ചിരാഗിന്റെ നീക്കത്തില്‍ പ്രശാന്ത് കിഷോറിനെ പഴിച്ച് ബി.ജെ.പി; ബീഹാര്‍ രാഷ്ട്രീയത്തില്‍ തനിക്കെന്ത് കാര്യമെന്ന് കിഷോര്‍
Bihar Election
ചിരാഗിന്റെ നീക്കത്തില്‍ പ്രശാന്ത് കിഷോറിനെ പഴിച്ച് ബി.ജെ.പി; ബീഹാര്‍ രാഷ്ട്രീയത്തില്‍ തനിക്കെന്ത് കാര്യമെന്ന് കിഷോര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 12th October 2020, 5:31 pm

പട്‌ന: എന്‍.ഡി.എ സഖ്യത്തില്‍ നിന്നും ചിരാഗ് പാസ്വാന്റെ പുറത്തുപോകലിന് പിന്നില്‍ പ്രവര്‍ത്തിച്ചത് തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറാണെന്ന് ബി.ജെ.പി.

ബീഹാര്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സഖ്യത്തിന് ‘തലവേദന’യുണ്ടാക്കി ചിരാഗ് പാസ്വാന്‍ പുറത്തുപോകാന്‍ കാരണം പ്രശാന്ത് കിഷോറാണെന്ന് ബി.ജെ.പിക്കകത്ത് ചര്‍ച്ചകള്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

പ്രശാന്ത് കിഷോര്‍ ബീഹാറിലില്ലെങ്കിലും ചിരാഗ് പാസ്വാന് ബുദ്ധി ഉപദേശിച്ചു കൊടുക്കുന്നത് കിഷോറാണെന്നാണ് ചര്‍ച്ചകള്‍. കിഷോറിന്റെ പിന്തുണയുടെ ബലത്തിലാണ് ചിരാഗ് പാസ്വാന്റെ നീക്കങ്ങളെന്നുമാണ് ബി.ജെ.പിക്കകത്തെ സംസാരം.

എന്നാല്‍, ഈ വാദങ്ങളൊക്കെ നിഷേധിച്ച് പ്രശാന്ത് കിഷോര്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്.

‘ഒന്നാമതായി, നിലവിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബീഹാറിലെ രാഷ്ട്രീയവുമായി എനിക്ക് യാതൊരു ബന്ധവുമില്ല. രണ്ടാമതായി, ചിരാഗുമായുള്ള എന്റെ അവസാന കൂടിക്കാഴ്ച നിതീഷ് കുമാറിന്റെ വീട്ടില്‍, അദ്ദേഹത്തിന്റെ സാന്നിധ്യത്തിലായിരുന്നു. ” പ്രശാന്ത് കഷോര്‍ പറഞ്ഞു.

ചിരാഗ് പാസ്വാന്‍ സഖ്യം വിട്ടതിന്റെ പഴി തന്റെ തലയില്‍ കെട്ടിവെച്ച് നിതീഷ് കുമാറിനെ തെറ്റിദ്ധരിപ്പിക്കാനാണ് ബി.ജെ.പിയുടെ തന്ത്രമെന്നും അദ്ദേഹം പറഞ്ഞു.

ചിരാഗ് പാസ്വാനെതിരെ ബി.ജെ.പി പരസ്യമായി ഒരുതരത്തിലുള്ള വിമര്‍ശനവും നടത്തിയിട്ടില്ല. അതേസമയം, തനിക്ക് ബി.ജെ.പിയുമായി പ്രശനങ്ങളൊന്നുമില്ലെന്ന് ചിരാഗ് പാസ്വാനും പറഞ്ഞിട്ടുള്ളതാണ്.

ഈ ഒരു സാഹചര്യത്തിലാണ് ചിരാഗ് പാസ്വാന്‍ പുറത്തുപോയതിന് പിന്നില്‍ പ്രശാന്ത് കിഷോറാണെന്ന തരത്തില്‍ ബി.ജെ.പി ആരോപണം ഉന്നയിച്ചിരിക്കുന്നത്.

മുന്‍പ് നരേന്ദ്രമോദിയുടെയും നിതീഷ് കുമാറിന്റെയും വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിന്റെ നീക്കങ്ങളായിരുന്നു.

നിതീഷ് കുമാറിന്റെ നിലപാടുകളോടുള്ള എതിര്‍പ്പിനവസാനമാണ് പ്രശാന്ത് കിഷോര്‍ ജെ.ഡി.യു വിട്ട് പുറത്തുപോയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Content Highlights: BJP blames Prashant Kishor For Its Chirag Paswan Headache In Bihar