| Wednesday, 16th December 2020, 3:38 pm

കാവി ക്യാംപില്‍ ആളെച്ചേര്‍ക്കാന്‍ ഭീഷണിയും പണച്ചാക്കും; ബി.ജെ.പി രാഷ്ട്രീയ മര്യാദയില്ലാത്ത പാര്‍ട്ടി; മമത ബാനര്‍ജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്- ബി.ജെ.പി പോര് മുറുകുന്നു. ബി.ജെ.പിക്കെതിരെ ഗുരുതര ആരോപണങ്ങളുമായാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്തെത്തിയിരിക്കുന്നത്.

ബി.ജെ.പി തൃണമൂല്‍ നേതാക്കളെ ഭീഷണിപ്പെടുത്തി പാര്‍ട്ടിയിലേക്ക് മാറാന്‍ നിര്‍ബന്ധിക്കുകയാണ് മമത ആരോപിച്ചു. പണം ഉപയോഗിച്ച് നേതാക്കളെ ബി.ജെ.പി ചാക്കിട്ട് പിടിച്ച് കാവി ക്യാംപില്‍ ചേര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും മമത ആരോപിച്ചു.

” ബി.ജെ.പി നേതാക്കളുടെ ധൈര്യം ഒന്ന് ആലോചിക്കണം, അവര്‍ എന്റെ സംസ്ഥാന പ്രസിഡന്റ് സുബ്രതാ ബക്ഷിയെ വിളിച്ച് പാര്‍ട്ടിയില്‍ ചേരാന്‍ ആവശ്യപ്പെടുന്നു. രാഷ്ട്രീയ മര്യാദയോ പ്രത്യയശാസ്ത്രമോ ബി.ജെ.പിക്ക് ഇല്ല. ഒന്നോ രണ്ടോ അവസരവാദികള്‍ അവരുടെ നേട്ടത്തിനായി മാത്രം പ്രവര്‍ത്തിക്കുന്നു. നേതാക്കളെ നിര്‍ബന്ധിക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നു. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ ബി.ജെ.പി പണച്ചാക്ക് ഉപയോഗിക്കുന്നു. പക്ഷേ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ അവരോട് പൊരുതുകയും പരാജയപ്പെടുത്തുകയും ചെയ്യും,” മമത പറഞ്ഞു.

നേരത്തെ എ.ഐ.എം.ഐ.എം അധ്യക്ഷന്‍ ഉവൈസിയേയും ബി.ജെ.പിയേയും വിമര്‍ശിച്ച് മമത ബാനര്‍ജി രംഗത്തെത്തുവന്നിരുന്നു. ഉവൈസിയും ബി.ജെ.പിയും തമ്മില്‍ രഹസ്യധാരണയുണ്ടെന്ന തരത്തില്‍ മമത പ്രസ്താവന നടത്തിയിരുന്നു.

മുസ്ലിം വോട്ടുകള്‍ വിഭജിക്കാന്‍ ഹൈദരാബാദില്‍ നിന്ന് ഒരു പാര്‍ട്ടിയെ കൊണ്ടുവരാന്‍ ബിജെ.പി കോടിക്കണക്കിന് രൂപ ചെലവഴിക്കുകയാണെന്നായിരുന്നു മമതയുടെ ആരോപണം. ഇതിന് പിന്നാലെയാണ് ഉവൈസി രംഗത്തെത്തിയിരിക്കുന്നത്.

‘ ഉവൈസിയെ വിലയ്ക്ക് വാങ്ങാന്‍ കെല്‍പ്പുള്ള ഒരുത്തനും ഇതുവരെ ജനിച്ചിട്ടില്ല. അവരുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. അവര്‍ അസ്വസ്ഥയാണ്. അവരുടെ പാര്‍ട്ടിയില്‍ നിന്നാണ് നേതാക്കള്‍ ബി.ജെ.പിയിലേക്ക് പോകുന്നത്,” അദ്ദേഹം പറഞ്ഞു.

മുസ്ലിം വോട്ടുകള്‍ വിഭജിക്കാന്‍ ഹൈദരാബാദില്‍ നിന്ന് ഒരു പാര്‍ട്ടിയെ കൊണ്ടുവരാന്‍ ബി.ജെ.പി കോടിക്കണക്കിന് രൂപ ചെലവഴിക്കുന്നെന്നും ഹിന്ദു വോട്ടുകള്‍ അകത്താക്കാമെന്ന് ബി.ജെ.പിയും മുസ്ലിം വോട്ടുകള്‍ അകത്താക്കമെന്ന് ഹൈദരാബാദില്‍ നിന്നുള്ള പാര്‍ട്ടിയും പദ്ധതിയിടുന്നുമെന്നാണ് മമത പറഞ്ഞത്.

ബീഹാര്‍ തെരഞ്ഞെടുപ്പിലും അവര്‍ ഇതുതന്നെയാണ് ചെയ്തതെന്നും മമത ആരോപിച്ചു. ബി.ജെപിയുടെ ബി ടീമാണ് അസദുദ്ദിന്‍ ഉവൈസിയുടെ പാര്‍ട്ടിയെന്നും പേരെടുത്തുപറയാതെ മമത ആരോപിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: BJP calling up TMC leaders, trying to coerce them to join saffron camp: Mamata

We use cookies to give you the best possible experience. Learn more