കൊല്‍ക്കത്ത: ബംഗാള്‍ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ പേരില്‍ ബി.ജെ.പി. നേതാക്കള്‍ക്കിടയില്‍ അസ്വാരസ്യം.
പ്രാദേശിക ഘടങ്ങളുടെ പിടിപ്പുകേടാണ് പരാജയത്തിന് കാരണമായതെന്നാണ് ബംഗാളിന്റെ ചുമതല വഹിച്ചിരുന്ന ബി.ജെ.പി. ദേശീയ സെക്രട്ടറി അരവിന്ദ് മേനോന്റെ ആരോപണം.
ബി.ജെ.പി. പ്രാദേശിക നേതൃത്വം കേന്ദ്ര നേതൃത്വത്തിനെതിരെ തിരിഞ്ഞ സാഹചര്യം വന്നപ്പോഴാണ് അരവിന്ദ് മോനോന്റെ പ്രതികരണം.
കേന്ദ്ര നേതൃത്വം സ്വീകരിച്ച തെറ്റായ തന്ത്രങ്ങളാണ് പരാജയത്തിന് കാരണമെന്നാണ് പ്രദേശിക നേതൃത്വം ആരോപിക്കുന്നത്.
എന്നാല്‍, പ്രദേശിക നേതൃത്വം കേന്ദ്ര നേതൃത്വവുമായി കൃത്യമായ വിവരങ്ങള്‍ പങ്കുവെയ്ക്കാത്തതാണ് പരാജയത്തിന് കാരണമെന്നാണ് അരവിന്ദ് മേനോന്‍ ബി.ജെ.പി. യോഗത്തില്‍ ആരോപിച്ചത്.
ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ആരും തയ്യാറാവാത്തതും പാര്‍ട്ടിയെ പരാജയത്തില്‍ എത്തിച്ചെന്ന് അദ്ദേഹം പറഞ്ഞു.
എന്നാല്‍, 2026 ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. ബംഗാളില്‍ വിജയിക്കുമെന്നാണ് ബി.ജെ.പി ദേശീയാധ്യക്ഷന്‍ ജെ.പി. നദ്ദ പറഞ്ഞത്. ചെറിയൊരു സമയം കൊണ്ട് ബംഗാളില്‍ 77 സീറ്റ് പാര്‍ട്ടിക്ക് നേടാന്‍ പറ്റിയെന്നും അതുകൊണ്ട് തീര്‍ച്ചയായും അടുത്ത തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷയെന്നുമാണ് നദ്ദ പറയുന്നത്.
ബംഗാള്‍ തെരഞ്ഞെടുപ്പിന് വേണ്ടി ബി.ജെ.പി. വന്‍ മുന്നൊരുക്കങ്ങളാണ് സംസ്ഥാനത്ത് നടത്തിയത്. 100 സീറ്റുകള്‍ നേടുമെന്ന് പറഞ്ഞിരുന്നെങ്കിലും രണ്ടക്കം കടക്കാന്‍ മാത്രമേ ബി.ജെ.പിക്ക് സാധിച്ചിരുന്നില്ല. എന്നാല്‍ മുന്‍ തെരഞ്ഞെടുപ്പിനെക്കാള്‍ മികച്ചതായിരുന്നു ഇത്തവണ ബി.ജെ.പിക്ക്.