ന്യൂദല്‍ഹി: തമിഴ്‌നാട്ടിലെ എ.ഐ.എ.ഡി.എം.കെ സര്‍ക്കാരിലെ പ്രതിസന്ധിക്ക് പിന്നില്‍ ചില ബി.ജെ.പി നേതാക്കളാണെന്ന് എം.പി സുബ്രഹ്മണ്യന്‍ സ്വാമി. അവര്‍ക്ക് അങ്ങനെ ചെയ്യുന്നതിന് അവരുടെ താത്പര്യങ്ങളും കാരണങ്ങളുമുണ്ടെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.
മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച പനീര്‍ശെല്‍വത്തിന് രാജിപിന്‍വലിക്കാന്‍ ഭരണഘടനാപ്രകാരം കഴിയില്ലെന്നും എം.എല്‍.എമാര്‍ അദ്ദേഹത്തെ വീണ്ടും തെരഞ്ഞെടുത്താല്‍ മാത്രമേ ഇതു സാധിക്കുകയുള്ളൂവെന്നും സ്വാമി പറഞ്ഞു.
ശശികലയെ ഗവര്‍ണര്‍ ഉടന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യിപ്പിക്കണമെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. ന്യൂസ് 18ചാനലിനോടാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ പ്രതികരണം.
തമിഴ്‌നാട്ടില്‍ ഇതുപോലുള്ള ഒരു രാഷ്ട്രീയ പ്രതിസന്ധിയുണ്ടാകുമ്പോള്‍ ഗവര്‍ണര്‍ മഹാരാഷ്ട്രയില്‍ ഇരിക്കരുതെന്നും നാളെ ചെന്നൈയിലെത്തിയില്ലെങ്കില്‍ ഗവര്‍ണറെ പുറത്താക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്തെഴുതിയതായും സ്വാമി പറഞ്ഞു.
അധികാരം പിടിക്കുന്നതിനായി എ.ഐ.എ.ഡി.എം.കെയില്‍ തര്‍ക്കം ഉടലെടുത്തിരിക്കുന്ന സാഹചര്യത്തിലാണ് ബി.ജെ.പി നേതാക്കള്‍ പ്രശ്‌നത്തില്‍ ഇടപെടുന്നതായി സുബ്രഹ്മണ്യന്‍ സ്വാമി വെളിപ്പെടുത്തിയിരിക്കുന്നത്.
കലക്കവെള്ളത്തില്‍ ബി.ജെ.പി മീന്‍പിടിക്കാന്‍ ശ്രമിക്കുന്നതായി കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ഇത് ശരിവെക്കുന്നതാണ് സ്വാമിയുടെ പ്രസ്താവന.