്ങിയ ഒരാളെ ദൈവവുമായി താരതമ്യം ചെയ്യുന്നത് ഹിന്ദുക്കളുടെ മാത്രമല്ല സമൂഹത്തിന്റെയാകെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, റോബര്‍ട്ട് വദ്രക്കും അമ്മ മൗറീന്‍ വദ്രക്കും ബന്ധമുള്ള കമ്പനിയായ സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി രാജസ്ഥാനിലെ ബിക്കാനീറില്‍ ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം റദ്ദാക്കണമെന്ന ഹരജി രാജസ്ഥാന്‍ ഹൈക്കോടതി കഴിഞ്ഞയാഴ്ച തള്ളിയിരുന്നു.
മഹേഷ് നഗര്‍ എന്ന ഇടനിലക്കാരനെ ഉപയോഗിച്ച് സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റിയെന്ന സ്ഥാപനം വഴി 2012ല്‍ ബിക്കാനീര്‍ ജില്ലയില്‍ 275 ബിഗാസ് സര്‍ക്കാര്‍ ഭൂമി റോബര്‍ട്ട് വാദ്രയും അമ്മയും ചേര്‍ന്ന് അനധികൃതമായി വാങ്ങിയെന്നും പിന്നീട് ഭൂമി വന്‍ ലാഭത്തിന് സ്റ്റീല്‍ പ്ലാന്റിനായി വിറ്റു എന്നുമാണ് ആരോപണം. കേസുമായി ബന്ധപ്പെട്ട് 2019ല്‍ ഇരുവരെയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.
Content Highlight: BJP calls Gandhi Family as ‘Kattar Papi Parivar’