പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്കായി ആര്‍.എസ്.എസ് നിയോഗിക്കുന്നവര്‍ക്ക് ജനകീയ പ്രശ്‌നങ്ങളെക്കുറിച്ച് ധാരണയില്ല; ആര്‍.എസ്.എസിനെതിരെ ബി.ജെ.പി.
Kerala News
പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്കായി ആര്‍.എസ്.എസ് നിയോഗിക്കുന്നവര്‍ക്ക് ജനകീയ പ്രശ്‌നങ്ങളെക്കുറിച്ച് ധാരണയില്ല; ആര്‍.എസ്.എസിനെതിരെ ബി.ജെ.പി.
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 21st June 2021, 10:13 am

തിരുവനന്തപുരം: കേരളത്തിലെ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ പരസ്പരം പഴിചാരി ആര്‍.എസ്.എസും ബി.ജെ.പിയും. തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ ബി.ജെ.പി. സംസ്ഥാന നേതൃത്വത്തിന് വീഴ്ച സംഭവിച്ചെന്ന് കഴിഞ്ഞ ദിവസം ആര്‍.എസ്.എസ്. തുറന്നടിച്ചിരുന്നു.

ഇതിന് പിന്നാലെ ആര്‍.എസ്.എസിനെതിരെ ബി.ജെ.പിയും രംഗത്തെത്തി. പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്കായി ആര്‍.എസ്.എസില്‍ നിന്ന് നിയോഗിക്കപ്പെടുന്നവര്‍ക്ക് ജനകീയ പ്രശ്‌നങ്ങളെക്കുറിച്ച് ധാരണയില്ലെന്ന് ബി.ജെ.പി. നേതൃത്വം ആരോപിച്ചു.

പഞ്ചായത്ത് തലത്തില്‍ പോലും ഇത്തരം നേതാക്കളെ നിയോഗിക്കുന്നത് പാര്‍ട്ടിയുടെ വളര്‍ച്ചയെ ബാധിക്കുന്നതായി ബി.ജെ.പി. പറയുന്നു. കൊച്ചിയില്‍ ചേര്‍ന്ന ആര്‍.എസ്.എസ്- ബി.ജെ.പി. നേതൃയോഗത്തിലാണ് പരസ്പര വിമര്‍ശനം ഉടലെടുത്തത്.

ബി.ജെ.പി. നേതാക്കള്‍ ഗ്രൂപ്പിസത്തിന്റെ പിടിയിലാണെന്നാണ് ആര്‍.എസ്.എസ്. വിലയിരുത്തല്‍.

തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന് സംസ്ഥാന നേതൃത്വവും ഉത്തരവാദികളാണ്. കേന്ദ്രസര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ കൃത്യമായി ജനങ്ങളില്‍ എത്തിക്കാനോ ശക്തമായ പ്രചാരണം നടത്താനോ ബി.ജെ.പിക്ക് കഴിഞ്ഞില്ലെന്നും ആര്‍.എസ്.എസ്. യോഗത്തില്‍ ചൂണ്ടിക്കാട്ടി.

സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ടുണ്ടായ അനാവശ്യ തര്‍ക്കങ്ങളും വീഴ്ചകളും തെരഞ്ഞെടുപ്പില്‍ കോട്ടമുണ്ടാക്കിയെന്നും പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ക്ക് അടിസ്ഥാന കാരണം നേതാക്കളുടെ വിഭാഗീയതയാണെന്നും ആര്‍.എസ്.എസ്. പറഞ്ഞു.

പാര്‍ട്ടിയില്‍ ഓരോ നേതാക്കളുടെയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തണമെന്നും പാര്‍ട്ടിയുടെ സാമ്പത്തിക കാര്യങ്ങളില്‍ അടക്കം പരിശോധന നടത്തണമെന്നും യോഗത്തില്‍ തീരുമാനമായി. ഇതിനായി ബി.ജെ.പിയില്‍ ആര്‍.എസ്.എസ്. കൂടുതലായി ഇടപെടുകയും സംഘടനാ ഓഡിറ്റിംഗ് ഏര്‍പ്പെടുത്തുകയും ചെയ്യും.

ബി.ജെ.പി. സംസ്ഥാന അധ്യക്ഷന് നേരെ ഉണ്ടായ ആരോപണങ്ങളും യോഗത്തില്‍ വിമര്‍ശന വിഷയമായി. കൊടകര കുഴല്‍പ്പണ കവര്‍ച്ചാക്കേസും യോഗത്തില്‍ ചര്‍ച്ച ചെയ്തു.

കേന്ദ്രമന്ത്രി വി.മുരളീധരന്‍, ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍, സംഘടന സെക്രട്ടറി എം. ഗണേഷ് അടക്കമുള്ള മുതിര്‍ന്ന നേതാക്കളും ആര്‍.എസ്.എസ്. ചുമതലയുള്ള അധികാരികളും യോഗത്തില്‍ പങ്കെടുത്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: BJP Blames RSS Kerala Election 2021